10 വർഷം കൊണ്ട് ഫംഗല്‍ അണുബാധകള്‍ മൂലമുള്ള മരണത്തിന്റെ നിരക്ക് ഇരട്ടിയായി
Mail This Article
ഫംഗല്‍ അണുബാധകള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു ദശകത്തില്‍ ലോകത്ത് ഇരട്ടിച്ചതായി പഠനം. മാസഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മാഞ്ചസ്റ്റര്‍ ഫംഗല്‍ ഇന്‍ഫെക്‌ഷന്‍ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഫംഗല്‍ അണുബാധ മൂലം ആഗോള തലത്തില്‍ പ്രതിവര്‍ഷം മരണപ്പെടുന്നവരുടെ എണ്ണം പത്ത് വര്‍ഷത്തിനിടെ 20 ലക്ഷത്തില്‍ നിന്ന് 38 ലക്ഷമായി വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തി.
ലോകത്തിലെ ആകെ മരണങ്ങളുടെ 6.8 ശതമാനമാണ് ഫംഗല്‍ അണുബാധ മൂലം സംഭവിക്കുന്നത്. ഹൃദ്രോഗം മൂലം 16 ശതമാനം മരണങ്ങളും പക്ഷാഘാതം മൂലം 11 ശതമാനം മരണങ്ങളും ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി രോഗം മൂലം ആറ് ശതമാനം മരണങ്ങളും സംഭവിക്കുന്നു. ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
ഫംഗല്‍ രോഗനിര്‍ണ്ണയം കഴിഞ്ഞ 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പരിശോധനകളുടെ ലഭ്യത പലയിടങ്ങളിലും പരിമിതമാണെന്ന് ഗവേഷകര്‍ പറയുന്നു. ഫംഗല്‍ അണുബാധകള്‍ മൂലമുള്ള മരണം നടക്കുന്നതിന്റെ പ്രധാന കാരണം വൈകിയുള്ള രോഗനിര്‍ണ്ണയമാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക് പ്രതിരോധം പോലെ വളരുന്ന ആന്റിഫംഗല്‍ പ്രതിരോധവും വെല്ലുവിളിയാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
വിളകള്‍ക്ക് അടിക്കുന്ന കുമിള്‍നാശിനി അസോളുകള്‍ എന്നറിയപ്പെടുന്ന ആന്റിഫംഗല്‍ മരുന്നുകളോടുള്ള പ്രതിരോധം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. കാന്‍ഡിഡ അണുബാധയ്ക്ക് കാരണമാകുന്ന പൂപ്പലുകള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെ വളരുന്നവയാണ്. ഏതെങ്കിലും രോഗം വന്ന് പ്രതിരോധശേഷി കുറയുമ്പോള്‍ ഇവ നമ്മുടെ വയറില്‍ നിന്ന് രക്തപ്രവാഹത്തിലേക്ക് എത്തി സെപ്‌സിസിന് കാരണമാകുന്നു. പ്രമേഹം, വൃക്ക നാശം എന്നിവയുമായും കാന്‍ഡിഡ അണുബാധ ബന്ധപ്പെട്ടിരിക്കുന്നു. പ്രതിവര്‍ഷം 15 ലക്ഷം പേര്‍ക്കെങ്കിലും കാന്‍ഡിഡ അണുബാധയുണ്ടാകുകയും 10 ലക്ഷം പേരെങ്കിലും ഇത് മൂലം മരണപ്പെടുകയും ചെയ്യുന്നുണ്ട്.
എയ്ഡ്സ് മൂലം നടക്കുന്ന ആറ് ലക്ഷം മരണങ്ങളില്‍ പാതിയും ഫംഗല്‍ അണുബാധ മൂലമാണ് ഉണ്ടാകുന്നതെന്നും കണക്കാക്കപ്പെടുന്നു. കോവിഡ് അണുബാധയുടെ സമയത്ത് ഇന്ത്യയിലടക്കം ബ്ലാക്ക് ഫംഗസും ഭീതി പരത്തിയിരുന്നു. പൂപ്പലുകള്‍ നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റും ഉണ്ടെന്നും ശരീരം ദുര്‍ബലമാകുമ്പോഴാണ് പലപ്പോഴും ഇവ അപകടകാരികളായി മാറുന്നതെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
വൈറ്റമിൻ ഡി കുറഞ്ഞാൽ എന്ത് സംഭവിക്കും: വിഡിയോ