ADVERTISEMENT

പ്രശ്‌നഭരിതവും അത്ര സന്തോഷകരവുമല്ലാത്ത ബാല്യകാലത്തിലൂടെ കടന്ന്‌ പോകുന്ന കുട്ടികള്‍ ഉപേക്ഷിക്കപ്പെടുമോ, നിരസിക്കപ്പെടുമോ എന്നെല്ലാമുള്ള ഭയത്തിലാണ്‌ വളര്‍ന്നു വരുന്നത്‌. ഈ സമയത്ത്‌ അവരുടെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ വലുതാകുമ്പോള്‍ അവരുടെ ബന്ധങ്ങളില്‍ പല തരത്തില്‍ പ്രതിഫലിക്കാം. വലുതാകുമ്പോള്‍ ബന്ധങ്ങള്‍ക്കുള്ളില്‍ നാം പെരുമാറുന്ന രീതി, മറ്റുള്ളവരോടുള്ള നമ്മുടെ ഇണക്കത്തിന്റെ സ്വഭാവം, നമ്മുടെ ചിന്താഗതി എന്നിവയെ എല്ലാം സ്വാധീനിക്കാന്‍ കുട്ടിക്കാലത്ത്‌ നാം വളര്‍ത്തിയെടുക്കപ്പെട്ട സാഹചര്യത്തിന്‌ സാധിക്കും.

ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ കുട്ടിക്കാലത്ത്‌ മനസ്സിനേറ്റ മുറിവുകളെ ഓര്‍മ്മിപ്പിക്കുന്ന പ്രകോപനങ്ങളായി മാറാം. ഇവയെ തിരിച്ചറിയുന്നത്‌ ഈ മുറിവുകളെ ഉണക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന്‌ തെറാപിസ്റ്റ്‌ എമ്മിലോ സീമാന്‍ തന്റെ ഇന്‍സ്‌റ്റാഗ്രാമില്‍ പങ്കുവച്ച പോസ്‌റ്റില്‍ പറയുന്നു. അത്തരം ചില പ്രകോപനങ്ങളെ പരിചയപ്പെടുത്തുകയാണ്‌ എമ്മിലോ. 

Representative image. Photo Credits: DimaBerlin/ Shutterstock.com
Representative image. Photo Credits: DimaBerlin/ Shutterstock.com

1. വിമര്‍ശനങ്ങളും പ്രതികരണങ്ങളും
വളരെ കര്‍ക്കശക്കാരും വിമര്‍ശന സ്വഭാവമുള്ളവരുമായ മാതാപിതാക്കളാല്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക്‌ മുതിരുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങളും പ്രതികരണങ്ങളും അസഹനീയമായി മാറാം. ഇവയെ പലപ്പോഴും അംഗീകരിക്കാന്‍ ഇവര്‍ക്ക്‌ സാധിക്കില്ല. കാരണം വിമര്‍ശനങ്ങളും പ്രതികരണങ്ങളും ഇവരുടെ മനസ്സിനെ തങ്ങളുടെ വേദനാജനകമായ കുട്ടിക്കാല ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകും. 

2. ഉയരുന്ന ശബ്ദം
നിരന്തരം വഴക്കും വക്കാണവും ആക്രോശങ്ങളും നിറഞ്ഞ ഒരു വീട്ടില്‍ വളര്‍ന്ന കുട്ടികള്‍ക്ക്‌ നേരേ വലുതാകുമ്പോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവര്‍ വേഗം ഉത്‌കണ്‌ഠാകുലരാകും. കുട്ടിക്കാലത്തെ മുറിവുകള്‍ തുറക്കാനുള്ള പ്രകോപനമായി ഉയര്‍ന്ന ശബ്ദം ഇവിടെ മാറും. 

3. അധികാര രൂപങ്ങള്‍
നിരന്തരം ഭീഷണിപ്പെടുത്തുകയും വഴക്ക്‌ പറയുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന അധികാര രൂപികള്‍ക്കിടയില്‍ വളര്‍ന്ന കുട്ടികള്‍ക്ക്‌ പില്‍ക്കാലത്ത്‌ അവരുടെ മേലധികാരികളുമായി പോലും പൊരുത്തപ്പെടാന്‍ കഴിയാതെ വന്നേക്കാം. ഇത്തരം അധികാര രൂപങ്ങള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ കുട്ടിക്കാലത്ത്‌ നേരിട്ട അതേ നിസ്സാഹായതയും ബലഹീനതയും അവര്‍ക്ക്‌ അനുഭവപ്പെടാം. 

4. വിയോജിപ്പ്
ചില കുട്ടികളെ അവരുടെ എതിരഭിപ്രായങ്ങളോ വിയോജിപ്പോ പ്രതിഷേധങ്ങളോ രേഖപ്പെടുത്താന്‍ അവസരം നല്‍കാതെയാണ്‌ മാതാപിതാക്കള്‍ വളര്‍ത്തുക. എന്തു തരം വികാരമായാലും അടക്കി മിണ്ടാതെ ഇരിക്കാനും സന്തോഷം നടിക്കാനുമാകും അവര്‍ക്ക്‌ നല്‍കപ്പെടുന്ന നിര്‍ദ്ദേശം. ഇത്തരം കുട്ടികള്‍ ഭാവിയില്‍ എന്തെങ്കിലും തര്‍ക്കത്തിലോ കലഹത്തിലോ പെടുമ്പോള്‍ അവര്‍ക്ക്‌ അതിനെ നേരിടാനേ സാധിച്ചെന്ന്‌ വരില്ല. വിയോജനങ്ങള്‍ ബന്ധങ്ങളുടെ അവസാനമായിട്ടാകും അവര്‍ കാണുക. ഇതവരെ ഉത്‌കണ്‌ഠാകുലരും സമ്മര്‍ദ്ധത്തിന്‌ അടിപ്പെടുന്നവരുമാക്കും. അനാരോഗ്യകരമായ ചിന്തകളിലേക്കും ഇത്‌ നയിക്കും. 

ഇത്തരം പ്രകോപനങ്ങളെ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി കുട്ടിക്കാലത്തെ മുറിവുണക്കാന്‍ ശ്രമിക്കേണ്ടത്‌ അത്യാവശ്യമാണ്‌. മനസ്സിന്‌ അവ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം കുറയ്‌ക്കാന്‍ ആവശ്യമെങ്കില്‍ മനശാസ്‌ത്രജ്ഞന്റെ സഹായം തേടാവുന്നതാണ്‌. 

English Summary:

Triggers from Childhood Trauma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com