ADVERTISEMENT

ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ വരാം. കൃത്യമായ ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചവരാണ് കാൻസർ ബാധിതരിൽ അധികവും. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദങ്ങളിൽ മുൻപന്തിയിലാണ് സ്തനാർബുദം. സ്ത്രീകളിലെ അർബുദങ്ങളിൽ മൂന്നിൽ ഒന്ന് അഥവാ 30–35 ശതമാനവും സ്തനാർബുദമാണ്. എന്നാൽ അവികസിത രാജ്യങ്ങളിലും ഗ്രാമീണ മേഖലകളിലെ സ്ത്രീകളിലും കൂടുതൽ കാണപ്പെടുന്നത് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദമാണ്. ഗർഭപാത്രത്തിനും ജനനേന്ദ്രിയത്തിനും ഇടയ്ക്കുള്ള ഭാഗത്തിനെയാണ് സെർവിക്സ് എന്നു പറയുന്നത്. 

ഇന്ത്യയിലെ കാന്‍സർ രോഗികളുടെ കണക്കുകൾ നോക്കുന്നത് പോപുലേഷൻ ബേസ്ഡ് കാൻസർ റജിസ്ട്രി (പിബിസിആർ) ആണ്. രാജ്യത്തെ കാൻസർ റജിസ്ട്രി പ്രോഗ്രാമുകൾ പ്രകാരം ഇന്ത്യയിലെ നഗരമേഖലയിൽ ഏറ്റവും കൂടുതൽ സ്തനാർബുദം അഥവാ ബ്രെസ്റ്റ് കാൻസർ ആണ് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഗ്രാമീണ മേഖലയിൽ ഗർഭാശയമുഖ കാൻസറാണ് കൂടുതൽ. കേരളത്തില്‍ സ്തനാർബുദവും അതിനുശേഷം യൂട്രസിലും ഓവറിയിലും കാണപ്പെടുന്ന കാൻസറുമാണ് എണ്ണത്തിൽ കൂടുതൽ. സെർവിക്കൽ കാൻസർ ബാധിതരുടെ എണ്ണം കേരളത്തിൽ കുറവാണെങ്കിലും ഇന്നും സ്ത്രീകളുടെ ആരോഗ്യത്തിനു ഭീഷണി തന്നെയാണ്. 

cervical-cancer-ericsphotography-Shutterstock
Representative image. Photo Credit: ericsphotography/Shutterstock.com

40നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സാധാരണയായി സെർവിക്കൽ കാന്‍സർ കണ്ടുവരുന്നത്. പ്രായം കൂടിയ വ്യക്തികളിലും സെർവിക്കൽ കാൻസറിന്റെ സാധ്യത ചെറുതല്ല. എന്നാൽ പ്രായം കുറഞ്ഞ സ്ത്രീകളിൽ വളരെ അപൂർവമായി മാത്രമേ ഈ കാൻസർ ബാധിച്ചിട്ടുള്ളു. മറ്റു കാൻസറുകളിൽനിന്നും സെർവിക്കൽ കാൻസറിനെ വ്യത്യസ്തമാക്കുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസാണ്. ഈ വൈറസ് ലൈംഗിക ബന്ധത്തിൽ കൂടിയാണ് പകരുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഓരോ വ്യക്തിയിലും ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ അംശം ഉണ്ടാകും. ഈ വൈറസ് പല തരത്തിൽ ഉണ്ടെങ്കിലും വളരെ ചുരുക്കം മാത്രമേ അപകടകാരികൾ ആകാറുള്ളു. 90 ശതമാനത്തിലധികം സെർവിക്കൽ കാൻസറിനും കാരണമാകുന്നതും ഇതേ വൈറസ് തന്നെ. പൊതുവേ ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ ഫലമായി ഒന്നോ രണ്ടോ വർഷത്തിനു ശേഷം മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ വൈറസ് ശരീരത്തില്‍നിന്നു പോകും. എന്നാൽ അപൂർവം ചിലരിൽ വൈറസ് നിലനിൽക്കുകയും അത് സെർവിക്കൽ കാൻസറിനു കാരണമാവുകയും ചെയ്യും. ഹ്യൂമൻ പാപ്പിലോമ വൈറസിൽ തന്നെയുള്ള 16,18 സ്ട്രെയ്നുകളാണ് സർവിക്കല്‍ കാൻസർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മറ്റു സ്ട്രെയ്നുകളും സർവിക്കൽ കാൻസറിനു കാരണമാകാറുണ്ട്. 2018ൽ മാത്രം ലോകത്ത് 48 ലക്ഷം സ്ത്രീകൾക്കാണ് എച്ച്പിവി അണുബാധ ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

