ADVERTISEMENT

മാർച്ച് 15ന് ലോക നിദ്രാ ദിനം ആണ്. ഉറക്കത്തിനും ഒരു ദിനമോ എന്ന് ചോദിക്കാൻ വരട്ടെ. ഏറെ സങ്കീർണമായ ഒരു ജൈവിക പ്രക്രിയയാണ് ഉറക്കം. ഗുരുതരമായ ശ്വാസതടസ്സം അടക്കമുള്ള ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉറക്കത്തിനിടയിൽ ഉണ്ടാകാം എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ആരോഗ്യകരമായ ഉറക്കത്തിന്റെ ആവശ്യകതയെക്കുറിച്ചും ഉറക്കത്തിൽ ശ്വാസം നിലയ്ക്കൽ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയാണ് നിദ്രാ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ‘ ആഗോള ആരോഗ്യത്തിനു ഉറക്ക തുല്യത’ (Sleep equity for global health ) എന്നതാണ് വേൾഡ് സ്ലീപ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദിനാചരണത്തിന്റെ ഈ വർഷത്തെ സന്ദേശം. 

എന്താണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ? 
ഉറക്കം എന്ന ജൈവിക പ്രക്രിയ അത്ര നിസ്സാരമായ ഒന്നല്ല. നാമെത്ര ഗാഢമായ ഉറക്കത്തിൽ ആണെങ്കിലും ശ്വാസോച്ഛ്വാസം നിർബാധം നടക്കുന്നു. എന്നാല്‍ ചിലരില്‍ ഉറക്കത്തിലെ ശ്വാസോച്ഛ്വാസം അത്ര സുഗമമായി നടക്കണമെന്നില്ല. ഉറക്കവുമായി ബന്ധപ്പെട്ട പ്രധാന ശ്വസന വൈകല്യങ്ങളിലൊന്നാണ് ഉറക്കത്തിൽ ശ്വാസം നിലയ്ക്കൽ അഥവാ സ്ലീപ്പ് അപ്‌നിയ (Sleep Apnea). ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസം ഉറക്കത്തിനിടെ തടസ്സപ്പെടുന്ന അവസ്ഥയാണിത്. ചെറിയ കുട്ടികളിൽ പോലും ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ടെങ്കിൽ പോലും അമ്പതു വയസ്സിനു മേൽ പ്രായമായവരിലാണ് ഇതു സാധാരണം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് അസുഖ സാധ്യത ഏറിയിരിക്കുന്നത്. 

Representative Image. Photo Credit : Paolo Cordoni / iStock Photo.com
Representative Image. Photo Credit : Paolo Cordoni / iStock Photo.com

അമിതവണ്ണം, കഴുത്തിന് വണ്ണക്കൂടുതലുള്ളവർ, മുക്കിലെ പാലത്തിന്റെ വളവ്, മൂക്കിലെ ദശ മുതലായ തടസ്സങ്ങള്‍, തൊണ്ടയിലെ തടസ്സങ്ങള്‍ ടോണ്‍സിലുകളുടെ അമിത വലുപ്പം, ചെറുനാക്കിലുണ്ടാകുന്ന വീക്കം, ചെറുനാക്കിന്റെ അമിത വലിപ്പം, മദ്യപര്‍, പുകവലി ശീലമുള്ളവര്‍ തുടങ്ങിയവരില്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നു. തൈറോയിഡ് സംബന്ധമായ അസുഖമുള്ളവര്‍, താടിയെല്ലിന് ജന്മനാ ഉള്ള ആകൃതി വ്യത്യാസം, തലച്ചോറിനുള്ള ചില തകരാറുകള്‍ എന്നീ സാഹചര്യങ്ങളിലും ഇതുണ്ടാകാം. ഉറക്കത്തില്‍ നമ്മുടെ പേശികള്‍ അയയുന്നതുമൂലം അണ്ണാക്കുമുതല്‍ നാവിന്റെ പിന്‍ഭാഗം വരെയുള്ള ഭാഗത്തെ വ്യാസം കുറയുന്നു.  ഇതു സ്വാഭാവികമാണെങ്കിലും ചിലരിൽ ഈ മാറ്റങ്ങൾ പ്രകടമാകുകയും ശ്വാസം വലിച്ചെടുക്കുന്നതു ശ്രമകരമാക്കുകയും കൂര്‍ക്കം വലിയുണ്ടാവുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍
ഉച്ചത്തിലുള്ള കൂർക്കംവലി, ഉറക്കമില്ലായ്മ, ഉറക്കത്തിനിടയില്‍ ശ്വാസംമുട്ട്‌ അനുഭവപ്പെട്ട് ചാടിയെഴുന്നേല്‍ക്കുക, രാവിലെ ഉണരാൻ മടി, ഉറക്കം മതിയായില്ല എന്ന തോന്നൽ, രാവിലെയുള്ള തലവേദന അമിതമായ പകൽ ഉറക്കം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്; ക്ഷോഭം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാവസ്ഥ മാറ്റങ്ങൾ; മറവി; വർദ്ധിച്ച ഹൃദയമിടിപ്പ്, ലൈംഗിക വിരക്തി തുടങ്ങിയ പ്രശ്‌നങ്ങളും ഇതോടൊപ്പം ഉണ്ടാകാം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, തുടങ്ങിയവയ്ക്കുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലാണ്. സാധാരണ ചികിൽസയ്ക്കു വഴങ്ങാത്ത അമിത രക്തസമ്മർദ്ദത്തിന്റെ (Refractory Hypertension) ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ.


