സെല്‍ഫിയിലൂടെ തലച്ചോറിലെ മുഴ കണ്ടെത്തി അമേരിക്കന്‍ വനിത
Mail This Article
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം നിറയെ ഫോട്ടോകളും സെല്‍ഫികളും എടുക്കുന്നവരുമാണ് നമ്മളില്‍ പലരും. എടുത്ത ഫോട്ടോകളും സെല്‍ഫികളും ഫില്‍റ്ററിട്ട് ഇന്‍സ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും പോസ്‌റ്റ് ചെയ്യുന്നതില്‍ കവിഞ്ഞുള്ള ശ്രദ്ധ ഈ ചിത്രങ്ങള്‍ക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ യാദൃശ്ചികമായി എടുത്ത സെല്‍ഫിയിലൂടെ തന്റെ തലച്ചോറിനുള്ളിലെ മുഴ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ മുപ്പത്തിമൂന്ന് കാരി മേഗന്‍ ട്രൗട് വൈന്‍.
കസിനെ കാണാന്‍ ന്യൂയോര്‍ക്കിലെത്തിയ മേഗന്‍ റോക്ക്‌ഫെല്ലര്‍ സെന്റര്‍ സിക്‌സ്‌ത് അവന്യൂവിലെ ജലധാരയ്‌ക്ക് മുന്നില്‍ നിന്നാണ് സെല്‍ഫിയെടുത്തത്. പിന്നീട് ഫോട്ടോ സൂം ചെയ്‌ത് നോക്കിയപ്പോള്‍ കണ്ണുകളിലൊന്ന് കീഴേക്ക് തൂങ്ങിയിരിക്കുന്നത് മേഗന്റെ ശ്രദ്ധയില്‍പ്പെട്ടു. ഹഡ്‌സണിലെ വീട്ടില്‍ മടങ്ങിയെത്തിയ മേഗന്‍ ന്യൂറോളജിസ്‌റ്റിന്റെ അടുക്കലെത്തി തന്റെ സംശയം അവതരിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിലാണ് മെനിഞ്ചിയോമ എന്ന തരം മുഴ തലച്ചോറില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മോഫിറ്റ് കാന്‍സര്‍ സെന്ററിലെത്തി ശസ്‌ത്രക്രിയയിലൂടെ മേഗന്റെ മുഴ നീക്കം ചെയ്‌തു. റേഡിയേഷന്‍ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും മേഗന്‍ വിധേയയായി. കുറച്ച് നാളുകള്‍ക്ക് ശേഷം ഗ്ലിയോമ എന്ന മുഴയും മേഗന്റെ തലയില്‍ കണ്ടെത്തി.
പിടിഇഎന്‍ ജീനിന്റെ സാന്നിധ്യം തന്റെ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി മേഗന്‍ പറയുന്നു. ശരീരത്തിനെ സംബന്ധിച്ച് നമുക്കുണ്ടാകുന്ന ചെറിയ സംശയങ്ങള്‍ പോലും വലിയ രോഗങ്ങളുടെ കണ്ടെത്തലുകളിലേക്ക് നയിക്കാമെന്ന് കാട്ടിത്തരികയാണ് മേഗന്റെ ജീവിതം.