ADVERTISEMENT

ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്ന വൈറല്‍ അണുബാധയാണ്‌ മുണ്ടിനീര്‌ അഥവാ മംപ്‌സ്‌. പാരാമിക്‌സോവൈറസ്‌ മൂലം വരുന്ന ഈ രോഗം ഉമിനീര്‍ വഴിയോ ശ്വാസകോശത്തില്‍ നിന്നു പുറത്ത്‌ വരുന്ന തുള്ളികള്‍ വഴിയോ പടരുന്നു. ശ്വസനനാളി വഴി ശരീരത്തിനുള്ളില്‍ കടക്കുന്ന പാരാമിക്‌സോവൈറസ്‌ പിന്നീട്‌ രക്തപ്രവാഹത്തിലേക്കും പടരും. ഉമിനീര്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥിയായ പരോടിഡ്‌ ഗ്രന്ഥിയെ ലക്ഷ്യം വയ്‌ക്കുന്ന വൈറസ്‌ അണുബാധയ്‌ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു. 

മുണ്ടിനീരിനെതിരെയുള്ള വാക്‌സീന്‍ എടുക്കാത്ത രണ്ട്‌ വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ്‌ ഈ രോഗം പൊതുവേ വരാറുള്ളത്‌. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ വാക്‌സീന്‍ എടുത്ത കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ പ്രതിരോധ ശേഷി കുറയുന്നതിനെ തുടര്‍ന്ന്‌ മുണ്ടിനീര്‌ വരാറുണ്ട്‌. 

ഉമിനീര്‍ ഗ്രന്ഥി വീര്‍ക്കുന്നതിനെ തുടര്‍ന്ന്‌ മുഖത്ത്‌ കവിളില്‍ ഉണ്ടാകുന്ന നീരാണ്‌ മുണ്ടിനീരിന്റെ പ്രാഥമിക ലക്ഷണം. പനി, തലവേദന, പേശിവേദന, ക്ഷീണം, എന്തെങ്കിലും വിഴുങ്ങാനുള്ള ബുദ്ധിമുട്ട്‌ എന്നിവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍. തലച്ചോര്‍, വൃഷ്‌ണം ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ വീക്കം അടക്കമുള്ള രോഗസങ്കീര്‍ണ്ണതകളിലേക്കും മുണ്ടിനീര്‍ നയിക്കാം. എന്നാല്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ അപൂര്‍വമാണ്‌. 

രക്തത്തിന്റെയോ ഉമിനീരിന്റെയോ പരിശോധന വഴിയാണ്‌ മുണ്ടിനീര്‌ സ്ഥിരീകരിക്കുന്നത്‌. അണുബാധ പടരാതിരിക്കാന്‍ കൃത്യസമയത്ത്‌ രോഗനിര്‍ണ്ണയം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. മുണ്ടിനീരിന്‌ കൃത്യമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനുമുള്ള ചികിത്സയാണ്‌ നല്‍കാറുള്ളത്‌. ആവശ്യത്തിന്‌ വിശ്രമവും ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുന്നതും വേദന സംഹാരികളും ആശ്വാസം നല്‍കും. വീര്‍ത്ത ഗ്രന്ഥികളില്‍ ചൂടോ തണുപ്പോ നല്‍കുന്നതും ലക്ഷണങ്ങള്‍ ഭേദമാക്കും. 

മീസില്‍സ്‌, മംപ്‌സ്‌, റൂബെല്ല എന്നീ രോഗങ്ങള്‍ക്കെതിരെ നല്‍കുന്ന എംഎംആര്‍ വാക്‌സീന്‍ എടുക്കുന്നത്‌ മുണ്ടിനീര്‌ വരാനുള്ള സാധ്യത കുറയ്‌ക്കും. ഇന്ത്യയില്‍ മൂന്ന്‌ ഡോസുകളായാണ്‌ ഈ വാക്‌സീന്‍ നല്‍കുന്നത്‌. ഒന്‍പത്‌ മുതല്‍ 12 മാസത്തിനിടെ ആദ്യ ഡോസും 15 മുതല്‍ 18 മാസത്തിനിടെ രണ്ടാം ഡോസും നാലു മുതല്‍ ആറ്‌ വയസ്സിനിടെ മൂന്നാം ഡോസും നല്‍കും. 

English Summary:

Causes and Symptoms of Mumps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com