ADVERTISEMENT

സെർവിക്കൽ കാൻസറിനെ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ. വൈറസിനെതിരെയുള്ള വാക്സീനിലൂടെ ഫലപ്രദമായി തടയാവുന്നതാണ് ഈ അർബുദം. പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് ‌സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി പറയുന്നു. സെർവിക്കൽ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി സെർവിക്കൽ കാൻസറിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. മിക്കവരിലും കാൻസറിന്റെ വികസിത ഘട്ടത്തിൽ രോഗനിർണയം നടത്തുന്നത് അതിജീവനം മോശമാകുന്നതിലേക്ക് നയിക്കുന്നുവെന്നും ഡോക്ടർ പറയുന്നു.

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്തും തിരുവനന്തപുരത്തെയും കൊല്ലത്തെയും കാൻസർ റജിസ്‌ട്രി പ്രകാരം കേരളത്തിൽ മൂന്നാംസ്ഥാനത്തുമുള്ള അർബുദമാണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. ഒരു വർഷം 1 ലക്ഷം സ്ത്രീകളിൽ 7 പേർക്ക് ഇത് ബാധിക്കപ്പെടുന്നു. എന്നാൽ, ഈ രോഗികളിൽ പകുതി (51.7%) മാത്രമാണ് ഇന്ത്യയിൽ രോഗനിർണയത്തിനു ശേഷം 5 വർഷം അതിജീവിക്കുന്നത്. ത്രിപുര പോലുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് അതിജീവനം ഏറ്റവും കുറവ്, 31%. അതിജീവനം ഏറ്റവും ഉയർന്നത് അഹമ്മദാബാദിലാണ്, 61.5%. തൊട്ടുപിന്നിൽ കേരളത്തിലെ രണ്ട് ജില്ലകളാണ്, തിരുവനന്തപുരവും കൊല്ലവും. 58.8% ഉം 56.1% ഉം ആണ് അവിടങ്ങളിലെ അതിജീവന നിരക്ക്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് അതിജീവനം കൂടുതൽ.


Representative image. Photo Credit: mi-viri/istockphoto.com
Representative image. Photo Credit: mi-viri/istockphoto.com

ഹ്യൂമൻ പാപ്പിലോമ എന്ന വൈറസ് ശരീരത്തിൽ വിടാതെ പിടിമുറുക്കുന്നതാണ് സെർവിക്കൽ കാൻസറിലേക്ക് നയിക്കുന്നത്. നിരവധി ഗർഭധാരണങ്ങൾ, സ്വകാര്യഭാഗങ്ങളിലെ ശുചിത്വമില്ലായ്മ, കുറഞ്ഞ രോഗപ്രതിരോധശേഷി, പുകയില, ഒന്നിലധികം ലൈംഗിക പങ്കാളികൾ, ലൈംഗികജീവിതം നേരത്തേ ആരംഭിക്കുന്നത് തുടങ്ങിയവ വൈറസ് ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരാളുടെ ലൈംഗികജീവിതം വളരെ ഊർജസ്വലമായി നിൽക്കുന്ന കാലഘട്ടത്തിലാണ് വൈറസിന്റെ പ്രവർത്തനം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരിലാണ് വൈറസ് ബാധിക്കാനുള്ള സാധ്യതയേറെയും. പത്തു മുതൽ 15 വരെ വർഷം എടുത്താണ് വൈറസ് കോശത്തിന് രൂപമാറ്റം വരുത്തുന്നത്. കോശത്തിന് രൂപമാറ്റം സംഭവിക്കുന്ന സിഐഎൻ -1, സിഐഎൻ -2, സിഐഎൻ -3 എന്നിങ്ങനെയാണ് സെർവിക്കൽ കാൻസറിന് മുമ്പുള്ള ഘട്ടങ്ങൾ. ഇതിൽ ആദ്യഘട്ടം ശരീരം തന്നെ സുഖപ്പെടുത്തും. രണ്ടും മൂന്നും ഘട്ടങ്ങളാണ് കാൻസറായി മാറുന്നത്. അതുകൊണ്ടുതന്നെ സെർവിക്കൽ കാൻസറിന് പ്രത്യേക ലക്ഷണങ്ങൾ തുടക്കത്തിൽ ശരീരം കാണിക്കില്ല. എന്നാൽ, കാൻസറായിക്കഴിഞ്ഞാൽ ലൈംഗികബന്ധത്തിനു ശേഷവും ആർത്തവവിരാമത്തിനു ശേഷവും രക്തസ്രാവം ഉണ്ടാകാം.

