ADVERTISEMENT

പ്രണയത്തിനു മനുഷ്യനെ പൊളിച്ചു പണിയാൻ കഴിയുമെന്നു തോന്നിയിട്ടില്ലേ? ഇന്നലെ വരെ കാണാത്ത നല്ല സ്വഭാവങ്ങളുള്ള വ്യക്തിയായി ഒരാളെ മാറ്റാൻ കഴിവുള്ള മാജിക്‌ ആണ് പ്രണയം. ആ മാറ്റം തിരിച്ചുമാകാം. അത്രയും മനോഹരമാണ് പ്രണയമെങ്കിലും ആരെങ്കിലും ഒരാൾ വന്ന് ഇഷ്ടം പറഞ്ഞതും ചാടിക്കയറി യെസ് പറഞ്ഞ് കുഴപ്പത്തിലായവർ കുറച്ചൊന്നുമല്ല. അത്തരക്കാർ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടാറാണ് പതിവ്. പല കാരണങ്ങൾ കൊണ്ടും പിന്മാറാനും വയ്യ. എങ്ങനെയൊക്കെയോ കടിച്ചുതൂങ്ങിക്കിടന്ന് അത്തരം ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കാര്യമുണ്ടോ? സമൂഹ മാധ്യമങ്ങളിലെ ട്രോളുകളിലും മറ്റും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന കലിപ്പനും കാന്താരിയുമൊക്കെ അത്തരം ടോക്സിക് ബന്ധങ്ങളുടെ പ്രതിഫലനമാണ്.

‘പ്രേമിക്കുന്ന കാലത്ത് എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നത്, തുടക്കത്തിൽ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ’ എന്നു നിരാശരാകാത്ത കാമുകീകാമുകന്മാർ കുറവായിരിക്കും. അത്തരം അവസ്ഥ ഒഴിവാക്കണമെങ്കിൽ, എങ്ങനെയുള്ള വ്യക്തിയുമായാണ് പ്രണയത്തിലാകേണ്ടതെന്ന് അറിയണം.

Image Credit: Jelena Danilovic/ Istock
Image Credit: Jelena Danilovic/ Istock

ടോക്സിക് റിലേഷൻഷിപ്പിൽ അകപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
∙എപ്പോഴും എല്ലാത്തിനും കുറ്റപ്പെടുത്തുന്ന വ്യക്തി നല്ലൊരു പങ്കാളി ആയിരിക്കില്ല. നിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഇവർ നിരന്തരം പങ്കാളിയോടു പറഞ്ഞുകൊണ്ടേയിരിക്കും

∙ കാമുകനെയോ കാമുകിയെയോ വരച്ച വരയിൽ നിർത്താൻ ശ്രമിക്കുന്ന വ്യക്തികളെ പങ്കാളിയാക്കുന്നത് മണ്ടത്തരമാകും. ജീവിതകാലം മുഴുവൻ ഒരാൾക്ക് അടിമപ്പെട്ടു നിൽക്കേണ്ടി വരുമെന്ന ഓർമ വേണം. അച്ഛനും അമ്മയ്ക്കുമൊപ്പം പുറത്തു പോകുന്നതിനു പോലും പങ്കാളിയുടെ സമ്മതം വേണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ, മുടി വെട്ടാനോ ഒക്കെ സ്വയം തീരുമാനിക്കാൻ സമ്മതിക്കില്ല. ഇങ്ങനെയുള്ള ബന്ധങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടിക്കും.

∙ യുക്തിപരമായി ചിന്തിക്കാൻ കഴിയാത്ത വ്യക്തി എപ്പോൾ, എങ്ങനെ കാര്യങ്ങളോടു പ്രതികരിക്കുമെന്ന് പറയാനാവില്ല. ആ സ്വഭാവം പങ്കാളികളിൽ ഭയം ഉളവാക്കുകയും അരക്ഷിതാവസ്ഥയിലെത്തിക്കുകയും ചെയ്യും.

∙ ഗ്യാസ്‌ലൈറ്റിങ് (Galighting) ചെയ്യുന്ന വ്യക്തികൾ അപകടകാരികളാണ്. കള്ളങ്ങൾ പറയുകയും തെറ്റ് അവരുടെ ഭാഗത്തല്ലെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്നതാണ് ഗ്യാസ്‌ലൈറ്റിങ്. ഇങ്ങനെയുള്ളവരെ ഒപ്പം കൂട്ടുന്നത് മാനസികനില തകരാറിലാക്കാൻ പോലും സാധ്യതയുണ്ട്. 

∙ ഒരു റിലേഷൻഷിപ്പിൽ പങ്കാളിക്ക് സമാധാനം കൊടുക്കാത്തവരാണ് എടുത്തുചാട്ടക്കാർ. അവർ എപ്പോഴും ടെൻഷനടിപ്പിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ചെറിയ കാര്യങ്ങൾക്കു പോലും പ്രശ്നങ്ങളുണ്ടാക്കുന്നത് നല്ല സ്വഭാവമല്ല. 

