ADVERTISEMENT

എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത്‌ കോളജ്‌ വിദ്യാര്‍ഥികളില്‍ ഉറക്കമില്ലായ്‌മയ്‌ക്കും ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകാമെന്ന്‌ നോര്‍വേയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവയുടെ ഉപയോഗം എത്രയധികം കൂടുന്നുവോ അത്രയും കുറച്ചു മണിക്കൂറുകള്‍ മാത്രമാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഉറങ്ങാന്‍ സാധിക്കുകയെന്നു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം മാസത്തില്‍ 1-3 തവണ വരെ കുടിക്കുന്നത്‌ പോലും ഉറക്കം തടസ്സപ്പെടാന്‍ കാരണമാകാമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 

എനര്‍ജി ഡ്രിങ്കുകളില്‍ ലീറ്ററിന്‌ 150 മില്ലിഗ്രാം കഫൈനിനു പുറമേ പഞ്ചസാര, വൈറ്റമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവ ചേര്‍ന്നിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിക്കുന്നു. ശാരീരികമായും മാനസികമായും ഉണര്‍വ്‌ നല്‍കുമെന്നു കരുതപ്പെടുന്ന ഇത്തരം ഡ്രിങ്കുകള്‍ക്ക്‌ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ വലിയ പ്രചാരമാണുള്ളത്‌. 

desperate-girl-suffering-insomnia-trying-to-sleep-in-a-bed-at-home-in-the-night-antonioguillem-istockphoto-com
Representative image. Photo Credit:Antonio Guillem/Shutterstock.com

നോര്‍വേയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള 53,266 പേരിലാണ്‌ പഠനം നടത്തിയത്‌. വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ രേഖപ്പെടുത്തി. ഇവരുടെ എനര്‍ജി ഡ്രിങ്ക്‌ ഉപയോഗം നിത്യവും, ആഴചയില്‍ ഒരിക്കല്‍, ആഴ്‌ചയില്‍ രണ്ട്‌ മൂന്നോ തവണ, ആഴ്‌ചയില്‍ നാലോ ആറോ തവണ, മാസത്തില്‍ ഒന്ന്‌ മുതല്‍ മൂന്ന്‌ തവണ വരെ, ഒരിക്കലുമില്ല എന്നിങ്ങനെ വിവിധ ഓപ്‌ഷനുകള്‍ നല്‍കി മനസ്സിലാക്കി. ഉറക്കത്തിന്റെ ദൈര്‍ഘ്യത്തെയും രീതികളെ കുറിച്ചും ഇവരോട്‌ ചോദിച്ചറിഞ്ഞു. 

ഉറങ്ങാനും തുടര്‍ച്ചയായി ഉറക്കത്തില്‍ തുടരാനുമുള്ള ബുദ്ധിമുട്ട്‌, ആഴ്‌ചയില്‍ കുറഞ്ഞത്‌ മൂന്ന്‌ ദിവസമെങ്കിലും ഉറക്കം ഉണരല്‍, പകല്‍ സമയത്തെ ഉറക്കംതൂങ്ങല്‍, കുറഞ്ഞത്‌ മൂന്ന്‌ മാസത്തേക്ക്‌ ആഴ്‌ചയില്‍ മൂന്ന്‌ ദിവസമെങ്കിലും ക്ഷീണം എന്നീ മാനദണ്ഡങ്ങളാണ്‌ ഉറക്കമില്ലായ്‌മയെ നിര്‍വചിക്കാനായി ഉപയോഗിച്ചത്‌. 

ഒരിക്കലും എനര്‍ജി ഡ്രിങ്ക്‌ കുടിച്ചിട്ടില്ലെന്ന്‌ 50 ശതമാനം സ്‌ത്രീകളും 40 ശതമാനം പുരുഷന്മാരും സര്‍വേയില്‍ അഭിപ്രായപ്പെട്ടു. ആഴ്‌ചയില്‍ നാലോ ആറോ തവണ എനര്‍ജി ഡ്രിങ്ക്‌ കുടിച്ചവര്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ എട്ട്‌ ശതമാനം പുരുഷന്മാരും 5.5 ശതമാനം സ്‌ത്രീകളുമാണ്‌. ദിവസവും എനര്‍ജി ഡ്രിങ്ക്‌ ഉപയോഗിക്കുന്നത്‌ അഞ്ച്‌ ശതമാനം പുരുഷന്മാരും മൂന്ന്‌ ശതമാനം സ്‌ത്രീകളുമാണെന്നും സര്‍വേ പറയുന്നു. 

Representative Image. Photo Credit : SB Arts Media / iStockPhoto.com
Representative Image. Photo Credit : SB Arts Media / iStockPhoto.com

ദിവസവും എനര്‍ജി ഡ്രിങ്ക്‌ കുടിച്ച സ്‌ത്രീകളും  പുരുഷന്മാരും  വല്ലപ്പോഴും ഇത്‌ കുടിക്കുന്നവരെയോ ഒരിക്കലും കുടിക്കാത്തവരെയോ അപേക്ഷിച്ച്‌ അര മണിക്കൂറെങ്കിലും കുറച്ച്‌ ഉറക്കം ലഭിക്കുന്നവരാണെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. ഉറക്കത്തിൽനിന്ന് ഞെട്ടി ഉണരുന്ന കാര്യത്തിലും ഉറങ്ങാന്‍ ദീര്‍ഘനേരം എടുക്കുന്ന കാര്യത്തിലും ഇതേ ട്രെന്‍ഡ്‌ ദൃശ്യമായി. 

എനർജി ഡ്രിങ്ക്‌ നിത്യവും ഉപയോഗിച്ച സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ ഇത്‌ വല്ലപ്പോഴും ഉപയോഗിക്കുന്നവരെയോ ഒരിക്കലും ഉപയോഗിക്കാത്തവരെയോ അപേക്ഷിച്ച്‌ ഉറക്കമില്ലായ്‌മയ്‌ക്ക്‌ സാധ്യത അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി. എനര്‍ജി ഡ്രിങ്ക്‌ ഉപയോഗിച്ച സ്‌ത്രീകളില്‍ 51 ശതമാനം പേര്‍ക്കും ഉറക്കമില്ലായ്‌മ രേഖപ്പെടുത്തിയപ്പോള്‍ അല്ലാത്തവര്‍ക്ക്‌ ഇത്‌ 33 ശതമാനമായിരുന്നു. പുരുഷന്മാരുടെ കാര്യത്തില്‍ ഇത്‌ യഥാക്രമം 37 ശതമാനവും 22 ശതമാനവുമാണ്‌. നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇതിന്റെ വിശദമായ കാര്യകാരണങ്ങളിലേക്ക്‌ ഗവേഷണം കടക്കുന്നില്ല.ബിഎംജെ ഓപ്പണ്‍ ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌. 

കൂർക്കംവലി അകറ്റാൻ 2 മാർഗങ്ങൾ: വിഡിയോ

English Summary:

Study says, Energy drinks are associated with insomnia in College students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com