ADVERTISEMENT

‘എന്താ... ഇത്രയുറക്കെ പറഞ്ഞിട്ടും നീ കേട്ടില്ലേ...?’. സഹപ്രവർത്തകർ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ മതി നമ്മുടെ നെറ്റി ചുളിയാൻ. പലയാവർത്തി ഇൗ ചോദ്യം കേട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. കാരണം എൺപതു ശതമാനം പേർക്കും കേൾവി സംബന്ധമായി ചെറിയ തോതിലെങ്കിലും പ്രശ്നങ്ങളുണ്ട്. ശരീരത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ നാം സസൂക്ഷ്മം നിരീക്ഷിക്കുമെങ്കിലും കേൾവിയുടെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകാറില്ല. ചികിൽസ തേടാൻ വൈകുന്തോറും കാര്യങ്ങൾ സങ്കീർണമാകും. മാർച്ച് 3 – ലോക കേൾവി ദിനത്തിൽ മനോരമ ഒാൺലൈനിനോട് കേൾവിയുടെ പ്രസക്തിയെപ്പറ്റി പറയുകയാണ് പ്രമുഖ ഇഎൻടി സർജനും ഇന്ത്യൻ മെഡിക്കൽ അസോയിയേഷൻ സോഷ്യൽ മീഡിയ വിങ് ദേശീയ കോ– ഒാർഡിനേറ്ററുമായ ഡോ. സുൽഫി നൂഹ്.

പിടിതരാത്ത എൺപത് ശതമാനം
ചേഞ്ചിങ് മൈൻഡ് സെറ്റ് (Changing Mindset) എന്നാണ് ഇൗ വർഷത്തെ കേൾവി ദിനത്തിലെ തീം. കേൾവിക്കുറവ് കണ്ടെത്താൻ കഴിയുമെന്നും  ചികിത്സിക്കാനുള്ള മാർഗങ്ങൾ ഉണ്ടെന്നും മനസ്സിലാക്കി, കേൾവിക്കുറവിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന സമൂഹമായി മാറിയാലേ ‘ചേഞ്ചിങ് മൈൻഡ് സെറ്റ്’ എന്ന തീം അർഥവത്താകൂ. കേൾവിക്കുറവുണ്ടെങ്കിൽ തുറന്നു പറയാനും തക്കസമയത്ത് ചികിൽസ തേടാനും വ്യക്തികൾക്ക് മടിയാണ്. ചുറ്റും കാണുന്ന നൂറ് പേരിൽ എൺപത് പേർക്കും കേൾവിക്ക് എന്തെങ്കിലുമൊരു തകരാറ് കാണുക സ്വാഭാവികമാണ്. കേൾവിക്കുറിവുണ്ടെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കണം. ജന്മനാ േകൾവിക്കുറവുള്ളവരിൽ അത് കണ്ടുപിടിക്കാനുള്ള സംവിധാനം നമുക്കിന്നുണ്ട്. അത് വലിയൊരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ജന്മനാ കുട്ടികളിൽ കേൾവി തകരാറുണ്ടോ എന്നു കണ്ടെത്താൻ പരിശോധനകൾ ഇന്നു സജീവമാണ്. മുതിർ‌ന്നവരിലും ഇത്തരം പരിശോധനകൾക്കു മടി പാടില്ല.

Read Also : നവജാതശിശുക്കളിലെ കേൾവിപ്രശ്നങ്ങള്‍; നേരത്തേ തിരിച്ചറിഞ്ഞാൽ ജീവിതം മെച്ചപ്പെടും

ear-bud-head-phone-music-kate-sept2004-istockphoto-com
Representative Image. Photo Credit : Kate sept2004 / Shutterstock.com

