ഈ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? 'മൂത്ത മകള്‍ സിന്‍ഡ്രോം' ആകാം
Mail This Article
ഒരു വീട്ടിലെ എത്രാമത്തെയാളായി ജനിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ? ഈ ഒരു ജനനക്രമം നിങ്ങളെ ചിലതരം പ്രത്യേക മാനസികാരോഗ്യ വെല്ലുവിളികളിലേക്ക് നയിക്കുമോ? മാതാപിതാക്കളുടെ മൂത്ത മകളായി ജനിക്കുന്നത് ചില പ്രത്യേകതരം മാനസികാരോഗ്യ വെല്ലുവിളികള്‍ ഉയര്‍ത്താമെന്നാണ് സൈബറിടങ്ങളില്‍ നടക്കുന്ന ചില ചൂടന്‍ ചര്‍ച്ചകള്‍ പറയുന്നത്. ഇതിനൊരു പേരും ഇവര്‍ നല്‍കിയിട്ടുണ്ട്- 'മൂത്ത മകള്‍ സിന്‍ഡ്രോം'.
വൈദ്യശാസ്‌ത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഔദ്യോഗികമായ മാനസികാരോഗ്യ പ്രശ്‌നമൊന്നും അല്ല ഈ 'മൂത്തമകള്‍ സിന്‍ഡ്രോം'. പക്ഷേ, കുടുംബത്തിലെ മൂത്തമകളായി പിറക്കുന്നവര്‍ കടന്ന് പോകുന്ന ചില സമ്മര്‍ദ്ദ സാഹചര്യങ്ങളും ഉത്തരവാദിത്തങ്ങളുടെ ഭാരവുമെല്ലാം ഈ സിന്‍ഡ്രോം കൃത്യമായി അടയാളപ്പെടുത്തുന്നു.
ലൈസന്‍സ്‌ഡ് മാര്യേജ് ആന്‍ഡ് ഫാമിലി തെറാപിസ്റ്റും, യൂടൂബ് ക്രിയേറ്ററും എഴുത്തുകാരിയുമെല്ലാമായ കാറ്റി മോര്‍ട്ടന്‍ 'മൂത്ത മകള്‍ സിന്‍ഡ്രോമിനെ' കുറിച്ച് ചെയ്‌ത ഒരു ടിക്ടോക് വീഡിയോ ഇത് വരെ കണ്ടത് 67 ലക്ഷത്തില്‍പ്പരം പേരാണ്. ഇതില്‍ പറയുന്ന പല കാര്യങ്ങളും തങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഈ വീഡിയോയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പലരും അഭിപ്രായം രേഖപ്പെടുത്തി.
ഇനി പറയുന്ന എട്ട് സ്വഭാവ സവിശേഷതകളും മാനസികവെല്ലുവിളികളുമാണ് 'മൂത്ത മകള്‍ സിന്‍ഡ്രോമുമായി' ബന്ധപ്പെട്ടുള്ളതെന്ന് മോര്‍ട്ടന്റെ ടിക് ടോക് വീഡിയോ പറയുന്നു.
1. അതിതീവ്രമായ ഉത്തരവാദിത്ത ബോധം
2. അത്യന്തം മത്സരബുദ്ധിയുള്ളതും പെര്‍ഫക്ഷനിസ്റ്റായതുമായ വ്യക്തിത്വം. എല്ലാത്തിലും മുന്നിലെത്തണമെന്ന വാശി
3. അമിതമായ ഉത്‌കണ്‌ഠയും ആകുലതയും
4. എല്ലാവരെയും സന്തോഷിപ്പിച്ച് നിര്‍ത്താന്‍ പെടാപാട് പെടുന്ന സ്വഭാവം
5. ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നതില്‍ ബുദ്ധിമുട്ട്
6. കുടുംബത്തോടും സഹോദരങ്ങളോടും അനിഷ്ടം
7. പശ്ചാത്താപ വിവശതുമായി മല്ലിടല്‍
8. വലുതാകുമ്പോള്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ട്
മൂത്ത കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ പല ഉത്തരവാദിത്തങ്ങളും ഏല്‍ക്കേണ്ടി വരാറുണ്ടെന്നും പെണ്‍കുട്ടികളായാല്‍ ഇത് കുറച്ചധികമായിരിക്കുമെന്നും മനശാസ്‌ത്ര വിദഗ്‌ധര്‍ പറയുന്നു. വീട്ടിലെ കാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളുമൊക്കെ പലപ്പോഴും മൂത്ത മകളുടെ ഭാരിച്ച ഉത്തരവാദിത്തമായി മാറാറുണ്ട്. എല്ലാവര്‍ക്കും മാതൃക ആയിട്ട് ഇരിക്കാനുള്ള സമ്മര്‍ദ്ദം വേറെ. മൂത്ത കുട്ടികള്‍ ബുദ്ധി പരിശോധനകളില്‍ ഇളയ കുട്ടികളേക്കാള്‍ മുന്നിലെത്താറുണ്ടെന്ന് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഒരാളുടെ ജനനക്രമത്തേക്കാള്‍ അവരില്‍ നിന്ന് സമൂഹത്തിനുള്ള പ്രതീക്ഷകളുടെ ഭാരമാണ് ഇത്തരം സിന്‍ഡ്രോമുകള്‍ക്ക് പിന്നിലെന്ന് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും മൂത്ത മകള്‍ സിന്‍ഡ്രോം സ്ഥിരീകരിക്കുന്ന ഗവേഷണപഠനങ്ങളൊന്നും ലഭ്യമല്ല.