∙ ഭയപ്പെടുത്തി റിലേഷൻഷിപ്പ് മുന്നോട്ടു കൊണ്ടു പോകുന്ന പങ്കാളി വളരെ അപകടകാരിയാണ്. ഭീഷണിപ്പെടുത്തിയായിരിക്കും അവർ എപ്പോഴും ഓരോ കാര്യങ്ങളും നടത്തിയെടുക്കുക. എതിർപ്പ് പ്രകടിപ്പിച്ചാലോ ദേഷ്യപ്പെട്ടാലോ മരിച്ചു കളയുമെന്നു ഭീഷണിപ്പെടുത്താൻ ഇവർ മടിക്കില്ല.

Image Credits : fizkes / Shutterstock.com
Image Credits : fizkes / Shutterstock.com

∙ ഗോസ്റ്റിങ് (ghosting)– സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരത്തിലുള്ള വാക്കാണ് ഗോസ്റ്റിങ്. കഴിഞ്ഞ ദിവസം വരെ ഒപ്പമുണ്ടായിരുന്ന ആൾ പെട്ടെന്ന് അപ്രത്യക്ഷനാവുക. ഫോൺവിളിയോ മെസേജുകളോ ഇല്ല, കണ്ടുമുട്ടൽ ഇല്ല. പെട്ടെന്നൊരു ദിവസം സ്വിച് ഇട്ടതുപോലെ ജീവിതത്തിൽനിന്നു പോകുന്ന വ്യക്തി പിന്നീട് തിരിച്ചു വരാനുള്ള സാധ്യതയും കുറവാണ്. അങ്ങനെ മുന്നറിയിപ്പുകളില്ലാതെ ഉപേക്ഷിച്ചു പോകുന്നവർക്ക് തുടർന്നും അവസരങ്ങള്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. 

∙ കാസ്പറിങ് (Caspering ) പതിയെപ്പതിയെ ബന്ധം അവസാനിപ്പിക്കുന്ന രീതിയാണിത്. ചോദിച്ചാൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പറയുകയും അതേസമയം അടുപ്പം കുറയ്ക്കുകയും ചെയ്യും. ഈ അവസരത്തിൽ മറ്റൊരു റിലേഷൻഷിപ്പിലേക്ക് ആ വ്യക്തി പോകാനും സാധ്യതയേറെയാണ്. പ്രതീക്ഷ തന്നുകൊണ്ട് ഉപേക്ഷിക്കുന്ന ഈ അവസ്ഥ വിഷമമുണ്ടാക്കും.

∙ പങ്കാളി പറയുന്നതും ചെയ്യുന്നതും തമ്മിൽ യാതൊരു ബന്ധങ്ങളുമില്ലെങ്കിൽ ശ്രദ്ധിക്കണം. റിലേഷൻഷിപ്പിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പിന്നീട് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെങ്കിൽ സ്വഭാവത്തിലും ആ വ്യത്യാസം പ്രകടമാകും. ആളാകെ മാറിപ്പോയി എന്ന നിരാശയും തുടക്കത്തിൽ സ്നേഹിച്ച വ്യക്തിയല്ല ഇതെന്ന തോന്നലും മാനസികമായി ബുദ്ധിമുട്ടിക്കും.

ഒരു പങ്കാളി എങ്ങനെ ആയിരിക്കണം?
പരസ്പര ബഹുമാനവും വിശ്വാസവും സ്നേഹവുമൊക്കെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. പരസ്പരം സഹായിച്ചും പരിഗണിച്ചും മുന്നോട്ടു പോകാൻ സഹായിക്കുന്നതാവണം സ്നേഹബന്ധം. എന്നും കണ്ണീരും അടിയും വഴക്കും മാത്രമായാൽ അതിനെ നല്ല ബന്ധമെന്നു പറയാനാകില്ല. പ്രണയം ആരോടും തോന്നാം, എന്നാൽ ആ വ്യക്തിയുടെ സ്വഭാവം നന്നായി മനസ്സിലാക്കിയ ശേഷമേ മുന്നോട്ടു പോകാവൂ. വൈകാരിക സ്ഥിരതയില്ലാത്തയാളോ എപ്പോഴും കള്ളം പറയുകയോ കുറ്റപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ആളോ പങ്കാളിയായാലുള്ള പ്രശ്നങ്ങളെപ്പറ്റി തിരിച്ചറിവുണ്ടാകണം. നന്നായി ചിന്തിച്ചു തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്.

Representative image. Photo Credit: skynesher/istockphoto.com
Representative image. Photo Credit: skynesher/istockphoto.com

തുറന്ന ചർച്ചകളാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഒരു കാര്യം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് തുറന്നു പറയാനുള്ള സ്പേസ് പങ്കാളികൾക്കിടയിൽ ഉണ്ടാവണം. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും പരിഹാരം കാണുന്നതിനും ഈ തുറന്ന സംസാരം സഹായിക്കും. 

