ADVERTISEMENT

ഭക്ഷണവും പാര്‍പ്പിടവുമൊക്കെ കഴിഞ്ഞാല്‍ ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്‌ ലൈംഗികതയും. അതിപ്പോൾ ആണിനായാലും പെണ്ണിനായാലും. എന്നാല്‍ പലരും ലൈംഗികതയെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചോ ഈ കാലഘട്ടത്തില്‍ പോലും തുറന്നു സംസാരിക്കാന്‍ മടിക്കാറുണ്ട്‌. ഇത്‌ മൂലം ഇത്തരം പ്രശ്‌നങ്ങള്‍ പലരും അറിയാതെയും പരിഹരിക്കപ്പെടാതെയും പോകും. ഇത്‌ ലൈംഗിക അസംതൃപ്‌തിയിലേക്കും ഉത്‌കണ്‌ഠയിലേക്കും അനാവശ്യമായ മാനസിക സമ്മര്‍ദ്ദത്തിലേക്കുമെല്ലാം നയിക്കാം. സ്‌ത്രീകളില്‍ 43 ശതമാനം പേരും ലൈംഗികമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സ്‌ത്രീകള്‍ പൊതുവേ നേരിടാറുള്ള അഞ്ച്‌ ലൈംഗിക പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്‌. 

Representative Image. Photo Credit: zoranm/ Istockphoto
Representative Image. Photo Credit: zoranm/ Istockphoto

1. കുറഞ്ഞ ലൈംഗിക തൃഷ്‌ണ
പല സ്‌ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ്‌ ലൈംഗികതയോടുള്ള താത്‌പര്യക്കുറവ്‌. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഈ കുറഞ്ഞ ലൈംഗിക തൃഷ്‌ണയ്‌ക്കു പിന്നിലുണ്ടാകാം. അവ കണ്ടെത്തി ചികിത്സിക്കേണ്ടത്‌ സന്തുഷ്ടകരമായ ലൈംഗിക ബന്ധത്തിന്‌ അത്യാവശ്യമാണ്‌. 

2. ലൈംഗിക ഉണര്‍വില്ലായ്‌മ
പങ്കാളി എത്ര ശ്രമിച്ചാലും ലൈംഗികമായി ഉണരാത്ത പ്രശ്‌നം ചില സ്‌ത്രീകള്‍ അനുഭവിക്കാറുണ്ട്‌. ലൈംഗിക അവയവങ്ങളിലേക്കുള്ള ത്വരിത ഗതിയിലുള്ള രക്തയോട്ടമാണ്‌ ഉണര്‍വ്‌ നല്‍കുന്നത്‌. ഏതെങ്കിലും കാരണത്താല്‍ ഈ രക്തയോട്ടം തടസ്സപ്പെടുന്നത്‌ ലൈംഗിക ഉണര്‍വില്ലായ്‌മയ്‌ക്ക്‌ കാരണമാകാം. യോനിയിലേക്ക്‌ ആവശ്യത്തിന്‌ ലൂബ്രിക്കേഷന്‍ വരാതിരിക്കുന്നതും ഉണര്‍വില്ലായ്‌മയുടെ കാരണങ്ങളിലൊന്നാണ്‌. 

3. രതിമൂര്‍ച്ഛയുടെ അഭാവം
ലൈംഗികബന്ധം പൂര്‍ണ്ണമായും ആസ്വാദ്യകരമാകുന്നത്‌ രതിമൂര്‍ച്ഛ കൈവരിക്കാന്‍ സാധിക്കുമ്പോഴാണ്‌. എന്നാല്‍ ചില സ്‌ത്രീകള്‍ക്ക്‌ എത്ര ശ്രമിച്ചാലും ഈ രതിമൂര്‍ച്ഛയിലെത്താന്‍ സാധിച്ചെന്നു വരില്ല. ഓര്‍ഗാസ്‌മിക്‌ ഡിസ്‌ഫങ്‌ഷന്‍, അനോര്‍ഗാസ്‌മിയ എന്നെല്ലാം ഈ അവസ്ഥയെ വിളിക്കാമെന്ന്‌ അനന്തപൂര്‍ ഫോര്‍ട്ടിസ്‌ ഹോസ്‌പിറ്റലിലെ ഒബ്‌സ്‌റ്റെട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജി സീനിയര്‍ റസിഡന്റ്‌ ഡോ. സുജാത ദത്ത ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിലരില്‍  വളരെ വൈകിയാകാം രതിമൂര്‍ച്ഛ ഉണ്ടാകുന്നത്‌. ഇത്‌ പങ്കാളിയെയും നിരാശയിലാഴ്‌ത്താന്‍ കാരണമാകാം. 

4. വജൈനിസ്‌മസ്‌
യോനിയിലേക്കു ലിംഗം പ്രവേശിക്കുമ്പോള്‍ യോനിയിലെ പേശികള്‍ ചുരുങ്ങുന്ന അവസ്ഥയ്‌ക്കാണ്‌ വജൈനിസ്‌മസ്‌ എന്ന്‌ പറയുന്നത്‌. ഇത്‌ ലൈംഗിക ബന്ധം വേദനാജനകമാക്കും. ലൈംഗിക ബന്ധത്തോട്‌ മൊത്തത്തില്‍ ഭയമുണ്ടാക്കാന്‍ വജൈനിസ്‌മസ്‌ കാരണമാകാം. 

couple-compassion-love-sex-hands-holding-kitzcorner-istock-photo-com
Representative image. Photo Credit: kitzcorner/istockphoto.com

5. ഡിസ്‌പറൂണിയ
വേദനാജനകമായ സംഭോഗത്തിനെയാണ്‌ ഡിസ്‌പറൂണിയ എന്ന്‌ വിളിക്കുന്നത്‌. മൂത്രനാളിയിലെ അണുബാധ, വജൈനിസ്‌മസ്‌, ഗര്‍ഭപാത്രത്തിന്റെ ആവരണം അതിന്‌ പുറത്തേക്ക്‌ വളരുന്ന എന്‍ഡോമെട്രിയോസിസ്‌ തുടങ്ങിയവ മൂലം ഡിസ്‌പറൂണിയ ഉണ്ടാകാം. ആവശ്യത്തിന്‌ ലൂബ്രിക്കേഷനില്ലാതെ യോനി വരണ്ടിരിക്കുന്നതും ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ഉത്‌കണ്‌ഠയും ഈ വേദനയ്‌ക്ക്‌ പിന്നിലുണ്ടാകാം. 

ലൈംഗിക പ്രശ്‌നങ്ങളുള്ളവര്‍ ഇതിനെ കുറിച്ച്‌ പങ്കാളിയോടോ വിശ്വാസമുള്ള മറ്റുള്ളവരോടൊ സംസാരിക്കേണ്ടതും ഡോക്ടറിനെ സമീപിച്ച്‌ ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതുമാണ്‌. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള അവബോധം തെറ്റിദ്ധാരണകള്‍ അകറ്റാനും ശാസ്‌ത്രീയമായി ഇത്തരം വിഷയങ്ങളെ സമീപിക്കാനും സഹായിക്കുന്നതാണ്‌. 

English Summary:

Common Sex Problems in Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com