ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വർധിപ്പിക്കും
Mail This Article
കാലാവസ്ഥാ വ്യതിയാനം ഒരു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമായി നമ്മുടെ കൺമുന്നിൽ വന്നു നിൽക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പ്രളയം, വരൾച്ച, കാട്ടുതീ, കൃഷിനാശം എന്നിങ്ങനെ കാലാവസ്ഥാ മാറ്റം വരുത്തി വയ്ക്കുന്ന പല പ്രശ്നങ്ങളെയും കുറിച്ച് നമുക്ക് ബോധ്യമുണ്ട്. എന്നാൽ ഇവിടം കൊണ്ടും തീരുന്നില്ല കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളി. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വർധിപ്പിക്കാൻ ഭൂമിയുടെ ഉയരുന്ന താപനില കാരണമാകുമെന്ന് കാനഡയിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
2021 ജൂണിൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഉണ്ടായ ഉഷ്ണകാറ്റിനെ തുടർന്നുണ്ടായ കടുത്ത ചൂടിൽ മരണമടഞ്ഞവരിൽ എട്ട് ശതമാനം ചിത്തഭ്രമം ബാധിക്കപ്പെട്ടവരായിരുന്നു എന്ന് ബ്രിട്ടിഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഉയരുന്ന താപനില ആത്മഹത്യ പ്രവണതകൾ വർധിപ്പിക്കുന്നതായി ചില മുൻ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
ചൂടും തണുപ്പുമെല്ലാം തിരിച്ചറിഞ്ഞു ശരീര താപനിലയെ ക്രമീകരിക്കാൻ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹൈപോതലാമസ്. ചൂട് തോന്നുമ്പോൾ വെള്ളം കുടിക്കാനും തണുപ്പ് തോന്നുമ്പോൾ കോട്ട് ധരിക്കാനുമെല്ലാം തലച്ചോറിനു സന്ദേശം നൽകുന്നത് ഹൈപോതലാമസാണ്. മാനസിക രോഗമുള്ളവരില്‍ ഹൈപോതലാമസിലേക്കുള്ള നാഡീവ്യൂഹസന്ദേശങ്ങൾ കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകാമെന്നു ഡോക്ടർമാർ പറയുന്നു. ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുന്ന തലച്ചോറിലെ കെമിക്കലുകളായ സെറോടോണിനും ഡോപ്പമിനും മാനസികാരോഗ്യമുള്ളവരിൽ കുറവാണ്. ഇവയെല്ലാം വിയർക്കാനും ശരീരോഷ്മാവ് കുറയ്ക്കുന്നതിനുമുള്ള സാധ്യത മാനസികാരോഗ്യപ്രശ്നമുള്ളവരിൽ ഇല്ലാതാക്കുമെന്നു ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സ്കിസോഫ്രീനിയ, ബൈപോളാർ ഡിസോഡർ, പാരനോയിയ, മതിഭ്രമം, ഉത്കണ്ഠ തുടങ്ങിയവയ്ക്കായി കഴിക്കുന്ന മരുന്നുകളും രോഗിയുടെ ശരീരതാപനില ഉയർത്തുകയും നിർജലീകരണം ഉണ്ടാക്കുകയും ചെയ്യാം. ചൂടുള്ള താപനില ഉറക്കത്തെ ബാധിക്കുന്നതും മാനസികരോഗമുള്ളവരിൽ സങ്കീർണതകൾ ഉണ്ടാക്കാമെന്നു ഗവേഷകർ കൂട്ടിച്ചേർത്തു.
ഉയർന്ന താപനില വരുമ്പോൾ മാനസികാരോഗ്യ പ്രശ്നമുള്ളവരുടെ കാര്യത്തിൽ പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നു റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എസി ഉപയോഗിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതും ചൂടുള്ള സമയത്തു പുറത്തിറങ്ങാതെ ഇരിക്കുന്നതും സഹായകമാണ്. സൺസ്ക്രീൻ, തൊപ്പികൾ, അയഞ്ഞതും മങ്ങിയ നിറമുള്ളതുമായ വസ്ത്രങ്ങൾ, തണുത്ത വെള്ളത്തിലെ കുളി എന്നിവയും ചൂടിന്റെ കാഠിന്യം കുറച്ച് മാനസികരോഗികളുടെ മരണ സാധ്യത ലഘൂകരിക്കുമെന്നും ഗവേഷകർ അടിവരയിടുന്നു.
ഒരാൾ ഡിപ്രഷനിലാണോ ആത്മഹത്യയുടെ വക്കിലാണോ എന്ന് എങ്ങനെ തിരിച്ചറിയാം: വിഡിയോ