ADVERTISEMENT

സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

2153300333
ആരോഗ്യ മന്ത്രി വീണാ ജോർജ്. ചിത്രം∙മനോരമ

എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും പോകുമ്പോഴും അവിടെ നിന്നും ആളുകള്‍ കേരളത്തിലേയ്ക്ക് കുടിയേറുമ്പോഴും സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാത്തതും എച്ച്.ഐ.വി വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് ലോക എയ്ഡ്സ് ദിനമായി ആചരിക്കപ്പെടുന്നത്. 'സമൂഹങ്ങള്‍ നയിക്കട്ടെ' (Let Communities Lead) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എച്ച്.ഐ.വി ബാധിതര്‍ക്കും, രോഗബാധ സാദ്ധ്യത കൂടുതലുളളവര്‍ക്കും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സമൂഹത്തിന് സൂപ്രധാന പങ്കാണ് നിര്‍വഹിക്കാനുളളത്. ഈ വര്‍ഷത്തെ എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം പാലക്കാട് ജില്ലയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസ പദ്ധതി, കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍, എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യ പാപ്സ്മിയര്‍ പരിശോധന, ഭൂമിയുള്ളവര്‍ക്ക് ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ലഭ്യമാക്കല്‍ തുടങ്ങിയ പദ്ധതികളാണ് എച്ച്.ഐ.വി അണുബാധിതര്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍.

English Summary:

New Campaign Onnayi Poojyathileykk started by Kerala to Prevent AIDS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com