ADVERTISEMENT

ഏഴാച്ചേരിയിലെ 12 മക്കളുള്ള കുടുംബത്തിൽ ഏഴാമതായാണ് എന്റെ ജനനം. വളരെ പ്രാരബ്ധമുള്ള കർഷക കുടുംബമായിരുന്നു. വേണ്ടവിധം സംരക്ഷണവും ജീവിതസൗകര്യവും ഒന്നും തന്നെ കിട്ടിയിരുന്നില്ല. പഠനത്തിൽ വളരെ മികവും കലാകായിക കഴിവുകളും ഉണ്ടായിരുന്ന എനിക്ക് ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടിവന്നു. 20 വയസ്സായപ്പോഴേക്കും ഞാൻ കൂലിപ്പണിക്ക് ഇറങ്ങി, പിന്നീ‍ട് തയ്യൽപ്പണി ചെയ്തു.

ഇതിനിടയിൽ എന്റെ അച്ഛൻ മരണപ്പെട്ടു. ആ സമയത്ത് എനിക്ക് വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു. സാമ്പത്തികമില്ലായ്മ എന്റെ വിവാഹത്തിനു തടസ്സമായി. അപ്പോഴാണ് ഭാര്യ മരണപ്പെട്ട, ഒരു കുട്ടിയുള്ള ആളുടെ വിവാഹാലോചന വന്നത്. ഞാൻ അതിനു സമ്മതിച്ചു. ഏറെ താമസിയാതെ ഞാൻ ആദ്യ കുഞ്ഞിനു ജന്മം നൽകി. മോന്റെ കളിയും ചിരിയുമായി മുന്നോട്ടു പോകേ, അവന് അഞ്ചു വയസ്സായപ്പോൾ ഞാൻ വീണ്ടും ഗർഭിണിയായി. ഒരുപാടു പ്രതിസന്ധികളും മാനസിക ബുദ്ധിമുട്ടുകളും ആ ഗർഭകാലത്തു സഹിച്ചു. 9 മാസം എന്നത് എനിക്ക് 9 യുഗം പോലെയായിരുന്നു. മോൾ അർച്ചന ജനിച്ച് ഏതാനും നാൾ കഴിഞ്ഞപ്പോൾ ഡോക്ടർ എന്നോട് കുഞ്ഞിനു ഭിന്നശേഷിയുണ്ടെന്നു പറഞ്ഞു. കാഴ്ചയിൽ കുഞ്ഞിന് വൈകല്യമൊന്നും തോന്നിയില്ല. വൈകല്യം എന്താണെന്നു തിരിച്ചറിയണമെങ്കിൽ കുറച്ചുകൂടി പ്രായമാകണമെന്ന് ഡോക്ടർ പറഞ്ഞു ഒരു നിമിഷം ശബ്ദിക്കാനോ ഒന്നു കരയാൻ പോലുമോ കഴിയാതെ ഞാൻ ഇരുന്നുപോയി. എല്ലാം മനസ്സിൽ ഒതുക്കി ആർക്കും മുഖം കൊടുക്കാതെയും ആരും കാണാതെയും ഞാൻ കരഞ്ഞു പ്രാർഥിച്ചു. ദൈവമേ എന്റെ കുഞ്ഞിന്റെ കൈകാലുകൾക്കു വൈകല്യം വന്നാലും ബുദ്ധി വൈകല്യം വരല്ലേ എന്നായിരുന്നു പ്രാർഥന. ഒരു മാസം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, എന്റെ കുഞ്ഞിന് ഡൗൺ സിൻഡ്രോം ആണെന്ന്.

