ശരീരത്തിലെ അയണിന്റെ തോത് കുറയുന്നതും ദീര്‍ഘകാല കോവിഡുമായി ബന്ധം

Mail This Article
കോവിഡ് അണുബാധയോട് അനുബന്ധിച്ച് ശരീരത്തിലെ അയണിന്റെ തോത് കുറയുന്നത് ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നതായി കേംബ്രിജ് സര്‍വകലാശാലയുടെ പഠനം. ദീര്‍ഘകാല കോവിഡിന്റെ ചികിത്സയില്‍ നിര്‍ണ്ണായകമായ ഉള്‍ക്കാഴ്‌ചകള്‍ നല്‍കുന്നതാണ് പഠനം.
214 പേരില്‍ ഒരു വര്‍ഷത്തിലധിക കാലയളവിലാണ് പഠനം നടത്തിയത്. ഇവരില്‍ 45 ശതമാനം പേര്‍ക്ക് മൂന്ന് മുതല്‍ 10 മാസം വരെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
ഒരു അണുബാധയുണ്ടാകുമ്പോള്‍ രക്തപ്രവാഹത്തില്‍ നിന്ന് അയണ്‍ നീക്കം ചെയ്‌തു കൊണ്ടാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്. രക്തത്തിലെ അയണ്‍ ഉപയോഗപ്പെടുത്തി അണുക്കള്‍ അതിവേഗം വളരുന്നത് തടയാനാണ് ഇത്. അണുബാധയ്‌ക്ക് ശേഷം നീര്‍ക്കെട്ട് കുറയുകയും അയണിന്റെ തോത് പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും.

എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ ചിലരില്‍ ഈ പുനസ്ഥാപനം വൈകാറുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ചുവന്ന രക്തകോശങ്ങള്‍ക്ക് ആവശ്യത്തിന് അയണ്‍ ലഭിക്കാതാകുന്നതോടെ ഇവയുടെ ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷിയില്‍ കുറവ് വരുന്നു. ഇത് ശരീരത്തിന്റെ ചയാപചയത്തെയും ഊര്‍ജ്ജോത്‌പാദനത്തെയുമെല്ലാം ദോഷകരമായി ബാധിക്കുന്നു. പ്രതിരോധശേഷിയില്‍ പങ്കുവഹിക്കുന്ന ശ്വേതരക്ത കോശങ്ങളുടെ പ്രവര്‍ത്തനത്തിലും അയണ്‍ മുഖ്യമാണ്.
ദീര്‍ഘകാല കോവിഡ് വരുന്നവരില്‍ അത്യധികമായ ക്ഷീണവും ഊര്‍ജ്ജമില്ലായ്‌മയുമൊക്കെ അനുഭവപ്പെടുന്നതിന്റെ കാരണം ഇതാകാമെന്ന് ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. നീര്‍ക്കെട്ട് നിയന്ത്രിക്കുന്നതിലൂടെയും അയണ്‍ സപ്ലിമെന്റുകള്‍ അടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെയും ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളെ മറികടക്കാനായേക്കുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.