ADVERTISEMENT

ഏകാന്തതയാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമെന്ന തിരിച്ചറിവിൽ ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നൽകിയത് അടുത്തിടെയാണ്. യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി അധ്യക്ഷനായ കമ്മിഷൻ ആളുകൾക്കിടയിൽ സാമൂഹിക അടുപ്പം വർധിപ്പിക്കാനുള്ള വഴികളെക്കുറിച്ചാണ് പരിശോധിക്കുന്നത്. മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളെ ഏകാന്തത അലട്ടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. 

15 സിഗരറ്റിന് തുല്യം 
വ്യക്തിബന്ധങ്ങളാണ് സാമൂഹികജീവിയായ മനുഷ്യന്റെ ജീവവായു. ഏകാന്തതയും ഒറ്റപ്പെടലും ആർക്കും അസുഖകരമാണ്. താൽക്കാലികമായ ഏകാന്തത വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ല. എന്നാൽ കടുത്ത ഏകാന്തത, തുടർച്ചയായ സാമൂഹിക ഒറ്റപ്പെടൽ തുടങ്ങിയവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മുതിർന്ന പൗരന്മാർക്കിടയിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. അതിൽത്തന്നെ സ്ത്രീകളാണ് കൂടുതൽ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നത്. 

പ്രതീകാത്മക ചിത്രം. Photo Credit : GBJSTOCK / Shutterstock.com
പ്രതീകാത്മക ചിത്രം. Photo Credit : GBJSTOCK / Shutterstock.com

ദിവസേന 15 സിഗരറ്റ് വലിച്ചാലുണ്ടാകുന്നതിനു സമമായ ദൂഷ്യഫലമാണ് തുടർച്ചയായ ഏകാന്തത മനുഷ്യരിൽ സൃഷ്ടിക്കുന്നത്. ഇത് ആയുർദൈർഘ്യം കുറയ്ക്കുകയും മറവിരോഗം, ഹൃദയ, മസ്തിഷ്‌ക സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയവയും ഉണ്ടാകാം

ഏകാന്തതയോ ഒറ്റപ്പെടലോ
ഏകാന്തത ഒരു വൈകാരിക അനുഭവമാണെങ്കിൽ സാമൂഹികമായ ഒറ്റപ്പെടൽ ഇതിൽനിന്നു വ്യത്യസ്തമാണ്. സഹജീവികളുമായുള്ള ഇടപഴകൽ, ആശയവിനിമയം, നേരിട്ടുള്ള ബന്ധപ്പെടൽ എന്നിവ ഗണ്യമായി കുറയുകയോ ഇല്ലാതാകുകയോ ചെയ്യുമ്പോൾ വന്നുചേരുന്നതാണ് ഒറ്റപ്പെടൽ. സാമൂഹികമായ ഒറ്റപ്പെടൽ ഇല്ലാതെയും ചിലരിൽ മാനസികമായ ഏകാന്തത ഉണ്ടാകാം. ഈ രണ്ടു പ്രശ്‌നങ്ങൾക്കും പരിഹാരമാർഗങ്ങൾ ഏറെക്കുറെ സമാനമാണ്. 

Image Credit: ozgurcankaya/ Istockphoto
Image Credit: ozgurcankaya/ Istockphoto

ഏകാന്തത തോന്നിയാല്‍
∙ മറ്റുള്ളവരുമായി ഇടപഴകാൻ കൂടുതൽ അവസരം നൽകുന്ന പൊതുസ്ഥലങ്ങൾ സന്ദർശിക്കുക. 
∙ ഉൾവലിയാനും ഒഴിഞ്ഞുമാറാനുമുള്ള പ്രവണത തിരിച്ചറിഞ്ഞ് അതിനു കീഴ്‌പ്പെടാതെ നോക്കുക. 
∙ ഒറ്റപ്പെടുന്ന സമയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ജോലിസമയത്തും വിശ്രമവേളകളിലും കൂടുതൽ സമയം മറ്റുള്ളവരോട് ഇടപഴകൽ സാധ്യമാകുന്ന തരത്തിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുക. 
∙ പരിചരണവും സഹായവും ആവശ്യമുള്ളവരെ കണ്ടെത്തി അവർക്കു വേണ്ട സഹായം ചെയ്യാൻ തയാറാകുക. സന്നദ്ധപ്രവർത്തനങ്ങൾ ഏകാന്തതയ്ക്ക് നല്ല പ്രതിവിധിയാണ്. 

Representative image. Photo Credit: Deepak Sethi/istockphoto.com
Representative image. Photo Credit: Deepak Sethi/istockphoto.com

സാമൂഹികമായി പ്രതിരോധിക്കാം
∙ ഏകാന്തതയും ഒറ്റപ്പെടലും ഗൗരവമുള്ളതും എന്നാൽ മാറ്റിയെടുക്കാവുന്നതുമായ ഒരു പ്രശ്‌നമാണെന്നു തിരിച്ചറിയുക. ഇത് അനുഭവിക്കുന്നവരെ സഹായിക്കാൻ പൊതുസമൂഹം തയാറാകണം. 
∙ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും ഈ ദൗത്യം ഏറ്റെടുക്കുക. 
∙ സാമൂഹിക ഒറ്റപ്പെടലിലേക്കു നയിക്കുന്ന ചില പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഉദാ: കളിയാക്കൽ, പരിഹാസം തുടങ്ങിയവ. 
∙ ആരോഗ്യകരമായ സാമൂഹികബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക. വിവാഹം, കുടുംബം, അയൽക്കൂട്ടങ്ങൾ, ബന്ധുമിത്രാദികൾ, സഹപ്രവർത്തകർ തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങളുടെ കണ്ണികൾ കൂടുതൽ കരുത്തുറ്റതാക്കുക. 

മുന്‍പേ പറന്ന് ഇംഗ്ലണ്ടും ജപ്പാനും
2018 ല്‍ ഇംഗ്ലണ്ടില്‍ ഏകാന്തതയെ പ്രതിരോധിക്കാനുള്ള നടപടികളുടെ പ്രത്യേക ചുമതല ഒരു മന്ത്രിക്ക് നല്‍കിക്കൊണ്ട് സര്‍ക്കാര്‍തല  നടപടികള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി തയാറായി. 2021ല്‍ ജപ്പാന്‍ ഗവണ്‍മെന്റും സമാനമായ നടപടികള്‍ സ്വീകരിച്ചു. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. കെ.എസ്.ഷാജി, ഡീന്‍ (ഗവേഷണം), ആരോഗ്യ സര്‍വകലാശാല, തൃശൂര്‍

English Summary:

Loneliness in Elder People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com