എഐ ടൂളുകൾ കൊള്ളാം, പക്ഷേ വന്‍ തോതിലെ ഊര്‍ജ്ജാവശ്യവും ഡേറ്റ സ്റ്റോറേജ് വെല്ലുവിളികളും പണിയാകുമോ ?

Mail This Article
പൂര്‍ണ്ണമായും സ്മാര്‍ട്ടായി മാറിയ ജീവിതത്തില്‍ നമുക്ക് വേണ്ടി എന്ത് കമാന്‍ഡും നടപ്പാക്കുന്ന അലക്സ മുതല്‍ ചോദിക്കുന്നതിനെല്ലാം നല്ല മണി മണിയായി മറുപടി പറയുന്ന ചാറ്റ് ജിപിടി വരെ എന്തിനുമേതിനും നിര്‍മ്മിത ബുദ്ധി തന്നെ വേണം നമുക്ക് ഇന്ന്. ബാങ്കിങ്, സെയില്‍സ്, ആരോഗ്യരംഗം എന്നിങ്ങനെ നിര്‍മ്മിത ബുദ്ധി കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം.
രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ച ഡേറ്റയും ഇമേജുകളും വിലയിരുത്തി രോഗനിര്‍ണ്ണയം വരെ നടത്തുന്ന നിര്‍മ്മിത ബുദ്ധി സങ്കേതകങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ഗുണങ്ങള്‍ക്കിടയിലും പലരും കാണാതെ പോകുന്ന എഐയുടെ ഒരു ദൂഷ്യ വശം കൂടിയുണ്ട്. മനുഷ്യന് ഇന്ന് നേരിടുന്ന കാലാവസ്ഥ വ്യതിയാനം എന്ന വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ നിര്‍മ്മിത ബുദ്ധി കാരണമാകാമെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
എഐ വിലയിരുത്തുന്ന മെഡിക്കല്‍ ഇമേജിങ് സങ്കേതങ്ങള്‍ തന്നെ ഒട്ടനവധി ഹരിതഗൃഹ വാതകങ്ങളെ പുറന്തള്ളുന്നതാണെന്ന് ടൊറണ്ടോ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ കേറ്റ് ഹനേമാന് പുറത്തിറക്കിയ ഒരു ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഓരോ മേഖലയ്ക്കും അനുയോജ്യമായ എഐ മോഡലുകളുടെ വികസനവും വിന്യാസവും വലിയ തോതില്‍ ഊര്‍ജ്ജം ആവശ്യമുള്ള പ്രക്രിയയാണ്. മെഡിക്കല്‍ ഇമേജിങ്ങും നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഡേറ്റ സ്റ്റോറേജ് ആവശ്യകതകളും ക്രമാതീതമായി ഉയര്‍ന്ന് വരികയാണെന്നും പ്രഫസര്‍ കേറ്റ് ചൂണ്ടിക്കാട്ടി.

ഐഎ മോഡലുകള്‍ക്ക് പരിശീലനം നല്കാന് കോടിക്കണക്കിനുള്ള മെഡിക്കല്‍ ദൃശ്യങ്ങള്‍ ആവശ്യമാണ്. ഈ ഡേറ്റയെല്ലാം ശേഖരിച്ചു വയ്ക്കാനുള്ള സെര്‍വര്‍ ഫാമുകളും നിര്‍മ്മിക്കേണ്ടി വരും. ഈ കേന്ദ്രങ്ങള്‍ വൈദ്യുതിക്ക് വേണ്ടിയും കൂളിങ്ങിന് വേണ്ടിയും വലിയ തോതിലുള്ള ഊര്‍ജ്ജം ഉപയോഗിക്കും. ഡേറ്റ സെന്ററുകളില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വ്യോമയാന വ്യവസായത്തില്‍ നിന്നുള്ളതിലും അധികമാണെന്നും പ്രഫ. കേറ്റ് കൂട്ടിച്ചേക്കുന്നു.
എഐ വിഭവശേഷികള്‍ പങ്കുവയ്ക്കുന്നതിലൂടെയും കുറച്ച് ഊര്‍ജ്ജം ആവശ്യമുള്ള ഹാര്‍ഡ് വെയര്‍ വിന്യസിക്കുന്നതിലൂടെയും ഡേറ്റ കംപ്രസ് ചെയ്യന്നതിലൂടെയും കാലപഴക്കം ചെന്നവ നീക്കം ചെയ്യുന്നതിലൂടെയും കുറേയൊക്കെ പരിസ്ഥിതിക്ക് എഐ ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാനായേക്കുന്നെും പ്രഫസര്‍ പറയുന്നു. ''റേഡിയോളജി ചികിത്സയിലെ എഐയും പരിസ്ഥിതി സുസ്ഥിരതയും: ഇരുതല മൂര്‍ച്ചയുള്ള വാള്'' എന്ന തലക്കെട്ടില്‍ എഴുതപ്പെട്ട ഗവേഷണ പ്രബന്ധം റേഡിയോളജി ജേണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.