കടുത്ത ചൂട് പ്രതിരോധ സംവിധാനത്തെ ബാധിക്കും; നീര്‍ക്കെട്ടും ഹൃദ്രോഗസാധ്യതയും കൂടും
Mail This Article
ചൂട് കാലാവസ്ഥ നമ്മുടെ പ്രതിരോധ സംവിധാനത്തെ ബാധിച്ച് ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കാമെന്ന് പഠനം. ഇത് ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യതയും കൂട്ടുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇപിഐലൈഫ്‌സ്റ്റൈല്‍ സയന്റിഫിക്ക് സെഷനില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയിലെ ലൂയിസ് വില്ലേ യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. യൂണിവേഴ്‌സല്‍ തെര്‍മല്‍ ക്ലൈമറ്റ് ഇന്‍ഡെക്‌സ് ഓരോ അഞ്ച് ഡിഗ്രി വര്‍ധിക്കുമ്പോള്‍ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട രക്തത്തിലെ സൂചകങ്ങളും വര്‍ധിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. നീര്‍ക്കെട്ടിന്റെ സൂചന നല്‍കുന്ന മോണോസൈറ്റുകള്‍, ഈസ്‌നോഫില്ലുകള്‍, പ്രോ ഇന്‍ഫ്‌ളമേറ്ററി സൈറ്റോകീനുകള്‍ എന്നിവയുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കാന്‍ ചൂടുള്ള കാലാവസ്ഥയ്‌ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
വൈറസിനോടും ബാക്ടീരിയയോടും പൊരുതാന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ബി-കോശങ്ങളുടെ എണ്ണത്തിലുള്ള കുറവും ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അമിത ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഉയര്‍ന്ന താപനിലയെ നേരിടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
* ഉച്ചയ്‌ക്ക് 12നും വൈകുന്നേരം നാലിനും ഇടയില്‍ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക
* ഈ സമയങ്ങളിലെ വ്യായാമം, മറ്റ് ശാരീരിക അധ്വാനങ്ങള്‍ എന്നിവയും കുറയ്‌ക്കുക
* ഇടയ്‌ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക
* ചൂടിനെ പ്രതിരോധിക്കാന്‍ തൊപ്പി, സണ്‍സ്‌ക്രീന്‍, അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങള്‍ എന്നിവ ധരിച്ച് പുറത്തിറങ്ങുക
* നിര്‍ജലീകരണം ഉണ്ടാക്കുന്ന ഉയര്‍ന്ന തോതിലുള്ള പഞ്ചസാര, മദ്യപാനം എന്നിവയും ഒഴിവാക്കുക