ADVERTISEMENT

സ്‌കൂളിലൊക്കെ പോയി നാലക്ഷരം പഠിച്ചാല്‍ ജീവിതനിലവാരം മാത്രമല്ല ജീവിതദൈര്‍ഘ്യവും വര്‍ധിക്കുമെന്ന്‌ പുതിയ പഠനം. പഠിക്കാന്‍ പോകാതിരിക്കുന്നത്‌ പുകവലിയും മദ്യപാനവും ഒക്കെ പോലെ തന്നെ ജീവിതദൈര്‍ഘ്യം വെട്ടിക്കുറയ്‌ക്കുന്ന സംഗതിയാണെന്ന്‌ ദ ലാന്‍സെറ്റ്‌ പബ്ലിക്‌ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ ഇന്‍ഇക്വാലിറ്റീസ്‌ റിസര്‍ച്ചും വാഷിങ്‌ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഹെല്‍ത്ത്‌ മെട്രിക്‌സ്‌ ആന്‍ഡ്‌ ഇവാലുവേഷനും ചേര്‍ന്നാണ്‌ ഗവേഷണം നടത്തിയത്‌. 

Representative image. Photo Credits;  Shutterstock.com
Representative image. Photo Credits; Shutterstock.com

സ്‌കൂളും കോളജും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ കാലം ചെലവിടുന്നത്‌ കൂടുതല്‍ കാലം ജീവിക്കാന്‍ വഴിയൊരുക്കുമെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. ആറ്‌ വര്‍ഷത്തെ പ്രൈമറി സ്‌കൂള്‍ കാലഘട്ടമെങ്കിലും പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സ്‌കൂളില്‍ പോകാത്തവരെ അപേക്ഷിച്ച്‌ അകാല മരണ സാധ്യത 13 ശതമാനം കുറവാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. സെക്കന്‍ഡറി തലം വരെയുള്ള പഠനം അകാല മരണ സാധ്യത 25 ശതമാനം കുറയ്‌ക്കും. 18 വര്‍ഷത്തെ വിദ്യാഭ്യാസം അകാല മരണ സാധ്യത 34 ശതമാനം കുറയ്‌ക്കുമെന്നും പഠനം കണ്ടെത്തി. 

ആരോഗ്യപരമായ വിവരങ്ങള്‍ മനസ്സിലാക്കാനുള്ള വിജ്ഞാനവും ശേഷിയും വിദ്യാഭ്യാസം വ്യക്തികള്‍ക്കു നല്‍കുമെന്നതാണ്‌ ഇതിന്‌ ഒരു കാരണം. ഇത്‌ കൂടുതല്‍ മെച്ചപ്പെട്ട തീരുമാനങ്ങള്‍ ജീവിതശൈലിയെ കുറിച്ച്‌ എടുക്കാനും ആരോഗ്യ സംവിധാനത്തെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനും അവരെ സഹായിക്കും. ആരോഗ്യകരമായ പെരുമാറ്റ ശീലങ്ങള്‍ വളര്‍ത്താനും മാറാരോഗങ്ങളെ കൈകാര്യം ചെയ്യാനും രോഗങ്ങളെ നിയന്ത്രിക്കാനും ആരോഗ്യ സാക്ഷരത അനിവാര്യമാണെന്നും ഗവേഷകര്‍ കരുതുന്നു. 

Representational Image (Credit: AjayTvm/shutterstock.com)
Representational Image (Credit: AjayTvm/shutterstock.com)

കൂടുതല്‍ വിദ്യാഭ്യാസം നേടിയവര്‍ കൃത്യമായ ചെക്കപ്പ്‌, കുത്തിവയ്‌പ്പുകള്‍, രോഗപരിശോധനകള്‍ എന്നിങ്ങനെയുള്ള രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സാധ്യത കൂടുതലാണ്‌. ഇത്തരം ശീലങ്ങള്‍ രോഗങ്ങള്‍ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും അവരെ സഹായിക്കും. മികച്ച പോഷണം, സജീവ ജീവിതശൈലി, സമ്മര്‍ദ നിയന്ത്രണം എന്നിവയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവര്‍ ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നത്‌ ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയുടെയും സാധ്യത കുറയ്‌ക്കും.

ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ അനുസരിക്കാനും ചികിത്സ പദ്ധതികളുമായി സഹകരിക്കാനും കൂടുതല്‍ സാധ്യതയുള്ളവരും വിദ്യാഭ്യാസം നേടിയവരാണ്‌. മരുന്നുകളുടെ പ്രാധാന്യം, ജീവിതശൈലി മാറ്റങ്ങളുടെ അനിവാര്യത, തുടര്‍ച്ചയായ ഫോളോ അപ്പുകളുടെ ആവശ്യകത എന്നിവയും വിദ്യാഭ്യാസമുള്ളവര്‍ തിരിച്ചറിയുന്നു. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നത്‌ സമ്പത്തും സൗകര്യങ്ങളും ജീവിതനിലവാരവും ഉയര്‍ത്തുന്നതും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ്‌. 

രാവിലെ ഊർജസ്വലതയോടെ എഴുന്നേൽക്കാൻ ബെഡ് സ്ട്രെച്ചസ്: വിഡിയോ

English Summary:

Study says, not studying at school can cut your life expectancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com