ADVERTISEMENT

ആധുനിക യുഗത്തില്‍ നമ്മുടെ ചെറുപ്പക്കാരില്‍ നല്ലൊരു പങ്കും ദിവസത്തിന്റെ ഏറിയ സമയവും ചെലവഴിക്കുന്നത്‌ തങ്ങളുടെ ലാപ്‌ടോപ്പിന്‌ മുന്നിലാണ്‌. ഐടി, ഐടി ഇതര ജോലികള്‍ക്കെല്ലാം ദീര്‍ഘനേരമുള്ള  ഇരുപ്പ്‌ ആവശ്യമായി വരുന്നു. ജോലി കഴിഞ്ഞാലും ഒടിടി പ്ലാറ്റ്‌ഫോമും സാമൂഹിക മാധ്യമങ്ങളുമൊക്കെയായി ഈ ഇരുപ്പ്‌ തുടരുന്നു. ഇത്തരത്തില്‍ ഒരേ പൊസിഷനില്‍ എട്ടും പത്തും മണിക്കൂറുള്ള ഈ ഇരുപ്പ്‌ ശരീരത്തിന്‌ ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. 

ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പുറംവേദന, കണ്ണിന്റെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ്‌ ദീര്‍ഘനേരം ഇരുന്ന്‌ പണിയെടുക്കുന്നവരെ കാത്തിരിക്കുന്നത്‌. അമിതവണ്ണവും പുകവലിയും ഉണ്ടാക്കുന്ന അതേ പ്രത്യാഘാതമാണ്‌ ദീര്‍ഘനേരത്തെ ഇരുപ്പ്‌ ശരീരത്തിനുണ്ടാക്കുന്നതെന്ന്‌ 2016ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. 


Representative Image. Deepak Sethi / iStock Photo.com
Representative Image. Deepak Sethi / iStock Photo.com

ഹ്രസ്വകാലത്തേക്ക്‌ അസ്വസ്ഥത, ക്ഷീണം, ശരീരത്തിന്‌ ദൃഢത പോലുള്ള പ്രശ്‌നങ്ങളാണ്‌ ഇത്‌ മൂലം ഉണ്ടാവുക. ഭാവിയില്‍ പുറം വേദന, മാറാരോഗങ്ങള്‍ എന്നിവയിലേക്ക്‌ ദീര്‍ഘനേരത്തെ ഇരുപ്പ്‌  നയിക്കുമെന്ന്‌ ഗുരുഗ്രാം സികെ ബിര്‍ല ഹോസ്‌പിറ്റലിലെ ഓര്‍ത്തോപീഡിക്‌സ്‌ വിഭാഗം ലീഡ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ. ദെബാശിഷ്‌ ചന്ദ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ദീര്‍ഘനേരത്തെ  ഇരുപ്പ്‌ ശരീരത്തില്‍ സമ്മര്‍ദ്ദത്തിനു കാരണമാകുന്ന ക്യാറ്റേകൊളാമിനുകളുടെ തോത്‌ ഉയര്‍ത്തും. യുവാക്കളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളിലൊന്ന്‌ അവരുടെ ഡെസ്‌ക്‌ ജോലിയാണെന്ന്‌ സാകേത്‌ മാക്‌സ്‌ സ്‌മാര്‍ട്ട്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ സമീര്‍ ആനന്ദും ചൂണ്ടിക്കാണിക്കുന്നു. ടെന്നീസ്‌ എല്‍ബോ, തോള്‍ വേദന, കുറഞ്ഞ ചയാപചയ നിരക്ക്‌, കുറഞ്ഞ ഉത്‌പാദന ക്ഷമത പോലുള്ള പ്രശ്‌നങ്ങളിലേക്കും ദീര്‍ഘനേരത്തെ ഇരുപ്പ്‌ നയിക്കാമെന്നും ഡോ. സമീര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

നിശ്ചലമായ ഇരുപ്പ്‌ ശരീരത്തിലെ രക്തചംക്രമണം കുറയ്‌ക്കുന്നത്‌ ക്ഷീണം, ഭാരവര്‍ധന, ഡിസ്‌ക്‌ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കും കാരണമാകാം. ശരീരത്തിലെ വലിയ പേശികള്‍ വിശ്രമത്തിലായി പോകാനും ദീര്‍ഘനേര ഇരുപ്പ്‌ കാരണമാകാം. ഈ സമയത്ത്‌ പേശികള്‍ വളരെ കുറച്ച്‌ ഗ്ലൂക്കോസ്‌ മാത്രമേ രക്തത്തില്‍ നിന്ന്‌ എടുക്കൂ. ഇതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരുന്ന ടൈപ്പ്‌ 2 പ്രമേഹത്തിനും സാധ്യത ഉയരുന്നതായി ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

ഉത്‌പാദനക്ഷമത, ധാരണശേഷിക്കുറവ്‌, അമിത സമ്മര്‍ദ്ദം, പ്രചോദനമില്ലായ്‌മ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും ദീര്‍ഘനേരത്തെ ഇരുപ്പ്‌ നയിക്കാമെന്ന്‌ മാനസികാരോഗ്യ വിദഗ്‌ധരും പറയുന്നു. 

