ADVERTISEMENT

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഓരോ തസ്തിക വീതവും 2 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു.

ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് കാരണമാണ്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. ആര്‍ദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും സംസ്ഥാനം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ ജറിയാട്രിക്‌സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നത്. ഭാവിയില്‍ എം.ഡി. ജറിയാട്രിക്‌സ് കോഴ്‌സ് ആരംഭിക്കുന്നതിനും ഈ മേഖലയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതല്‍ ആശുപത്രികളില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

walking-stick-old-age-couple-senior-citizens-ridofranz-istock-photo-com
Representative image. Photo Credit: ridofranz/istockphoto.co

നിലവില്‍ മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് രോഗികളെ മെഡിസിന്‍ വിഭാഗമാണ് ചികിത്സിക്കുന്നത്. പ്രത്യേകമായി ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതോടെ വയോജനങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ തന്നെ ചികിത്സ ലഭ്യമാകും. പ്രായമായ ആളുകളുടെ ആരോഗ്യത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള ശാസ്ത്രമാണ് ജറിയാട്രിക്‌സ്. പ്രായമാകുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും അവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. ഇതോടൊപ്പം വയോജനങ്ങള്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ഉറപ്പാക്കും. പ്രായമായ ആളുകള്‍ക്ക് ആരോഗ്യകരവും സുഖകരവുമായ ജീവിതം നയിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള സംരക്ഷണവും ചികിത്സയുമാണ് ഈ വിഭാഗം നല്‍കുന്നത്.

വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നത് കൂടാതെ പ്രത്യേക പരിചരണവും ആവശ്യമാണ്. അല്‍സ്ഹൈമേഴ്‌സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അവസ്ഥകളില്‍ പ്രത്യേക പരിചരണം ആവശ്യമാണ്. വയോജനങ്ങള്‍ക്ക് പരുക്കില്‍ നിന്നോ രോഗത്തില്‍ നിന്നോ കരകയറാന്‍ സഹായിക്കുന്ന ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും ഇതിന്റെ ഭാഗമാണ്. മാത്രമല്ല വീടുകളില്‍ തന്നെ ആരോഗ്യ സേവനം ഉറപ്പാക്കുന്ന സാന്ത്വന പരിചരണവും ഉള്‍പ്പെടും. അസുഖങ്ങളില്‍ നിന്നും ശാരീരികമായും മാനസികമായും കരകയറുവാനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ജറിയാട്രിക് വിഭാഗം പ്രധാന പങ്ക് വഹിക്കുന്നു.

Representative Image. Photo Credit : Triloks / iStockPhoto.com
Representative Image. Photo Credit : Triloks / iStockPhoto.com

മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് ജറിയാട്രിക്‌സ് ചികിത്സ ലഭ്യമാകുന്നത്. നിലവില്‍ തീവ്രപരിചരണം സാധ്യമായ 2 വാര്‍ഡുകള്‍, ഒപി വിഭാഗം, ഫിസിയോതെറാപ്പി, ക്ലാസ് റൂം എന്നിവയുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നാണ് ജറിയാട്രിക്‌സ് വിഭാഗത്തിന് അന്തിമ രൂപം നല്‍കിയത്. ജറിയാട്രിക്‌സ് വിഭാഗം യാഥാര്‍ത്ഥ്യമാകുന്നതോടെ വയോജന ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com