ADVERTISEMENT

നമ്മുടെ രാജ്യത്തെ 31 മുതല്‍ 50 വയസ്സ്‌ വരെയുള്ളവരില്‍ 47.91 ശതമാനത്തിനും ശരിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. മൂക്കിലെയും തൊണ്ടയിലെയും പ്രശ്‌നങ്ങള്‍ മൂലം വരുന്ന കൂര്‍ക്കം വലി, ഉറക്കത്തില്‍ ശ്വാസം കിട്ടാതെ വരുന്ന സ്ലീപ്‌ അപ്‌നിയ തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ പലപ്പോഴും ഉറക്കത്തെ ബാധിക്കുന്നത്‌. 

സ്ലീപ്‌ അപ്‌നിയ പരിഹരിക്കാനായി ഇന്ന്‌ കൂടുതല്‍ പേരും ആശ്രയിക്കുന്നത്‌ സിപാപ്‌ (കണ്‍ടിന്യൂവസ്‌ പോസിറ്റീവ്‌ എയര്‍വേ പ്രഷര്‍)മെഷീനുകള്‍ പോലുള്ള മാര്‍ഗ്ഗങ്ങളെയാണ്‌. തുടര്‍ച്ചയായ വായു പ്രവാഹത്തിലൂടെ ഉറക്കത്തില്‍ ശ്വാസം നിലയ്‌ക്കുന്നില്ലെന്ന്‌ ഉറപ്പാക്കുന്ന യന്ത്രമാണ്‌ സിപാപ്‌ മെഷീന്‍. എന്നാല്‍ ഇത്തരം ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജീവിതകാലം മുഴുവന്‍ സിപാപ്‌ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാല്‍ നല്ലത്‌ സ്ലീപ്‌ സര്‍ജറികളാണെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. 

Representative Image. Photo Credit : Paolo Cordoni / iStock Photo.com
Representative Image. Photo Credit : Paolo Cordoni / iStock Photo.com

സ്ലീപ്‌ അപ്‌നിയ ഉറക്കത്തെ മാത്രമല്ല ബാധിക്കുന്നതെന്ന്‌ സ്ലീപ്‌ മെഡിസിന്‍ ഫിസിഷ്യനായ ഡോ. എസ്‌. രാമനാഥന്‍ അയ്യര്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഉറക്കത്തിന്റെ നിലവാരത്തിലും ദൈര്‍ഘ്യത്തിലുമുണ്ടാകുന്ന കുറവ്‌ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗസാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു. ഓര്‍മ്മക്കുറവ്‌, ജാഗ്രതക്കുറവ്‌, വിഷാദരോഗം, ഉത്‌കണ്‌ഠ, മൂഡ്‌ മാറ്റങ്ങള്‍, കുറഞ്ഞ പ്രതിരോധശേഷി, അമിതവണ്ണം, മധുരത്തോടുള്ള ആസക്തി, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍ എന്നിവയുമായും ഉറക്കമില്ലായ്‌മ ബന്ധപ്പെട്ടിരിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 

ഉറക്കം ശരിക്കു ലഭിക്കാത്തവര്‍ തങ്ങളുടെ കഴിവിന്റെ 80 ശതമാനമോ അതില്‍ കുറവോ മാത്രമാണ്‌ ജോലിയിലും പഠനത്തിലുമെല്ലാം നല്‍കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂര്‍ക്കംവലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ലീപ്‌ സര്‍ജറി ചെയ്‌ത രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമായ കേസുകളും ഡോ. രാമനാഥന്‍ പങ്കുവയ്‌ക്കുന്നു. 

എന്നാല്‍ ഉറക്കപ്രശ്‌നങ്ങള്‍ക്ക്‌ സ്ലീപ്‌ സര്‍ജറി ചെയ്യാന്‍ തയ്യാറാകുന്നവരുടെ എണ്ണം വളരെ കുറവാണ്‌. 100 ദശലക്ഷത്തിലധികം പേര്‍ സ്ലീപ്‌ അപ്‌നിയ അനുഭവിക്കുന്നുണ്ടെങ്കിലും അവരില്‍ ഒരു ശതമാനത്തിന്‌ താഴെയുള്ളവര്‍ മാത്രമേ ശസ്‌ത്രക്രിയ ചെയ്യുന്നുള്ളൂ എന്ന്‌ സ്ലീപ്‌ സര്‍ജനായ ഡോ. വികാസ്‌ അഗര്‍വാള്‍ പറയുന്നു. പല രോഗികളും സ്ലീപ്‌ അപ്‌നിയ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന്‌ സമ്മതിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ലീപ്‌ സര്‍ജറി വ്യാപകമാകുന്നതിന്‌ ഇതിനെ കുറിച്ചുള്ള ബോധവത്‌ക്കരണം ആവശ്യമാണെന്നും ഡോ. അഗര്‍വാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

Sleep Surgery can be done to solve health related health issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com