ഇനി പറയുന്ന ചില ലളിതമായ നടപടികള്‍ ദീര്‍ഘനേരത്തെ ഇരുപ്പ്‌ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ നേരിടാന്‍ സഹായിക്കും. 
1. ഇടയ്‌ക്കിടെ  ഇടവേള
ജോലിക്കിടയില്‍ ഒരോ മണിക്കൂര്‍ കൂടുമ്പോള്‍ ഒരു ഇടവേളയെടുത്ത്‌ എഴുന്നേറ്റ്‌ നടക്കുകയോ ശരീരത്തിന്‌ ചലനം നല്‍കുകയോ ചെയ്യണം. സ്‌ട്രെച്ചിങ്‌ വ്യായാമങ്ങളോ കഴുത്ത്‌ കറക്കിയുള്ള ചെറു വ്യായാമങ്ങളോ ഒക്കെ ചെയ്യാം. ഇടയ്‌ക്ക്‌ എഴുന്നേറ്റ്‌ പോയി വെള്ളം കുടിക്കുകയോ മറ്റോ ചെയ്‌ത ശേഷം ശരീരത്തിന്‌ അല്‍പം വ്യായാമം നല്‍കിയ ശേഷം മാത്രം കസേരയിലേക്ക്‌ മടങ്ങുക. പുതിയ സ്‌മാര്‍ട്ട്‌ വാച്ചുകളില്‍ ദീര്‍ഘനേരത്തെ ഇരുപ്പ്‌ തടയാനുള്ള അലാം സെറ്റ്‌ ചെയ്യാവുന്നതാണ്‌. ഇത്‌ ദീര്‍ഘനേരത്തെ നിശ്ചലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടിരിക്കും. 

Representative Image. Photo Credit : Everyday better to do everything you love / iStockPhoto.com
Representative Image. Photo Credit : Everyday better to do everything you love / iStockPhoto.com

2. എര്‍ഗണോമിക്‌ വര്‍ക്ക്‌സ്‌പേസ്‌
അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതും പുറത്തിന്‌ അല്‍പം കൂടി സപ്പോര്‍ട്ട്‌ നല്‍കുന്നതുമായ എര്‍ഗണോമിക്‌ വര്‍ക്ക്‌സ്‌പേസ്‌ ഒരുക്കുന്നതും സഹായകമാണ്‌. 

3. ജലാംശം നിലനിര്‍ത്തണം
ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സന്തുലിതമായ ഭക്ഷണക്രമം പിന്തുടരാനും ശ്രമിക്കേണ്ടതാണ്‌. 

Representative image. Photo Credit:ViDI Studio/Shutterstock.com
Representative image. Photo Credit:ViDI Studio/Shutterstock.com

4. വ്യായാമം
ദീര്‍ഘനേരത്തെ ഇരുപ്പിന്റെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നടത്തം, ഓട്ടം, ജിം വര്‍ക്​ഔട്ടുകള്‍ പോലുള്ള വ്യായാമമുറകളും ദിവസവും പിന്തുടരാം. 

5. കണ്ണിന്‌ വിശ്രമം
ഒരോ ഇരുപത്‌ മിനിട്ടിലും ലാപ്‌ടോപ്പില്‍ നിന്ന്‌ മാറി 20 അടി അകലെയുള്ള എന്തെങ്കിലും വസ്‌തുവില്‍ 20 സെക്കന്റ് ദൃഷ്ടി ഉറപ്പിക്കുന്നത്‌ കണ്ണുകള്‍ക്കും വിശ്രമം നല്‍കും. 

6. ധ്യാനം, ശ്വസന വ്യായാമങ്ങള്‍
സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ധ്യാനം, ശ്വസന വ്യായാമങ്ങള്‍ എന്നിവ സഹായകമാണ്‌. 

7. ആരോഗ്യ പരിശോധന
ദീര്‍ഘനേരത്തെ ഇരുപ്പ്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാനും പരിഹാരനടപടികള്‍ സ്വീകരിക്കാനും ഇടയ്‌ക്കിടെ ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്‌. 

ജോലിയ്ക്കിടയിലെ കഴുത്തുവേദന എളുപ്പത്തിൽ മാറ്റാം: വിഡിയോ

English Summary:

Health Issues caused by sitting for a long time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com