എച്ച്പിവി ആണ് പ്രധാനിയെങ്കിലും മറ്റു പല കാൻസറുകള്‍ക്കും കാരണമാകുന്ന പുകവലി, അമിതവണ്ണം എന്നിവയും ചില ഘട്ടങ്ങളിൽ സെർവിക്കൽ കാൻസറിനും കാരണമായി മാറാറുണ്ട്. ഒന്നിൽ കൂടുതൽ വ്യക്തികളുമായുള്ള ലൈംഗികബന്ധം, ചെറുപ്രായത്തിൽ തന്നെ ലൈംഗികബന്ധത്തില്‍ ഏർപ്പെടുക എന്നതും ഈ അർബുദത്തിനു കാരണമാകാം. അതേസമയം മറ്റുള്ള കാൻസറുകളെ അപേക്ഷിച്ച് ജനിതകമായ ഘടകങ്ങൾ സെർവിക്കൽ കാൻസറിൽ ബാധകമല്ല. 

Representative image. Photo Credit: GoodLifeStudio/istockphoto.com
Representative image. Photo Credit: GoodLifeStudio/istockphoto.com

ലക്ഷണങ്ങൾ
സെർവിക്കൽ കാൻസറിന്റെ പ്രധാന ലക്ഷണമാണ് രക്തസ്രാവം. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് പോസ്റ്റ് കോയിറ്റല്‍ ബ്ലീഡ്ങ് (post coital bleeding) അഥവാ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവമാണ്. പലപ്പോഴും നാണക്കേട് ഭയന്ന് പല സ്ത്രീകളും ഈ വിവരം പുറത്ത് പറയാറില്ല. എന്നാൽ സെര്‍വിക്കൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് പോസ്റ്റ് കോയിറ്റൽ രക്തസ്രാവം. അതുകൊണ്ടുതന്ന ഈ രോഗലക്ഷണമുള്ളവർ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. മാസമുറ തീർന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും മാസമുറയുടെ ഇടയിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും സെർവിക്കൽ കാൻസറിന്റെ ലക്ഷണമായാണ് പറയുന്നത്. യോനിയിൽനിന്നു വരുന്ന ദുർഗന്ധത്തോടു കൂടിയ വൈറ്റ് ഡിസ്ചാര്‍ജ് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വൈകിയ സ്റ്റേജിൽ ആയിരിക്കും പലപ്പോഴും ഇത് കാണപ്പെടുന്നത്. 

മേൽപറഞ്ഞ ലക്ഷണങ്ങളുമായി ഒരു സ്ത്രീ ആശുപത്രിയിൽ എത്തുകയാണെങ്കിൽ അവരെ പരിശോധനകൾക്കു വിധേയമാക്കുകയും സ്പെക്കുലം എന്ന ഉപകരണം ഉപയോഗിച്ച് സെർവിക്സിൽ എന്തെങ്കിലും തകരാർ ഉണ്ടോ എന്നു നോക്കുകയും ചെയ്യും. ശേഷം ബയോപ്സി എടുത്ത് ടെസ്റ്റുകൾക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. പിന്നീട് മറ്റു കാൻസറുകൾക്കു ചെയ്യുന്നതുപോലെ സ്റ്റേജിങ് ടെസ്റ്റുകളും ചെയ്തതിനു ശേഷമായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്. ആരംഭഘട്ടത്തിൽ കണ്ടു പിടിക്കാൻ സാധിക്കുമെന്നതിനാൽ ഭയക്കേണ്ട ആവശ്യമില്ല. തുടക്കത്തിലേ കണ്ടുപിടിക്കാൻ സാധിച്ചാൽ തീർച്ചയായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരു കാൻസറാണ് സെർവിക്കൽ കാൻസർ. 