ഇഷ്ടമില്ലാത്ത ബന്ധത്തിൽ തുടരുന്നത് ആപത്താണ്. ഭയം കൊണ്ടാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. താൻ പിന്തിരിഞ്ഞാൽ പങ്കാളി എങ്ങനെ പ്രതികരിക്കുമെന്നോ താൻ കാരണം ആ വ്യക്തിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ എന്നോ ചിന്തിക്കുന്നതാണ് കാരണം. ബോർഡർ ലൈൻ പഴ്സനാലിറ്റി ഡിസോഡർ ഉള്ള വ്യക്തികള്‍ക്ക് വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്നോ നേരിടണമെന്നോ അറിയില്ല. അവർ പലപ്പോഴും പങ്കാളിയെ ഭീഷണിപ്പെടുത്താനുള്ള സാധ്യതകളും ഏറെയാണ്. അങ്ങനയുള്ള അവസ്ഥ ഉള്ളവർ ചികിത്സ തേടുന്നത് ഭാവിയിൽ ഗുണം ചെയ്യും. മാനസികമായ ഏത് ബുദ്ധിമുട്ടിനും പരിഹാരമുണ്ട്. അത് മനസ്സിലാക്കി മുന്നോട്ടു നീങ്ങിയാൽ കാര്യങ്ങള്‍ സുഗമമാകും. 

 Representative image. Photo Credit:stock-eye/istockphoto.com
Representative image. Photo Credit:stock-eye/istockphoto.com

നോ പറയേണ്ടിടത്ത് പറയണം
ചെറുപ്പം മുതൽ നോ കേൾക്കേണ്ടി വരാത്തവരാണ് കൂടുതൽ. അതുകൊണ്ടുതന്നെ നോ കേൾക്കാൻ മാത്രമല്ല പറയാനും പലർക്കും ബുദ്ധിമുട്ടാണ്. ഒരു പരിധിയിലധികം ചിട്ടവട്ടങ്ങളിലൂടെ അടക്കിനിർത്തി വളർത്തിയ കൂട്ടികൾക്ക് ഭാവിയിൽ എന്തിനോടെങ്കിലും വിയോജിപ്പു പറയാനോ താൽപര്യമില്ലാത്തതിനോടു നോ പറയാനോ എളുപ്പമായിരിക്കില്ല. അവർ ആളുകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാവും പലപ്പോഴും ചെയ്യുക. 

പ്രണയം നിരസിച്ച വ്യക്തിയെ തീകൊളുത്തിയതും കുത്തിക്കൊലപ്പെടുത്തിയതെല്ലാം വായിച്ചവരാണല്ലോ നമ്മൾ. എന്നാൽ എന്തുകൊണ്ടാണ് തിരസ്കരണങ്ങളെ അവർ അക്രമം കൊണ്ട് നേരിടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റൊരാളിന്റെ താൽപര്യമില്ലായ്മയെ അംഗീകരിക്കാനാവാത്തതാണ് ഒരു പ്രധാന കാരണമെങ്കില്‍, മൽസരബുദ്ധിയാണ് മറ്റൊരു കാരണം. ആരെയൊക്കെയോ തോൽപിക്കണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയെത്തന്നെ പങ്കാളിയാക്കുന്നതാണ് വിജയത്തിലേക്കുള്ള വഴിയെന്നുമെല്ലാം കരുതുന്ന മനുഷ്യർ ഏറെയാണ്. ഈ മത്സരബുദ്ധി കുട്ടിക്കാലത്തുതന്നെ മനസ്സിൽ കയറിക്കൂടിയതാവാം. പരീക്ഷയില്‍ മാർക്ക് കുറയുമ്പോഴോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമ്പോഴോ ഇത് സംഭവിച്ചിരിക്കാം. വെറുതെയെങ്കിലും, ‘അയ്യേ നീ തോറ്റോ’ തുടങ്ങിയ പരിഹാസങ്ങൾ ഒരുപക്ഷേ ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടുണ്ടാവാം. അച്ഛനമ്മമാരാകാം ഇത് പറഞ്ഞിട്ടുണ്ടാവുക. അവർക്കതു തമാശയാണെങ്കിലും കുട്ടിയുടെ മനസ്സിൽ താൻ കുറവുകളുള്ള വ്യക്തി ആണെന്നോ ജീവിതത്തില്‍ എല്ലായിടത്തും ജയിക്കണമെന്നോ തോന്നലുണ്ടാക്കാം. ഇത് ഭാവിയിൽ ഒരുപാട് ദോഷം ചെയ്യും. കുഞ്ഞുങ്ങളോട് തുറന്നു സംസാരിക്കുന്നതും അവരെ കേൾക്കുന്നതും സ്വഭാവരൂപീകരണത്തിൽ പ്രധാനമാണ്. 

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. പ്രിയ വർഗീസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്കുകൾ :വിഡിയോ

English Summary:

How to avoid Toxic Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com