ADVERTISEMENT

മറ്റ് മേഖലകളിലെ പോലെ തന്നെ പുതു പ്രതീക്ഷകളുമായിട്ടാണ് 2024നെ ആരോഗ്യ രംഗവും വരവേല്‍ക്കുന്നത്. പുതു വര്‍ഷത്തിനു കരുത്തേകുന്ന പല കണ്ടെത്തലുകളും കഴിഞ്ഞ വര്‍ഷം സമ്മാനിച്ചിരുന്നു. അതില്‍ പ്രധാനമായ ചിലത് പരിശോധിക്കാം. 

1. പ്രമേഹ മരുന്നുകള്‍ ഹൃദയത്തിനും കരുത്തേകും
പ്രമേഹത്തിനുള്ള മരുന്നുകളില്‍ ചിലത് രക്തത്തിലെ പഞ്ചസാര മാത്രമല്ല ഹൃദയാഘാത സാധ്യതയും കുറയ്ക്കുമെന്ന കണ്ടെത്തല്‍ പോയ വര്‍ഷം ലോകത്തിന് ആശ്വാസം പകര്‍ന്നു. ശരിയായ അളവില്‍  ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ പാന്‍ക്രിയാസിനെ സഹായിക്കുന്ന സെമഗ്ലൂടൈഡ് കുത്തിവയ്പ്പ് ഹൃദ്രോഗ മരണങ്ങളും ഹൃദയാഘാത, പക്ഷാഘാത സാധ്യതയും കുറയ്ക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പ്രമേഹം ഇല്ലാത്തവരിലും ഈ മരുന്ന് പ്രയോജനപ്രദമാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. ടിര്‍സെപറ്റൈഡ് എന്ന മറ്റൊരു പ്രമേഹ മരുന്നും അമിതവണ്ണം കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും പ്രയോജനപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

Representative image. Photo Credit: Soumen Hazra/istockphoto.com
Representative image. Photo Credit: Soumen Hazra/istockphoto.com

2. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുത്തിവയ്പ്പുകള്‍
നിലവില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി ദിവസവും മരുന്നുകള്‍ കഴിക്കുന്നവരാണ് രോഗികളില്‍ പലരും. എന്നാല്‍ ആറ് മാസത്തില്‍ ഒരിക്കലെടുക്കുന്ന ഒരു കുത്തിവയ്പ്പിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. ഇത്തരത്തില്‍ ഒരു മരുന്നായ സിലബെസിറാന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ 2023ലെ ശാസ്ത്രീയ സെഷനുകളില്‍  അവതരിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഇവ അത്ര കുറഞ്ഞ വിലയില്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നതാണ് മറുവശം. 

3. ഹൃദ്രോഗവും വൃക്കരോഗവും ചയാപചയ പ്രശ്‌നവുമായി ബന്ധം
ഹൃദ്രോഗവും വൃക്കരോഗവും ചയാപചയ പ്രശ്‌നങ്ങളും ബന്ധപ്പെടുത്തി കാര്‍ഡിയോവാസ്‌കുലര്‍-കിഡ്‌നി-മെറ്റബോളിക് സിന്‍ഡ്രോം എന്ന പുതിയ സിന്‍ഡ്രോമിനും ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം രൂപം നല്‍കി. ഹൃദ്രോഗവും വൃക്കരോഗവും പ്രമേഹവുമെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. വൃക്കരോഗത്തിനും പ്രമേഹത്തിനുമുള്ള പരിശോധനകള്‍ ഹൃദ്രോഗം ഫലപ്രദമായി നിയന്ത്രിക്കാനുള്ള സംരക്ഷണ തെറാപ്പികള്‍ ആരംഭിക്കാന്‍ സഹായിക്കുമെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ ചൂണ്ടിക്കാട്ടി. 


Representative Image. Photo Credit : Peterschreiber.media / iStockPhoto.com
Representative Image. Photo Credit : Peterschreiber.media / iStockPhoto.com

4. പക്ഷാഘാത ചികിത്സയില്‍ വഴിത്തിരിവ്
പക്ഷാഘാതമുണ്ടായി 24 മണിക്കൂറിനകം എന്‍ഡോവാസ്‌കുലര്‍ ത്രോംബെക്ടമി ചെയ്യുന്നത് സാധാരണ ചികിത്സയിലും മികച്ച ഫലം ചെയ്യുമെന്നും കഴിഞ്ഞ വര്‍ഷം ഗവേഷകര്‍ കണ്ടെത്തി. തലച്ചോറിലെ രക്തധമനിയില്‍ നിന്ന് പക്ഷാഘാതത്തിന് കാരണമാകുന്ന രക്ത ക്ലോട്ടിനെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് എന്‍ഡോവാസ്‌കുലര്‍ ത്രോംബെക്ടമി. ഈ ശസ്ത്രക്രിയ ചെയ്ത പക്ഷാഘാത രോഗികള്‍ക്ക് ഇത് മൂലമുള്ള അംഗപരിമിതികളുടെ തോത് കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. 

2024ല്‍ തരംഗമാകാന്‍ പോകുന്നത് ജീന്‍ എഡിറ്റിങ്
പുതു വര്‍ഷത്തില്‍ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ജീന്‍ എഡിറ്റിങ് വഴി വയ്ക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. മനുഷ്യന്റെ ജനിതകശ്രേണിയില്‍ മാറ്റങ്ങള്‍ വരുത്തുക വഴി പല രോഗങ്ങളെയും തടയുന്ന സാങ്കേതിക വിദ്യയാണ് ജീന്‍ എഡിറ്റിങ്. പാരമ്പര്യമായി പകരുന്ന പല രോഗങ്ങളെയും തടയാന്‍ ഇതിലൂടെ കഴിയുമെന്ന് കരുതപ്പെടുന്നു.

Representative Image. Photo Credit : Shutter2u/ iStockPhoto.com
Representative Image. Photo Credit : Shutter2u/ iStockPhoto.com

 ന്യൂസിലാന്‍ഡില്‍ നടന്ന ഒരു ഗവേഷണത്തില്‍ ജീന്‍ എഡിറ്റിങ്ങിലൂടെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജീന്‍ എഡിറ്റിങ്ങിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ബാക്കിയാകുന്നു. മൂലകോശങ്ങളും ഓര്‍ഗനോയ്ഡുകളും നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങും കംപ്യൂട്ടര്‍ മോഡലുകളും മറ്റും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും മരുന്നുകളുമൊക്കെ 2024ലും തുടരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കിഡ്നി രോഗത്തിനു പിന്നിലെ കാരണങ്ങള്‍: വിഡിയോ

English Summary:

Health advancement in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com