ഏറ്റവും പുതിയ ഐഎആർസി ഗ്ലോബോകാൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിലവിൽ എച്ച്പിവി വാക്സിനേഷൻ നിരക്ക് 1 ശതമാനത്തിൽ താഴെയും ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം സെർവിക്കൽ കാൻസർ സ്ക്രീനിങ് കവറേജ് 2-3 ശതമാനവും മാത്രമാണ്. എറണാകുളത്ത് അടുത്തിടെ നടത്തിയ ഒരു പഠനം എച്ച്പിവി വാക്സിനേഷനെക്കുറിച്ചുള്ള അവബോധം കേരളത്തിൽ മോശമാണെന്ന് കാണിക്കുന്നു. നാലിൽ ഒരാൾ മാത്രമാണ് വാക്സിനേഷനെക്കുറിച്ച് കേട്ടിട്ടുള്ളത്. 9-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്നതിലൂടെ ഭാവിതലമുറയിൽ കാൻസർ ഇല്ലാതാക്കാനാവും. ജനനേന്ദ്രിയ അരിമ്പാറ, ഓറൽ– ഏനൽ അർബുദങ്ങൾ മുതലായവയിൽ നിന്ന് വാക്സീൻ സംരക്ഷിക്കും എന്ന കാരണത്താൽ ആൺകുട്ടികൾക്കും വാക്സിനേഷൻ നൽകുന്നുണ്ട്. എന്നാൽ എച്ച്പിവി വാക്സീന്റെ ഉയർന്ന വില വെല്ലുവിളിയാണ്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സീൻ അവതരിപ്പിച്ചതോടെ ചെലവു കുറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സർക്കാരുകളും പൗരസമൂഹവും ഇതിന് മുൻഗണന നൽകണം. ഇന്ത്യയിലെ സിക്കിം മാതൃകാപരമായി കുട്ടികളിൽ എച്ച്പിവി വാക്സിനേഷൻ നടപ്പാക്കിയിട്ടുണ്ട്.

Photo Credit: eSideProFoto/ Shutterstock.com
Photo Credit: eSideProFoto/ Shutterstock.com

രോഗത്തെ ഇല്ലാതാക്കാൻ നമ്മെ സഹായിക്കുന്ന മൂന്ന് പോയിന്റ് ഫോർമുല ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നു. വാക്‌സിനേഷൻ, നിലവാരമുള്ള പരിശോധനകൾ വഴി നേരത്തേയുള്ള രോഗനിർണയം, ചികിത്സ എന്നിവയാണ് അവ. എറണാകുളത്ത് നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ 92.9% (208) പേരും, സൗജന്യമായി നൽകിയാൽ ഭാവിയിൽ സ്ക്രീനിങ് ടെസ്റ്റുകൾക്ക് വിധേയരാകാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. എച്ച്പിവി ഡിഎൻഎ കണ്ടെത്തൽ പ്രാഥമിക സ്ക്രീനിങ് ടെസ്റ്റായി ഉപയോഗിക്കാനും 30 വയസ്സ് മുതൽ സ്ത്രീകൾ 5 മുതൽ 10 വർഷത്തെ ഇടവേളകളിൽ സെർവിക്കൽ സ്ക്രീനിങ് നടത്താനും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. അസറ്റിക് ആസിഡ് ഉപയോഗിച്ചുള്ള വിഐഎ (വിഷ്വൽ ഇൻസ്പെക്‌ഷൻ) ഓരോ 3 വർഷത്തിലും നടത്താൻ ഇന്ത്യൻ മാർഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു.

‘‘എച്ച്പിവി ഡിഎൻഎ പരിശോധന എല്ലാവർക്കും ലഭ്യമാകുന്നതും താങ്ങാനാവുന്നതുമാക്കാൻ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. സ്വയം പരിശോധന നടത്തുന്നതിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ സെർവിക്കൽ കാൻസ‌ർ രംഗത്ത് അടിമുടി മാറ്റമുണ്ടാക്കാൻ അതിന് കഴിയും.’’ ഡോ. അശ്വതി പറയുന്നു.

പെൺകുട്ടികളുടെ എച്ച്പിവി വാക്സിനേഷൻ വർധിക്കുന്നതിലൂടെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള മിക്ക രാജ്യങ്ങളിലും സെർവിക്കൽ കാൻസർ ഇല്ലാതാക്കാം. കൂടുതൽ സ്‌ക്രീനിങ് സർവിക്കൽ കാൻസറിന്റെ വ്യാപനം കുറയ്ക്കുന്നത് വേഗത്തിലാക്കും. 2030 ഓടെ സെർവിക്കൽ കാൻസർ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. അതിനായി 100000 ൽ 4 ൽ താഴെ ആളുകൾക്ക് മാത്രം രോഗം ബാധിക്കുന്നതിലേക്ക് ചുരുങ്ങണം. സർവിക്കൽ കാൻസർ പൊതുവെ കുറവാണെന്നതിനാൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഈ ലക്ഷ്യത്തിൽ പെട്ടെന്ന് എത്തിച്ചേരാനാകും.

വൈറ്റമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും: വിഡിയോ

English Summary:

HPV Vaccination for Children to prevent cancer in Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com