Representative image. Photo Credit: mi-viri/istockphoto.com
Representative image. Photo Credit: mi-viri/istockphoto.com

മറ്റു കാൻസറുകളെ അപേക്ഷിച്ച് ആരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തുവാൻ സാധിക്കുന്നതിനാൽ വളരെ ഫലപ്രദമായ സ്ക്രീനിങ് പ്രോഗ്രാം ഉണ്ട്. കമ്യൂണിറ്റി സ്ക്രീനിങ് പ്രോഗ്രാമുകളിൽ വിഐഎ (Visual inspection with acetic acid) എന്ന ടെസ്റ്റ് നടത്താറുണ്ട്. എന്നാൽ ആശുപത്രികളിൽ ആ രീതി അല്ല പിന്തുടരുന്നത്. പാപ്സ്മിയർ െടസ്റ്റാണ് നടത്തുക. എന്നാൽ പാപ്സ്മിയർ ടെസ്റ്റുകളിൽ കാൻസറുകൾ മിസ് ആകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതിനാൽ സെർവിക്കൽ കാൻസറിനു കാരണമാകുന്നുവെന്ന് പറയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ ഡിഎൻഎ കണ്ടുപിടിച്ചുകൊണ്ടുള്ള സ്ക്രീനിങ് രീതികളാണ് ഇപ്പോൾ കൂടുതലായി ചെയ്തു വരുന്നത്. 

സെർവിക്കൽ കാൻസറിന്റെ പ്രാരംഭഘട്ടമാണങ്കില്‍ സർജറിയാണ് പൊതുവേ ചെയ്യാറ്. സ്റ്റേജ് കൂടുന്നതനുസരിച്ച് കീമോതെറാപ്പിയും റേഡിയേഷനും വേണ്ടിവരാം. വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള സ്റ്റേജുകളിൽ ഉള്ളവർക്ക് കീമോതെറാപ്പി കൊടുത്ത് ട്യൂമറിനെ ചുരുക്കിയതിനു ശേഷമാണ് റേഡിയേഷൻ തെറാപ്പിയിലേക്കു പോകുന്നത്. സെർവിക്കൽ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു പടർന്നിട്ടുണ്ടെങ്കിൽ അതിന്റെ ചികിത്സ കീമോതെറാപ്പി മാത്രമാണ്.  

യോനിയുടെയും ഗർഭപാത്രത്തിന്റെയും ഇടയിലാണ് സെര്‍വിക്സ് എന്നതിനാൽ ചികിത്സയ്ക്കു ശേഷം ലൈംഗിക ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമോ എന്ന സംശയം പല രോഗികൾക്കുമുണ്ടാകാറുണ്ട്. താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും അതെല്ലാം പരിഹരിക്കാൻ കഴിയും. എത്രാമത്തെ സ്റ്റേജ്, ഏത് ചികിത്സ എന്നിവയെ ആശ്രയിച്ചിരിക്കും രോഗിയുടെ ലൈംഗിക ജീവിതത്തിലെ മാറ്റങ്ങൾ. 

Photo Credit: eSideProFoto/ Shutterstock.com
Photo Credit: eSideProFoto/ Shutterstock.com

ഹ്യൂമൻ പാപ്പിലോമ വൈറസിനെയും അതുവഴി സെർവിക്കൽ കാൻസറിനെയും പ്രതിരോധിക്കാൻ എച്ച്പിവി വാക്സീൻ വഴി സാധിക്കും. ലൈംഗിക ജീവിതം തുടങ്ങുന്നതിനു മുൻപ് ഈ വാക്സീൻ എടുക്കുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം 9 വയസ്സിനും 13 വയസ്സിനും ഇടയിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ ഗർഭാശയ അർബുദത്തിനെതിരെ  പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുന്നത് സുപ്രധാന പ്രഖ്യാപനമായി. 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. ബോബൻ തോമസ്, കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം, സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ)

സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങളും ആരോഗ്യവും: വിഡിയോ

English Summary:

Cervical Cancer, reasons and symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com