എന്തൊക്കെ വന്നാലും എല്ലാ കുട്ടികളെയും പോലെ അവളെയും വളർത്തണമെന്ന് ഞാൻ തീരുമാനിച്ചു. അതിനിടയിൽ വിധി എന്നെ വീണ്ടും ക്രൂരമായി ശിക്ഷിച്ചു. ആറു വയസ്സുള്ള മോനെയും ഒന്നരവയസ്സുള്ള നടക്കാൻ വയ്യാത്ത കുഞ്ഞിനെയും എന്നെ ഏൽപിച്ച് ഭർത്താവ് ഒരു സുപ്രഭാതത്തിൽ ഈ ലോകത്തോട് യാത്രപറഞ്ഞു. ഭർത്താവിന്റെ വിയോഗം എന്നെ വല്ലാതെ തളർത്തി. എന്തുചെയ്യണമെന്നറിയാതെ ദിനരാത്രങ്ങൾ കഴിഞ്ഞുപോയി. രണ്ടു മക്കളെയും കൊണ്ട് ഞാൻ എങ്ങനെ ജീവിക്കും? അങ്ങനെയിരിക്കെയാണ് സ്നേഹനിധിയായ ഒരമ്മ റോഡരികിലുള്ള അവരുടെ വീടിന്റെ ഒരു കുഞ്ഞുമുറി എനിക്കു തന്ന് തയ്യൽപ്പണി ആരംഭിക്കാൻ പറഞ്ഞത്. രണ്ടാംക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ വിട്ടിട്ട് ഇളയ കുഞ്ഞുമായി ഞാൻ കടയിൽ വന്നു തുടങ്ങി. അങ്ങനെ കുട്ടിയുമായിരുന്നു തയ്ക്കുന്നതു കണ്ട് സഹതാപം തോന്നി നല്ലവരായ നാട്ടുകാര് ഭക്ഷണവും വസ്ത്രവും ഒക്കെ തന്നു സഹായിച്ചു. വഴിമുട്ടിയ ജീവിതത്തിന് ആശ്വാസവും പുതിയ തുടക്കവുമായി. രണ്ടുവയസ്സായപ്പോഴാണ് മോൾ നടക്കാൻ തുടങ്ങിയത്. അവൾക്ക് അഞ്ചു വയസ്സായപ്പോൾ അവളെ ഞാൻ പൊതു വിദ്യാലയത്തിൽ ചേർത്തു. അവൾക്കു പാട്ട് കേൾക്കുമ്പോൾ ഡാൻസ് ചെയ്യാനുള്ള കഴിവുണ്ടെന്നു ഞാൻ മനസ്സിലാക്കി. അവളെ ഞാൻ നൃത്ത പരിപാടികളിൽ പങ്കെടുപ്പിക്കാൻ തുടങ്ങി. അങ്ങനെ എന്നെയും കുഞ്ഞിനെയും ആളുകൾ അറിഞ്ഞു തുടങ്ങി. തൊട്ടടുത്തുള്ള ക്ഷേത്രത്തിലാണ് എന്റെ മോൾ ആദ്യമായി ഡാൻസ് കളിച്ചത്... കുഞ്ഞിനെ ഡാൻസ് പഠിപ്പിക്കുമ്പോൾ ‘നീ അവളെ ഇപ്പോൾ വലിയ നർത്തകി ആക്കും’ എന്ന് എന്നെ പരിഹസിച്ചവരുണ്ടായിരുന്നു. എല്ലാം കേട്ടുകൊണ്ട് വേദന ഉള്ളിൽ ഒതുക്കി.

അങ്ങനെയിരിക്കെ അവൾക്ക് നോർമൽ സ്കൂളിൽ മറ്റുള്ള കുട്ടികളോടൊപ്പം ചേർന്നു പോകാൻ ബുദ്ധിമുട്ടായി. അങ്ങനെ ഞാൻ വളരെ സന്തോഷത്തോടു കൂടി എന്റെ കുട്ടിയെ വെളിയന്നൂർ ബഡ്സ് സ്കൂളിൽ ചേർത്തു. കൂടെ എന്റെ മൂത്തമകനെ ഞാൻ വളരെ കഷ്ടപ്പെട്ടു പഠിപ്പി‌ച്ചു. അവൻ ഇപ്പോൾ വിദേശത്ത് ഒരു ചെറിയ ജോലി ചെയ്യുന്നു. ആ സ്കൂളിൽ ചേർത്തതു മുതൽ എന്റെകുട്ടിയുടെ ജീവിതത്തിൽ വലിയ മുന്നേറ്റം ഉണ്ടായി. ബഡ്സ് ജില്ലാകലോത്സവത്തിലും സംസ്ഥാന കലോത്സവത്തിലും നൃത്തത്തിൽ അവൾ വിജയം നേടി. ക്ഷേത്രങ്ങളിലും മറ്റും പ്രതിഫലം നൽകിക്കൊണ്ടു തന്നെ പ്രോഗ്രാമിനു വിളിക്കാൻ തുടങ്ങി. ഇന്നു ഞാൻ അർച്ചനയുടെ അമ്മ എന്ന നിലയിലാണ് അറിയപ്പെടുന്നത്... ചേർത്തു നിർത്തിയവരെയും സഹായിച്ചവരെയും ഇപ്പോൾ ഏറെ നന്ദിയോടെ സ്മരിക്കുന്നു, 

English Summary:

Inspiring Life of Archana with down syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com