ADVERTISEMENT

ഭക്ഷണനിയന്ത്രണവും വ്യായാമവും ചെയ്‌താല്‍ അമിതവണ്ണം കുറയ്‌ക്കാനാകുമെന്ന്‌ നമുക്കറിയാം. എന്നാൽ ഇതൊക്കെ ചെയ്യാന്‍ പ്രചോദനം ആവശ്യമാണ്‌. രാവിലെ എഴുന്നേല്‍ക്കാനും വ്യായാമത്തിനും ജിമ്മിലുമൊക്കെ പോകാനുള്ള ഉത്തേജനം നല്‍കുന്നത്‌ ഈ പ്രചോദനമാണ്‌. ഭാരം കുറയ്‌ക്കാനുള്ള പ്രചോദനം പലര്‍ക്കും പലതാണ്‌.

സത്യത്തില്‍ എന്ത്‌ ചെയ്‌താലാണ്‌ അമിതവണ്ണം കുറയ്‌ക്കാനുള്ള പ്രചോദനം ഉണ്ടാകുന്നത്‌? പുരുഷന്മാരുടെ കാര്യമാണെങ്കില്‍ അമിതവണ്ണം കുറച്ചാല്‍ കാശ്‌ കൊടുക്കാമെന്ന്‌ പറഞ്ഞാല്‍ കാര്യം നടക്കുമെന്ന്‌ യുകെയില്‍ നടത്തിയ ഒരു പഠനം പറയുന്നു. 400 പൗണ്ട്‌ സാമ്പത്തിക പ്രോത്സാഹനവും ഇത്‌ സംബന്ധിച്ച ദൈനംദിനം ടെക്‌സ്‌റ്റ്‌ മെസേജുകളും പുരുഷന്മാരെ അമിതവണ്ണം കുറച്ച്‌ ഫിറ്റാകാന്‍ പ്രോത്സാഹിപ്പിക്കുമെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

Representative image. Photo Credit:Dima Berlin/istockphoto.com
Representative image. Photo Credit:Dima Berlin/istockphoto.com

ബെല്‍ഫാസ്റ്റ്‌, ബ്രിസ്റ്റോള്‍, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ 585 പുരുഷന്മാരിലാണ്‌ പഠനം നടത്തിയത്‌. ഇവരെ മൂന്ന്‌ വിഭാഗങ്ങളായി തിരിച്ചു. ആദ്യത്തെ സംഘത്തിന്‌ സാമ്പത്തിക പ്രോത്സാഹന വാഗ്‌ദാനവും ഒപ്പം ടെക്‌സ്റ്റ്‌ സന്ദേശങ്ങളും അയച്ചു. രണ്ടാമത്തെ വിഭാഗത്തിന്‌ പ്രോത്സാഹനം നല്‍കുന്ന ടെക്‌സ്‌റ്റ്‌ സന്ദേശങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തേത്‌ താരതമ്യത്തിനായുള്ള കണ്‍ട്രോള്‍ ഗ്രൂപ്പ്‌.

ഇതില്‍ 39 ശതമാനം പേരും താഴ്‌ന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നുള്ളവരായിരുന്നു. 40 ശതമാനത്തിനും രണ്ടോ അതിലധികമോ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ആദ്യത്തെ സംഘത്തിന്‌ വണ്ണം കുറച്ചാല്‍ അവര്‍ക്ക്‌ ലഭിക്കാന്‍ പോകുന്ന സാമ്പത്തിക സഹായത്തെ പറ്റിയുള്ള സന്ദേശങ്ങളും ആരോഗ്യ ടിപ്‌സും അയച്ചു നല്‍കി. ഭാരം കുറയ്‌ക്കാനുള്ള ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ പണം ലഭിക്കില്ലെന്നും അവരെ അറിയിച്ചു.

Representative image. Photo Credit:LaylaBird/istockphoto.com
Representative image. Photo Credit:LaylaBird/istockphoto.com

മൂന്ന്‌ മാസത്തിനുള്ളില്‍ അഞ്ച്‌ ശതമാനം ശരീരഭാരം കുറച്ചില്ലെങ്കില്‍ സമ്മാന തുകയില്‍ നിന്ന്‌ 50 പൗണ്ട്‌ കുറയ്‌ക്കുമെന്നും ആറ്‌ മാസത്തിനുള്ളില്‍ 10 ശതമാനം ശരീരഭാരം കുറച്ചില്ലെങ്കില്‍ തുകയില്‍ നിന്ന്‌ 150 പൗണ്ട്‌ കുറയുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ 10 ശതമാനം ഭാരക്കുറവ്‌ നിലനിര്‍ത്തിയില്ലെങ്കില്‍ 200 പൗണ്ടും നഷ്ടപ്പെടുമെന്നും ആദ്യ സംഘത്തോട്‌ പറഞ്ഞു.

സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യപ്പെട്ട ആദ്യ ഗ്രൂപ്പില്‍പ്പെട്ട പുരുഷന്മാരുടെ ശരീരഭാരം 4.8 ശതമാനം കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. ടെക്‌സ്റ്റ്‌ സന്ദേശങ്ങള്‍ മാത്രം ലഭിച്ച രണ്ടാമത്തെ സംഘത്തിന്‌ ഇത്‌ 2.7 ശതമാനമായിരുന്നു. കണ്‍ട്രോള്‍ ഗ്രൂപ്പിലുള്ളവരുടെ ഭാരം കുറഞ്ഞത്‌ 1.3 ശതമാനവും. അമിതവണ്ണം കുറച്ചാല്‍ പണം ലഭിക്കുമെന്നോ കുറച്ചില്ലെങ്കില്‍ ഡിപ്പോസിറ്റ്‌ ചെയ്‌ത പണം നഷ്ടപ്പെടുമെന്നോ പറഞ്ഞാല്‍ ഏത്‌ വിധേനയും പുരുഷന്മാര്‍ ഭാരം കുറയ്‌ക്കുമെന്നാണ്‌ പഠനം അടിവരയിടുന്നത്‌. യൂറോപ്യന്‍ കോണ്‍ഗ്രസ്‌ ഓഫ്‌ ഒബ്‌സിറ്റിയില്‍ ഗവേഷണറിപ്പോര്‍ട്ട്‌ അവതരിപ്പിക്കപ്പെട്ടു.

കുടവയർ കുറയ്ക്കാൻ മൂന്ന് വഴികൾ: വിഡിയോ

English Summary:

Cash for Weight Loss: How Financial Incentives Fuel Men's Fitness Journeys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com