ഓർമക്കുറവ്, അസ്വസ്ഥത, കുടവയർ; പുരുഷന്മാര്ക്കുമുണ്ട് ആർത്തവവിരാമം, ലക്ഷണങ്ങൾ അറിയാം
![man-tension-imtmphoto-istockphoto
Representative image. Photo Credit: imtmphoto/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/health/well-being/images/2023/11/23/man-tension-imtmphoto-istockphoto.jpg?w=1120&h=583)
Mail This Article
പ്രായമാകുമ്പോൾ പുരുഷന്മാരിൽ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ ഉണ്ടാകും. പുരുഷൻമാരിലെ ആർത്തവ വിരാമം എന്ന് (Andropause) ഈ ഘട്ടത്തെ വിളിക്കാം. സ്ത്രീകളിൽ അൻപതു വയസിനോട് അടുപ്പിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയും. ഇത് ശാരീകമായ മാറ്റങ്ങൾക്കും ആർത്തവ വിരമത്തിലേക്കും നയിക്കുകയും ചെയ്യും. പുരുഷൻമാരിൽ കുറച്ചുകൂടി സാവധാനത്തിലാണ് മാറ്റങ്ങൾ ഉണ്ടാവുന്നത്. പുരുഷന്മാരിൽ മുപ്പതു വയസ്സ് ആകുമ്പോൾ തന്നെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയാൻ തുടങ്ങും. എന്നാൽ ഇത് വർഷത്തിൽ 1 ശതമാനം എന്ന തോതിൽ വളരെ സാവധാനമേ കുറയൂ. അതുകൊണ്ടുതന്നെ ദശാബ്ദങ്ങളോളം ഈ കുറവ് പുരുഷന്മാരുടെ ശ്രദ്ധയിൽപ്പെടുകയുമില്ല. സ്ത്രീകൾ ആർത്തവവിരാമത്തിൽ അനുഭവിക്കുന്നതുപോലെ പെട്ടെന്ന് ടെസ്റ്റോസ്റ്റീറോൺ കുറയുകയല്ല പുരുഷന്മാരിൽ സംഭവിക്കുന്നത് അതുകൊണ്ടുതന്നെ മിക്കപുരുഷന്മാരും മെയ്ൽമെനോപോസ് എന്ന പദത്തെ അംഗീകരിക്കുന്നുമില്ല.
എന്താണ് കാരണം ?
ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് പ്രായമാകൽ പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ പുരുഷന്മാരിലെ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾക്കു മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. ജീവിത ശൈലീപരവും മാനസികവുമായ പല ഘടകങ്ങളും ഇതിൽ പ്രധാന പങ്കുവഹിക്കുന്നതായി യുകെ നാഷണൽ ഹെൽത്ത് സർവ്വീസ് (NHS) വ്യക്തമാക്കുന്നു.
∙സ്ട്രെസ് – സ്ട്രെസ് കൂടുന്നത് മൂഡ്സ്വിങ്ങ്സ്, അസ്വസ്ഥത, ലൈംഗിക താൽപ്പര്യമില്ലായ്മ എന്നിവയിലേക്കു നയിക്കാം.
∙വിഷാദം – ലൈംഗിക താൽപ്പര്യക്കുറവും മൂഡ് സ്വിങ്ങ്സും എല്ലാം വിഷാദത്തിന്റെ സൂചനയാകാം.
∙ഉത്കണ്ഠ – ഉത്കണ്ഠ ലൈംഗികശേഷിക്കുറവിലേക്കു നയിക്കാം.
∙വ്യക്തിപരമായ പ്രശ്നങ്ങൾ – ജോലി, ബന്ധങ്ങൾ, സാമ്പത്തികം, ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രായമാകുന്നതിനെക്കുറിച്ചുള്ള ചിന്ത മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കാം.
![midlife-crisis-man-depression-urbazon-istockphoto Representative image. Photo Credit: urbazon/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
പുകവലി, ഹൃദയപ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, തെറ്റായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, അമിതമദ്യപാനം തുടങ്ങിയ ഘടകങ്ങളും ലക്ഷണങ്ങളെ അധികരിപ്പിക്കും. വൃഷണങ്ങൾ ഹോർമോണുകളെ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥ (bypogonadism)യും അപൂർവമായി ഉണ്ടാകാം. ഇത് മെയ്ൽമെനോപ്പോസിനു കാരണമാകാം. ടൈപ്പ് 2 പ്രമേഹമോ പൊണ്ണത്തടിയോ ഉള്ളവരിലും വളരെ അപൂർവ്വമായി ഈ അവസ്ഥ വരാം.
സാധാരണ ലക്ഷണങ്ങൾ
പുരുഷന്മാരിൽ പ്രായം നാൽപതുകളുടെ അവസാനം മുതൽ അൻപതുകളുടെ ആദ്യം വരെ ആകുമ്പോൾ മെയ്ൽ മെനോപോസുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങൾ പ്രകടമാകും അവയിൽ ചിലത് ഇവയാണ്.
∙മൂഡ്സ്വിങ്ങ്സും അസ്വസ്ഥതയും
∙മസിൽ മാസ് നഷ്ടപ്പെടുക, വ്യായാമം ചെയ്യാൻ കഴിയാതെ വരുക.
∙കൊഴുപ്പുകളുടെ വിതരണത്തിൽ മാറ്റം (കുടവയർ ഉണ്ടാവുക)
∙ഊർജ്ജവും ഉൽസാഹവും നഷ്ടപ്പെടുക
∙ ഉറങ്ങാൻ പ്രയാസം, ക്ഷീണം കൂടുക.
∙ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുക.
∙ഓർമ്മക്കുറവ്
ഈ ലക്ഷണങ്ങളെല്ലാം പുരുഷന്റെ ദൈനംദിന ജീവിതത്തെയും സന്തോഷങ്ങളെയും ബാധിക്കാം. അതുകൊണ്ട് ലക്ഷണങ്ങളെ മനസിലാക്കി കാരണങ്ങൾ അറിഞ്ഞു വേണ്ട മാറ്റങ്ങൾ വരുത്താം.
![belly-fat-man-stomach-ahmet-yarali-istockphoto Representative image. Photo Credit: AHMET YARALI/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ചികിത്സ
പുരുഷ ആർത്തവ വിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ പ്രൊഫഷണൽ സഹായം തേടാവുന്നതാണ്. മദ്യപാനം, തൈറോയ്ഡ് പ്രശ്നങ്ങൾ, വിഷാദം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണോ ഈ ലക്ഷണങ്ങൾ എന്നു മനസിലാക്കാൻ സാധിക്കും. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പരിശോധിച്ച് കുറവാണെങ്കിൽ ടെസ്റ്റോസ്റ്റീറോൺ റീപ്ലേസ്മെന്റ് തെറാപ്പി (TRT) നിർദേശിക്കും. ഇത് ലക്ഷണങ്ങളെ കുറയ്ക്കും. ഇൻജക്ഷനിലൂടെയും ജെൽ രൂപത്തിലും ഇത് ശരീരത്തിലെത്തിക്കും.