Representative Image. Photo Credit : Motortion / iStockPhoto.com
Representative Image. Photo Credit : Motortion / iStockPhoto.com

രാത്രിയിൽ ഉറക്കം ശരിയാകാത്തതിനാൽ ഇവരിൽ പകലുറക്കത്തിനു സാധ്യത വളരെ കൂടുതലാണ്, പ്രത്യേകിച്ചും ഒരേ ഇരുപ്പിൽ തുടർച്ചയായി തൊഴിലെടുക്കുന്നവരിൽ. ഈ രോഗാവസ്ഥ ഉള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ അപകടങ്ങള്‍ക്കു സാധ്യത ഏറെയാണ്. ഡ്രൈവിംഗിനിടയിൽ അറിയാതെ പെട്ടെന്ന് ഉറക്കത്തിലേക്ക് വീണു പോകുന്നതു തന്നെ കാരണം. പത്തു മുതൽ പതിനഞ്ചു ശതമാനം വരെ റോഡപകടങ്ങൾക്കു കാരണം ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് ആപ്നിയ ആണെന്നാണു വിവിധ രാജ്യങ്ങളിലെ പഠനങ്ങൾ പറയുന്നത്. 

കൂര്‍ക്കംവലി വില്ലനോ?
കൂര്‍ക്കം വലികൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? എല്ലാ കൂര്‍ക്കംവലിയും അപകടം ചെയ്തില്ലെങ്കിലും ഇതത്ര നിരുപദ്രവമായ ഒന്നല്ല എന്നതാണ് വസ്തുത. കൂടെയുറങ്ങുന്നവർക്ക് ഉറക്കം നഷ്ടപ്പെടുന്നതിന്റെ അലോസരം, അവരുടെ കളിയാക്കലുകൾ എന്നതിനൊക്കെയപ്പുറം  ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. കൂര്‍ക്കംവലി മൂലം ശ്വാസപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിലേക്ക് ആവശ്യമായ ഓക്‌സിജന്‍ കിട്ടാതെ രോഗി ഇടയ്ക്കിടെ ഞെട്ടി ഉണരുന്ന ഈ അവസ്ഥയാണ് 'ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ'

രോഗനിര്‍ണയം, ചികിത്സ
'ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ' ഉള്ള മിക്കവർക്കും ഉറക്കത്തിനിടയിലെ തങ്ങളുടെ അസ്വസ്ഥതകൾ മനസ്സിലാക്കാൻ കഴിയാറില്ല. ഇതൊക്കെ നേരിൽ കാണുന്ന പങ്കാളിയോ കുടുംബാംഗങ്ങളോ ആയിരിക്കും ഈ രോഗാവസ്ഥ തിരിച്ചറിയുന്നതും രോഗിയെ വൈദ്യ സഹായം തേടാൻ പ്രേരിപ്പിക്കുന്നതും. ഒറ്റയ്ക്ക് താമസിക്കുന്നവരോ ഉറങ്ങുന്നവരോ ആയ വ്യക്തികളിൽ രോഗലക്ഷണങ്ങൾ വർഷങ്ങളോളം തിരിച്ചറിയപ്പെടാതെ കണ്ടെന്നു വരാം. ഇവരിൽ സങ്കീർണതകളും കൂടുതലായിരിക്കും.

