വേദനസംഹാരിയുടെ ഉപയോഗം കുറയ്ക്കാം; ആർത്തവ സമയത്തെ വേദന മാറ്റാൻ പ്രകൃതിദത്ത വഴികൾ അറിയാം
Mail This Article
ആര്‍ത്തവ സമയത്ത് ശരീരം വേദനയും പേശി വലിവും സ്ത്രീകള്‍ക്കു സാധാരണയായി ഉണ്ടാകുന്നതാണ്. പകുതിയിലധികം സ്ത്രീകളിലും ഇവ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം മാറുകയും ചെയ്യും. എന്നാല്‍ ചിലരില്‍ ഇവയുടെ തീവ്രത വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കും.
ഗര്‍ഭപാത്രത്തില്‍ ആര്‍ത്തവത്തിന് മുന്‍പായി രൂപപ്പെടുന്ന എന്‍ഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുന്നതിന് ഗര്‍ഭപാത്രത്തെ ചുരുക്കാന്‍ സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍. ഇവയുടെ ഉയര്‍ന്ന തോതാണ് ചിലരില്‍ കൂടിയ വേദനയ്ക്കും പേശിവലിവിനുമെല്ലാം കാരണമാകുന്നത്.
മെഫെനമിക് ആസിഡ്, ഐബുപ്രൊഫന്‍ പോലുള്ള നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ പ്രോസ്റ്റാഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ തടഞ്ഞ് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാറുണ്ട്. എന്നാല്‍ വേദനയും പേശിവലിവും നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്നപക്ഷം ഗൈനക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടേണ്ടതാണ്.
ഐബുപ്രൂഫന്റെയും മെഫെനമിക് ആസിഡിന്റെയും ഡോസേജ് യഥാക്രമം 200 മില്ലിഗ്രാമിലും 250 മില്ലിഗ്രാമിലും കൂടാന്‍ പാടില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ജാഗ്രിതി വര്ഷ്ണേ പറയുന്നു. എട്ട് മണിക്കൂറില്‍ ഒന്നോ രണ്ടോ ടാബ്ലറ്റില് കൂടുതല്‍ കഴിക്കുകയും ചെയ്യരുത്. വയറിന് പ്രശ്നമുണ്ടാക്കാമെന്നതിനാല് ആഹാരത്തിന് ശേഷം മാത്രമേ ഈ മരുന്നുകള്‍ കഴിക്കാവൂ എന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.
നിശ്ചിത അളവിലും കൂടുതല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നുകളുടെ അമിത ഉപയോഗം ഓക്കാനം, ഛര്‍ദ്ദി, മലബന്ധം, നെഞ്ചെരിച്ചില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. വയറിലെ അള്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവയ്ക്കും ഇവയുടെ അമിത ഉപയോഗം വഴിവയ്ക്കാം.
പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെയും ആര്‍ത്തവ സമയത്തെ വേദനയും പേശിവലിവും ലഘൂകരിക്കാന്‍ ശ്രമിക്കാവുന്നതാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ഇക്കാര്യത്തില്‍ സഹായകമാണ്.
1. ആവശ്യത്തിന് വെള്ളം കുടിക്കാം.
2. തക്കാളി, ബെറിപഴങ്ങള്‍, പൈനാപ്പിള്‍, ഇഞ്ചി, പച്ചിലകള്‍, ആല്‍മണ്ട്, വാള്‍നട്ട് പോലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഭക്ഷണവിഭവങ്ങള്‍ കഴിക്കാം.
3. വൈറ്റമിന്‍ ഡി, ഇ, ഒമേഗ ഫാറ്റി ആസിഡുകള്‍ പോലുള്ള ഡയറ്ററി സപ്ലിമെന്റുകള്‍ കഴിക്കാം.
4. അടിവയറ്റില്‍ ചൂട് വയ്ക്കാം.
5. ലഘുവായ വ്യായാമങ്ങള്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ പുറത്ത് വിട്ട് പേശികള്‍ക്ക് അയവ് നല്‍കും.
പിസിഒഡി പ്രശ്നങ്ങൾക്ക് പരിഹാരമായി യോഗാസനങ്ങൾ: വിഡിയോ