ADVERTISEMENT

മരുന്നുകളൊന്നും ഇല്ലാതെ തന്നെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഭക്ഷണക്രമത്തിലെ ചെറിയൊരു മാറ്റത്തിലൂടെ ഇത് തികച്ചും സാധ്യമാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണക്രമത്തില്‍ നിന്ന് ഒരു ടീസ്പൂണ്‍ ഉപ്പ് കുറയ്ക്കാനായാല്‍ ഇത് രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കുന്നതിന്റെ തുല്യമായ ഫലം ഉളവാക്കുമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. 

213 പേരിലാണ് പഠനം നടത്തിയത്. ഒരാഴ്ചത്തേക്ക് കുറഞ്ഞ ഉപ്പിന്റെ അംശം അടങ്ങിയ ഭക്ഷണക്രമം പിന്തുടര്‍ന്ന ഇവര്‍ക്ക് ഉപ്പിന്റെ അംശം ഉയര്‍ന്ന ഭക്ഷണക്രമം പിന്തുടര്‍ന്നവരെ അപേക്ഷിച്ച് രക്തസമ്മര്‍ദം ശരാശരി എട്ട് പോയിന്റ് കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. 


Representative image. Photo Credit:goffkein.pro/istockphoto.com
Representative image. Photo Credit:goffkein.pro/istockphoto.com

ഉയര്‍ന്ന തോതില്‍ ഉപ്പ് കഴിക്കുമ്പോള്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ധിക്കുകയും ഇതിനെ ബാലന്‍സ് ചെയ്യാനായി കൂടുതല്‍ വെള്ളം ശരീരം നിലനിര്‍ത്തുകയും ചെയ്യും. വര്‍ധിച്ച അളവിലെ ഈ വെള്ളത്തിന്റെ സാന്നിധ്യം രക്തക്കുഴലുകള്‍ക്കു മേല്‍ അമിത സമ്മര്‍ദമേറ്റും. രക്തക്കുഴലുകള്‍ ചുരുങ്ങാനും അമിതമായ തോതിലെ സോഡിയം കാരണമാകും. 

ഭക്ഷണത്തിലെ ഉപ്പിന്റെ അംശം കുറയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
1. ഫുഡ് ലേബലുകള്‍ വായിച്ച് ഓരോ ഭക്ഷണവിഭവത്തിലെയും സോഡിയത്തിന്റെ അംശം അറിഞ്ഞ ശേഷം ഇതിന്റെ തോത് കുറഞ്ഞ വിഭവങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക.

2. സംസ്‌കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് അധികമായിരിക്കും. ഇതിനാല്‍ ഇവയെല്ലാം കഴിവതും ഒഴിവാക്കണം. 

3. വീട്ടില്‍ തന്നെ പാചകം ചെയ്താല്‍ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. ഇതിനാല്‍ വീട്ടിലെ ഭക്ഷണത്തിനു മുന്‍തൂക്കം നല്‍കുക.

Representative Image. Photo Credit : Jirkaejc / iStockPhoto.com
Representative Image. Photo Credit : Jirkaejc / iStockPhoto.com

4. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസിയം ക്ലോറൈഡ് പോലുള്ള ബദലുകളും തേടാവുന്നതാണ്. 

5. പെട്ടെന്ന് ഒറ്റയടിക്ക് ഉപ്പിന്റെ അളവ് കുറയ്ക്കാതെ പടിപടിയായി കുറച്ചു കൊണ്ട് വരണം. ഇത് രസമുകുളങ്ങള്‍ക്ക് പുതു രുചിയോട് അഡ്ജസ്റ്റ് ചെയ്യാന്‍ സാവകാശം നല്‍കും. 

6. സോഡിയം കുറഞ്ഞതും പോഷണങ്ങള്‍ അധികമുള്ളതുമായ പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. 

രക്തസമ്മര്‍ദം സ്ഥിരമായി 130 /80ന് മുകളില്‍ കാണിക്കുകയും നെഞ്ച് വേദന, അധിക നെഞ്ചിടിപ്പ്, തലകറക്കം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയും ചെയ്താല്‍ ഡോക്ടറെ കാണാനും വൈകരുത്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ മരുന്ന് നിര്‍ത്തുന്നതും അപടകടകരമാണ്.

നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ

English Summary:

Simple change in Diet can replace Blood Pressure Medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com