ഡെങ്കിപ്പനി നിസ്സാരക്കരാനല്ല, ഗർഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും വേണം കൂടുതൽ ശ്രദ്ധ
Mail This Article
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, 28 വയസ്സുള്ള എന്റെ ഭാര്യ നാലു മാസം ഗർഭിണിയാണ്. ഞങ്ങൾ ബെംഗളൂരുവിലാണ് താമസിക്കുന്നത്. ഭാര്യയ്ക്ക് ഇക്കഴിഞ്ഞ ജനുവരിയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കു ശേഷം പൂർണമായും അസുഖം മാറിയെങ്കിലും ഗർഭിണിയായതിനുശേഷം അവൾക്കു വല്ലാത്ത ആശങ്കയാണ്. ഡെങ്കിപ്പനിയുടെ അനന്തരഫലങ്ങൾ കുഞ്ഞിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന ചിന്തയാണ് എപ്പോഴും? എങ്ങനെയാണ് ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നെ ഒന്നു സഹായിക്കാമോ?
ഉത്തരം : കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം എന്നിവ െഡങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ലിംഗഭേദമന്യേ ഏത് പ്രായത്തിലുള്ളവരെയും ഇതു ബാധിക്കാം. ഇതിന്റെ തീവ്രതയും പലതരത്തിലാണ്. അപൂർവമായി ചിലരിൽ ഡെങ്കി ഷോക്ക് സിൻഡ്രോം എന്ന ഗുരുതരാവസ്ഥ കണ്ടുവരാറുണ്ട്. ഗർഭകാലത്ത് ഡെങ്കിപ്പനി വരുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഗർഭകാലത്ത് ശാരീരികമായി പല വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതെല്ലാം അസുഖത്തെ ബാധിക്കാനും ഡെങ്കി ഷോക്ക് സിൻഡ്രോം ആയി മാറാനും സാധ്യതയുള്ളതിനാൽ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. ഈ അസുഖം കുഞ്ഞിനെ ബാധിക്കുമോ എന്നാണ് പലരുടെയും സംശയം. എന്നാൽ, അമ്മയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് കുഞ്ഞിന് ജനിതക വൈകല്യങ്ങളോ മറ്റോ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകളില്ല. ഗർഭകാലത്താണ് പനി വരുന്നതെങ്കിൽ കുഞ്ഞിന്റെ വളർച്ച കുറയാനും കുട്ടി കിടക്കുന്ന വെള്ളം കുറയാനും കുഞ്ഞു മരിച്ചുപോകാനുമുള്ള സാധ്യതയുണ്ട്. പ്രസവത്തോടടുത്താണ് പനി വരുന്നതെങ്കിൽ കുഞ്ഞിലേക്ക് അണുബാധ പകരാൻ സാധ്യത കൂടുതലാണ്.
ഗർഭകാലത്ത് പനി വരികയാണെങ്കിൽ ആശുപത്രിയിൽ പോയി കൃത്യമായി ചികിത്സ തേടുക. ഡെങ്കിപ്പനി പല അവയവങ്ങളെയും ബാധിക്കും എന്നതാണ് മറ്റൊരു സങ്കീർണത. അതിനാൽ, വിശദമായ പരിശോധന നടത്തി മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്നതു നല്ലതാണ്. താങ്കളുടെ ഭാര്യയ്ക്ക് ഗർഭിണിയാകുന്നതിനു മുൻപു തന്നെ ഡെങ്കിപ്പനി വന്നു ഭേദമായിട്ടുണ്ട്. ഇപ്പോൾ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ല, രക്തപരിശോധനകളിലും മറ്റ് സങ്കീർണതകളൊന്നും ഇല്ല എന്നാണെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.