Representative Image. Photo Credit : Monkey Business Images / Shutterstock.com
Representative Image. Photo Credit : Monkey Business Images / Shutterstock.com

കൂര്‍ക്കംവലിക്കാരില്‍ സ്ലീപ് അപ്നിയ ഉണ്ടോ, ഇല്ലയോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഉറങ്ങുന്ന സമയത്തെ രോഗിയുടെ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, തലച്ചോറിലെ വൈദ്യുതി തരംഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, മൂക്കിലൂടെയുള്ള വായു പ്രവാഹം, രക്തത്തിലെ ജീവവായുവിലെ അളവ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ രേഖപ്പെടുത്തുന്ന നിദ്രാ പഠന (പോളി സോമ്‌നോഗ്രാഫി)  പരിശോധന വഴിയാണ് ഇതു കണ്ടെത്തുന്നത്. 

ശ്വാസോച്ഛ്വാസം നിലയ്ക്കുന്നതിന്റെ എണ്ണം, ദൈര്‍ഘ്യം എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് ചികിത്സ ആവശ്യമോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. നിത്യവും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിച്ചു നിർത്തുക തുടങ്ങി ജീവിത ശൈലിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി നല്ലൊരു പങ്ക് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയും നിയന്ത്രിക്കാനാകും. ഒപ്പം പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കുകയും വേണം. തൈറോയിഡ് സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ അതു ശരിയായി ചികിൽസിച്ച് നിയന്ത്രണ വിധേയമാക്കേണ്ടത് ചികിൽസാ വിജയത്തിന് അനിവാര്യം.

താടിയെല്ലുകള്‍ക്കുള്ള ആകൃതി വ്യത്യാസം പോലെയുള്ള പ്രശ്നമുള്ളവരിൽ താടിയെല്ലു മുന്നോട്ടു നിൽക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ ഉറക്കത്തിൽ വായിൽ ഘടിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയും. ഇത്തരക്കാരിൽ ചില ശസ്ത്രക്രിയാ സങ്കേതങ്ങളും പ്രയോജനം ചെയ്തേക്കാം. എന്നാൽ രോഗാവസ്ഥ തീവ്രമാണെങ്കിൽ ഇതു കൊണ്ടു മാത്രം പ്രയോജനം കിട്ടില്ല. തൊണ്ടക്കുഴിയിലേക്ക് സി – പാപ്പ് ( C-PAP) പോലെയുള്ള ശ്വാസോച്ഛ്വാസ ഉപകരണങ്ങൾ വഴി വായു ഒരു പ്രത്യേക മർദ്ദത്തിലും അളവിലും നൽകി ശ്വാസനാളികൾ അടയുന്നത് തടയുന്ന ചികിൽസാ രീതി ഇത്തരം സാഹചര്യങ്ങളിൽ അനിവാര്യമായി വരും. 

Representative image. Photo Credit: EmirMemedovski/istockphoto.com
Representative image. Photo Credit: EmirMemedovski/istockphoto.com

തിരിച്ചറിയപ്പെടാതെ പോകുന്ന വളരെ വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണു ഉറക്കത്തിന്റെ ശ്വാസതടസ്സവും അനുബന്ധ രോഗങ്ങളും. അതിന്റെ പ്രത്യാഘാതങ്ങൾ ചെറുതല്ല. ഉറക്കം എങ്ങനെ ഉണ്ടായിരുന്നു എന്നു ചോദിച്ചാൽ കൂർക്കം വലിച്ചു കിടന്ന് സുഖമായി ഉറങ്ങി എന്നു പറയുന്നവരാണ് നമ്മിൽ പലരും. കൂർക്കംവലി സുഖനിദ്രയുടെ ലക്ഷണമേയല്ല. ഉറക്കത്തിലെ ശ്വാസതടസ്സത്തിന്റെ തുടക്കമാണത്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് ശരിയായ ചികിൽസ  ശരിയായ രീതിയിൽ നൽകിയാൽ അത് ആയുർ ദൈർഘ്യത്തേയോ ആരോഗ്യത്തേയോ ബാധിയ്ക്കില്ല. ഓർക്കുക, ഉറക്കത്തിലെ ശ്വാസതടസ്സം നിസ്സഹായാവസ്ഥയല്ല.

(ലേഖകൻ ആലപ്പുഴ, ഗവ. ടി.ഡി.മെഡിക്കൽ കോളേജ്, ശ്വാസകോശ വിഭാഗം പ്രൊഫസറാണ്)

കൂർക്കംവലി അകറ്റാൻ ലളിതമായ രണ്ട് മാർഗങ്ങൾ: വിഡിയോ

English Summary:

Know about Sleep Apnea and Snoring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com