ADVERTISEMENT

പുതുവര്‍ഷം വന്നുകഴിഞ്ഞു. പലരും പല പുതിയ തീരുമാനങ്ങളും പ്രതിജ്ഞകളുമൊക്കെ എടുത്തിട്ടുണ്ടാവും. 'ഓ, ഇത്രയൊക്കെ പ്രായമായില്ലേ, ഇനിയെന്നാ തീരുമാനം' എന്നു വിചാരിക്കുന്നവരുമുണ്ടാകും. ആരോഗ്യ പ്രശ്‌നം കൊണ്ടോ മറ്റോ ചില തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരായാലും അത് തന്നെക്കൊണ്ട് തുടരാന്‍ കഴിയുമോ എന്ന നിസ്സഹായാവസ്ഥയിലായിരിക്കും ചിലര്‍. മുന്‍വിധി കൊണ്ട് പുതിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കേണ്ട. തുടങ്ങുന്നത് നിര്‍ത്താതിരിക്കാനും നിര്‍ത്തിയവ വീണ്ടും തുടങ്ങാതിരിക്കാനും ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

കൂട്ടായി നടന്നാൽ മുടങ്ങാതെ നടക്കാം
പലരും ജനുവരി ഒന്നു മുതല്‍ രാവിലെ നടക്കാന്‍ തീരുമാനിക്കുമെങ്കിലും കുറച്ചുദിവസം കഴിയുന്നതോടെ മടിപിടിച്ച് നടത്തം അവസാനിപ്പിക്കും. ഇതൊഴിവാക്കാന്‍ മാര്‍ഗമുണ്ട്.

Representative image. Photo Credit: tunart/istockphoto.com
Representative image. Photo Credit: tunart/istockphoto.com

പരിചയക്കാരും സമപ്രായക്കാരുമായ ആളുകളോടൊപ്പം കൂട്ടമായി നടക്കാന്‍ പോകുക. പരിചയക്കാരെ കാണാമെന്ന താല്പര്യം നടക്കാന്‍ പോകാന്‍ പ്രേരിപ്പിക്കും. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ പറഞ്ഞു കൊണ്ടുള്ള നടത്തം കൂടുതല്‍ ഉല്ലാസകരമാകും. കൂട്ടത്തിലുള്ള ആരെങ്കിലും ഒരു ദിവസം വന്നില്ലെങ്കില്‍ 'എന്തുപറ്റി ഇന്ന് കണ്ടില്ലല്ലോ' എന്ന് വിളിച്ചുചോദിച്ച് നടത്തത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൂട്ടുകാര്‍ സഹായിക്കും.

സമപ്രായക്കാരായ കൂട്ടുകാരെ കിട്ടാന്‍ വിഷമമുണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് നടക്കാന്‍ പോകുന്നതും നല്ലതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു നടക്കാം. കൊച്ചുമക്കളോടൊത്തുള്ള നടത്തവും വയോജനങ്ങള്‍ക്ക് ആഹ്ലാദകരമായിരിക്കും.

ദുഃശ്ശീലം നിർത്താൻ നല്ല ശീലം പഠിക്കാം
പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങള്‍ പലരും നിര്‍ത്താന്‍ ശ്രമിക്കുന്നത് പുതുവര്‍ഷത്തിലാണ്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ പഴയ ശീലത്തിലേക്ക് മടങ്ങിപ്പോകുന്നവര്‍ ഏറെയുണ്ട്. ഈ ശീലങ്ങള്‍ നല്‍കുന്നെന്നു കരുതുന്ന സന്തോഷം പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ തോന്നുന്ന അസ്വസ്ഥതയാണ് പലരെയും ഇതിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ശീലങ്ങള്‍ നിര്‍ത്തുമ്പോള്‍ പകരം ആഹ്ലാദകരമായ എന്തെങ്കിലുമൊന്ന് ദിവസേന ചെയ്യാനായി കണ്ടെത്തണം. വ്യായാമമോ കലാപരമായ വിനോദങ്ങളോ പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കുകയോ സൗഹൃദ കൂട്ടായ്മകളില്‍ ചെലവഴിക്കുകയോ ആകാം.

smoking-DjelicS-istockphoto

പുകവലിയും മദ്യപാനവും ഘട്ടംഘട്ടമായി നിര്‍ത്താം എന്ന് വിചാരിച്ചാല്‍ നടക്കില്ല. ഈ ശീലങ്ങള്‍ നിര്‍ത്താന്‍ ഒരു ദിവസം തീരുമാനിക്കുക. അതിന് 5 ദിവസം മുന്‍പെങ്കിലും അളവ് കുറച്ചുതുടങ്ങുക. പകരം നാം തിരഞ്ഞെടുത്തിരിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു തുടങ്ങുക. ഇതുവഴി മനസ്സിന് ആഹ്ലാദം പകരുന്ന ഡോപമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂട്ടാനും അതുവഴി ലഹരി വസ്തുവിനോടുള്ള ആസക്തി കുറയ്ക്കാനും സാധിക്കുന്നു. ശീലം അവസാനിപ്പിക്കാന്‍ നാം തിരഞ്ഞെടുത്ത ദിവസം രാവിലെ മുതല്‍ അത് പൂര്‍ണ്ണമായും അവസാനിപ്പിക്കുക. വിരസത തോന്നുന്ന സമയം കുറയ്ക്കാനായി നാം തെരഞ്ഞെടുത്ത വിനോദത്തിനായി സമയം കൂടുതല്‍ ചെലവിടുക.

(തീവ്രമായ ലഹരി ആസക്തി ഉള്ള വ്യക്തികള്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സയുടെ സഹായത്തോടെ വേണം ആ ശീലം അവസാനിപ്പിക്കേണ്ടത്.)

ഭക്ഷണക്രമത്തിന് ഒരു ദിവസം അവധി
പലരും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരാകാം. പ്രത്യേക ഭക്ഷണക്രമീകരണങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഉണ്ടാകാം. എന്നാല്‍ പലപ്പോഴും ഇതു പാലിക്കാന്‍ പലര്‍ക്കും കഴിയാതെ വരാറുണ്ട്.


Representative image. Photo Credit: RossHelen/istockphoto.com
Representative image. Photo Credit: RossHelen/istockphoto.com

ഈ വര്‍ഷം പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചോറും എണ്ണയില്‍ വറുത്തതും കുറയ്ക്കാന്‍ തീരുമാനമെടുക്കാം. മാസത്തില്‍ ഒരു ദിവസം ഭക്ഷണക്രമത്തില്‍ അയവുവരുത്തി മനസ്സിന് ഇഷ്ടമുള്ള എന്തെങ്കിലുമൊക്കെ കഴിക്കാം. പക്ഷേ, ബാക്കി ദിവസങ്ങളിലെല്ലാം ഭക്ഷണക്രമം നിര്‍ബന്ധമായും പാലിക്കണം. വയോജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കുടുംബാംഗങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് ചുവടുമാറ്റിയാല്‍ കുടുംബത്തിന്റെ ആരോഗ്യം തന്നെ മെച്ചപ്പെടും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ, സൈക്യാട്രി വിഭാഗം പ്രഫസർ മെഡിക്കൽ കോളേജ് തിരുവനന്തപുരം

നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ

English Summary:

Tips to focus on New habits and lead a good life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com