കേൾവിക്കുറവിനെന്തു പ്രായം
കേൾവിക്കുറവിന്റെ കാര്യം പറയുമ്പോൾ, അതെല്ലാം എഴുപത് വയസ്സിനു മുകളിലുളളവരില്ലല്ലേ എന്നായിരുന്നു അടുത്തകാലം വരെ സമൂഹത്തിന്റെ കാഴ്ചപ്പാട്. പക്ഷേ കേൾവിക്കുറവിനു വാർധ്യക്യവുമായി ബന്ധമില്ലാതായിരിക്കുന്നു. വാർധക്യാവസ്ഥയിലുണ്ടാകുന്ന കേൾവിക്കുറവ് ഇപ്പോൾ ഇരുപത്തിയഞ്ചിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരിലേക്കു പോലും എത്തിയിരിക്കുന്ന ആപൽക്കരമായ അവസ്ഥ സമൂഹം തിരിച്ചറിയണം. ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും ശബ്ദമലിനീകരണവുമെം ഇയർ ഫോണിന്റെ ദീർഘനേരത്തെ ഉപയോഗവുമൊക്കെയാണ് യുവതയുടെ കേൾവിശക്തി കവരുന്നതിന്റെ മുഖ്യകാരണം. ജോലി സ്ഥലങ്ങളിലും യാത്രകളിലും മറ്റും ഉയർന്ന ശബ്ദത്തിൽ ദീർഘ നേരം പാട്ടു കേൾക്കുന്നത് കാലക്രമേണ കേൾവിയെ സാരമായി ബാധിക്കാം. ഉയർന്ന ശബ്ദമുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവരിലും കേൾവിക്കുറവിനു സാധ്യത ഇരട്ടിയാണ്. ഉദാഹരണമായി ടൈലും മെറ്റലുകളും മുറിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ചില ഫാക്ടറികളിൽ ജോലി എടുക്കുന്നവർക്കും ചെവിയിലേക്ക് വലിയ രീതിയിൽ ശബ്ദം എത്താത്ത ഉപകരണങ്ങൾ ലഭ്യമാണ്. ഇവയ്ക്കു തൊഴിലിടങ്ങളിലെ സുരക്ഷയുടെ പട്ടികയിൽ മുൻഗണന നൽക്കേണ്ടതായുണ്ട്.

Read Also : ചെറുപ്പക്കാരിൽ കേൾവിക്കുറവ് വ്യാപകം, ഇയർ ബഡുകളെ സൂക്ഷിക്കണം; കേൾവിയെ കാക്കാൻ ഇവ അറിയാം

cute-girl-ear-pain-stripes-tshirt-stockimagefactory-shutterstock-com
Representative Image. Photo Credit : StockImageFactory.com / Shutterstock.com

അമ്മയ്ക്ക് ആദ്യം അറിയാം, പിന്നെ അധ്യാപർക്കും
കുഞ്ഞ് ജനിച്ച് ആദ്യ ദിനങ്ങളിൽത്തന്നെ കേൾവി പരിശോധനകൾ നടത്തുമെങ്കിലും വളരുന്ന ഓരോ ഘട്ടത്തിലും പരിശോധന അനിവാര്യമാണ്. ശൈശവത്തിൽത്തന്നെ കേൾവിക്കുറവ് കണ്ടെത്താൻ അമ്മമാർക്ക് സാധിക്കും. വളർച്ചയുടെ ഘട്ടത്തിൽ കുട്ടിക്ക് ശബ്ദങ്ങളോടും വാക്കുകളോടും പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്. സ്കൂളിൽ പോകുന്ന ഘട്ടത്തിൽ അധ്യാപകർക്കാണ് കുട്ടിയുടെ കേൾവിക്കുറവ് കണ്ടെത്താൻ സാധിക്കുക. ക്ലാസിൽ ശ്രദ്ധിയില്ലാതെ ഇരിക്കുന്ന കുട്ടിയെയും ചോദ്യങ്ങൾക്ക് മറുപടി പറയാൻ താമസിക്കുന്നവരെയും ഉഴപ്പൻ എന്ന മുദ്രകുത്താതെ അനുകമ്പയോടെ ശ്രദ്ധിച്ച്, കേൾവിക്കുറവുണ്ടെന്ന് കണ്ടെത്തിയാൽ മാതാപിതാക്കളെ വിവരം ധരിപ്പിക്കണം. 

