വീടുകാണാൻ ആൾത്തിരക്ക്: ഇവിടെ അകത്താണ് കാഴ്ചകൾ!
Mail This Article
എറണാകുളം പുത്തൻവേലിക്കരയാണ് ജോഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലികശൈലിയിൽ ആരെയും ആകർഷിക്കുംവിധം ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. പുറംകാഴ്ച ലളിതമെങ്കിലും അകത്തളങ്ങൾ കമനീയമായി ചിട്ടപ്പെടുത്തി. അതിനാൽ വാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ ആരുമൊന്ന് അതിശയിക്കും.
15 സെന്റ് പ്ലോട്ടിൽ പരമാവധി മുറ്റംനൽകി പിന്നിലേക്കിറക്കിയാണ് വീട് നിർമിച്ചത്. ലാൻഡ്സ്കേപ് മനോഹരമായി ചിട്ടപ്പെടുത്തി. ഡ്രൈവ് വേ നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും ഇടകലർത്തി ഒരുക്കി. ലാൻഡ്സ്കേപ്പിൽ ബഫലോ ഗ്രാസ് വിരിച്ച്, ജിഐ സീറ്റിങ്ങും ക്രമീകരിച്ചു. വീടിന്റെ ഭംഗി മറയ്ക്കാതെ വശത്തേക്ക് മാറ്റി കാർ പോർച്ച് വിന്യസിച്ചു. ജിഐ സ്ക്വയർ ട്യൂബിൽ റൂഫിങ് ഷീറ്റ് വിരിച്ചാണ് പോർച്ച് നിർമിച്ചത്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, സ്വിമ്മിങ് പൂൾ എന്നിവയാണ് താഴത്തെ നിലയിൽ. അപ്പർ ലിവിങ്, ഒരു കിടപ്പുമുറി, രണ്ട് ബാൽക്കണി എന്നിവയാണ് മുകൾനിലയിൽ. മൊത്തം 2200 ചതുരശ്രയടിയാണ് വിസ്തീർണം.
ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. ഇളംനിറങ്ങളാണ് ഇന്റീരിയറിൽ എങ്കിലും ചില ഭിത്തികൾ കടുംനിറങ്ങളാൽ ഹൈലൈറ്റ് ചെയ്തു.
ഡൈനിങ് ഏരിയയാണ് വീടിന്റെ മധ്യഭാഗം. ആറുപേർക്കിരിക്കാവുന്ന ലളിതമായ ഡൈനിങ് സെറ്റ് ഇവിടെയുണ്ട്. സമീപം ഭിത്തി ഹൈലൈറ്റ് ചെയ്ത് സെർവിങ് കൗണ്ടറാക്കി. ഇവിടെ ടിവി യൂണിറ്റിനുള്ള പ്രൊവിഷനുമുണ്ട്.
ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി സ്വിമ്മിങ് പൂളിലേക്ക് കടക്കാം. മുഴുനീള ഗ്ലാസ് വിൻഡോ കം ഡോർ നൽകിയതിനാൽ ഉള്ളിൽ ഇരുന്നുതന്നെ പൂളിന്റെ ഭംഗി ആസ്വദിക്കാം.
എംഎസ് ഫ്രയിമിൽ തേക്കിന്റെ പ്ലാങ്ക്സ് വിരിച്ചാണ് സ്‌റ്റെയർ ഒരുക്കിയത്. സ്‌റ്റെയറിന്റെ താഴെ വാഷ് ഏരിയ വിന്യസിച്ചു സ്ഥലം ഉപയുക്തമാക്കി. സ്‌റ്റെയർ ആദ്യ ലാൻഡിങ്ങിലെ ഭിത്തിയിൽ മുഴുനീള ഗ്ലാസ് വിൻഡോ നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു.
ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനൊരുക്കി. കിച്ചൻ എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഹൈചെയറുകളും ചിട്ടപ്പെടുത്തി.
മൂന്ന് കിടപ്പുമുറികളും വ്യത്യസ്ത തീമിലൊരുക്കി. ഹെഡ്‌സൈഡ് ