ADVERTISEMENT

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാനത്ത് രൂപീകരിക്കുന്ന വയോജന കമ്മിഷന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന രേഖയിലും ഇടംപിടിച്ചു. കമ്മിഷന്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

നയപ്രഖ്യാപന രേഖയുടെ 27, 28 പേജുകളിലാണ് കേരള വയോജന കമ്മിഷനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. വയോജന കമ്മിഷന്‍ ബില്ലിന്റെ കരടിന് നേരത്തേ നിയമവകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നു. ബില്ലിലെ വകുപ്പുകളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്തി വരികയാണ്.  

Representative Image. Photo Credit : Triloks / iStockPhoto.com
Representative Image. Photo Credit : Triloks / iStockPhoto.com

രാഷ്ട്രപതിയുടെ അംഗീകാരം വേണം
കേരള വയോജന കമ്മിഷന്‍ ബില്‍ നിയമസഭ പാസാക്കുകയാണ് അടുത്ത നടപടി. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയുള്ളൂ. ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഭരണഘടനയുടെ 38ാം അനുച്ഛേദം നിര്‍ദേശക തത്ത്വങ്ങളില്‍പ്പെട്ടതാണ് ഇവയെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. ആസഫ് അലി പറഞ്ഞു. ഇത്തരം വിഷയത്തില്‍ സംസ്ഥാനം നിയമനിര്‍മാണം നടത്തുകയാണെങ്കില്‍ ഭരണഘടനയുടെ 31(സി) ഉപവകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിഷയം ആയതിനാലും ഭരണഘടനയുടെ 254 (2) അനുഛേദം അനുസരിച്ചും രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്‌ക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണെന്നും ആസഫ് അലി പറഞ്ഞു. 

കമ്മിഷന്‍ ആസ്ഥാനം തലസ്ഥാനത്ത്
കമ്മിഷനില്‍ ചെയര്‍പഴ്‌സനും ആറില്‍ കുറയാത്ത അംഗങ്ങളും ഉണ്ടാകും. കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. വയോജന കമ്മിഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ മുതിര്‍ന്ന പൗരന്‍മാരുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കി വയോജന സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

1458941720
Representative image. Photo Credit:toa55/istockphoto.com

നയപ്രഖ്യാപനത്തില്‍ പറയുന്നത് ഇങ്ങനെ
"വയോജനങ്ങളുടെ പരിചരണം, പിന്തുണയ്ക്കല്‍, എന്നീ മേഖലകളില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശവും നയപരമായ ഉപദേശവും നല്‍കുന്നതിനും അവരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കുന്നതിന് നയനടപടികള്‍ നിര്‍ദേശിക്കുന്നതിനും 'വയോജന' കമ്മിഷന്‍' സ്ഥാപിക്കുന്നതാണ്.  എന്റെ സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാരുടെ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യമാക്കി ഐടി@എല്‍ഡര്‍ലി സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നതിനൊപ്പം 2013ലെ സംസ്ഥാന വയോജന നയത്തിലും 2009ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പരിപാലനവും ക്ഷേമവും ചട്ടങ്ങളിലും സമഗ്രമായ പരിഷ്‌കരണം കൊണ്ടുവരാനും ഉദ്ദേശിക്കുന്നു."

വയോജനങ്ങള്‍ക്ക് നീതി നിഷേധിക്കുകയോ അവരോട് അതിക്രമം കാട്ടുകയോ ചെയ്താല്‍ സ്വമേധയാ കേസെടുക്കാന്‍ അധികാരം നല്‍കുന്നതിന് പൂര്‍ണ അധികാരങ്ങളുള്ള ഒരു വയോജന കമ്മിഷന്‍ സംസ്ഥാനത്ത് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2006 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ നടത്തിയ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംഘടനയുടെ അഭിപ്രായം അറിയിച്ചിരുന്നു. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍, അവകാശങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടാനും പരിഹരിക്കാനും വയോജന കമ്മിഷനു മാത്രമേ കഴിയൂ. 

വിവരങ്ങൾക്ക് കടപ്പാട്: അമരവിള രാമകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍)

പ്രമേഹത്തെ പ്രതിരോധിക്കാം: വിഡിയോ

English Summary:

Welfare Commission for Elderly People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com