dr-sulhi-noohu-ent-surgeon
ഡോ. സുൽഫി നൂഹ്

ചെവിയുടെ അകം ഇഎഎൻടി ഡോക്ടർ‌ക്കുള്ളതാണ്
ചെവിയിൽനിന്ന് എന്തെങ്കിലും ദ്രാവകം പുറത്തു വന്നാൽ ഉടനെ ഇഎൻടി ഡോക്ടറെ കാണണം. തുടക്കത്തിലേ ചികിൽസ തേടിയാൽ കേൾവി നഷ്ടം തടയാം, ചെവിയിൽ പഴുപ്പോ അണുബാധയോ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. സ്വയം ചികിൽസയ്ക്ക് മുതിരുകയോ മറ്റു ദ്രാവകങ്ങൾ ഒഴിക്കുകയോ ചെയ്യരുത്. ചെവിയുടെ ഉൾഭാഗത്ത് എന്തെങ്കിലും കയറിയാൽ സ്വയം എടുക്കാനോ ശ്രമിക്കരുത്. അത് കേൾവി നഷ്ടപ്പെട്ടു പോകാൻ കാരണമാകും. ചെവിയുടെ ആരോഗ്യം സംരക്ഷിക്കുവാനായി റെഗുലർ ഇന്റർവെൽ ചെക്കപ്പ് രീതികളൊന്നും നമ്മുടെ നാട്ടിൽ പതിവില്ല. ആറുമാസം കൂടുമ്പോൾ പരിശോധനയ്ക്ക് വിധേയമാകുന്നത് കേൾവി പ്രശ്നങ്ങൾ സങ്കീർണമാകാരിതിക്കാൻ സഹായിക്കും.

old-age-elderly-senior-citizen-hearing-aid-rawpixel-com
Representative Image. Photo Credit : Rawpixel.com / iStockphoto.com

ശ്രവണസഹായിയോട് എന്തിന് തൊട്ടുകൂടായ്മ?
നടക്കാൻ പ്രയാസമുള്ളപ്പോൾ നാം ക്രച്ചസ് ഉപയോഗിക്കാൻ വൈമനസ്യം കാട്ടാതിരിക്കുമ്പോൾ ശ്രവണസഹായിയുടെ കാര്യത്തിൽ അങ്ങനെയല്ല. ശ്രവണസഹായി ധരിച്ച ഒരാളെ കാണുമ്പോൾ നോട്ടം കൊണ്ടെങ്കിലും നാം അറിഞ്ഞോ അറിയാതെയോ മുറിവേൽപിക്കും. ‘കേൾക്കാമോ, കേൾക്കാമോ?’ എന്ന് പലവട്ടം ചോദിക്കുന്നത് ശ്രവണസഹായി ധരിച്ച ഒരാളോട് ചോദിക്കുന്നതും മര്യാദകേടല്ലേ? കേൾവി ഒരാളുടെ അവകാശമാണെന്നും ശ്രവണസഹായി വയ്ക്കുന്നത് കുറവല്ല എന്ന ചിന്ത സമൂഹത്തിൽ മനപ്പൂർവം കൊണ്ടുവരണം. സാങ്കേതികമായി പുരോഗമിച്ച കാലത്ത് ശ്രവണസഹായിയുടെ വലുപ്പം കുറഞ്ഞ് വരുന്നത് കേൾവിക്കുറവുള്ളവർക്ക് ആത്മവിശ്വാസം പകരും.

loud-horn-nosie-road-rage-demaine-donson-istock-photo-com
Representative Image. Photo Credit : Delmaine Donson / iStockphoto.com

സമൂഹത്തിനും വേണം ഒരു പെരുമാറ്റചട്ടം
പല വിദേശ രാജ്യങ്ങളിലും വാഹനങ്ങളുടെ ഹോൺ മുഴക്കുകയെന്നാൽ എന്നാൽ മറ്റൊരാളെ പരസ്യമായി ചീത്ത വിളിക്കുന്നത് പോലെയാണ് കാണുന്നത്. നമ്മുടെ നാട്ടിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. ട്രാഫിക് ലൈറ്റിൽ പച്ച തെളിഞ്ഞിട്ട് മുന്നിലെ വണ്ടി എടുക്കാൻ അൽപം വൈകിയാൽ നാം ഹോൺ മുഴക്കി രംഗം കൊഴുപ്പിക്കും. ഈ ദേഷ്യപ്രകടനത്തിന്റെ ഇര പലപ്പോഴും കാൽനടക്കാരും ഇരുചക്ര, മുച്ചക്രവാഹനക്കാരുമായിരിക്കും. അതുപോലെ ആഘോഷങ്ങളിലെ ഉച്ചഭാഷണിയുടെ അമിതശബ്ദകോലാഹലം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അലോസരമാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുമ്പോള്‍ വലിയ ശബ്ദത്തിൽ സംസാരിക്കുക, ഉച്ചത്തിൽ പാട്ടു വയ്ക്കുക എന്നിവയും മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്നതല്ലേ?

കണ്ണിന്റെ ആരോഗ്യം കാക്കാം - വിഡിയോ

English Summary:

What doctors wish patients knew about proper ear care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com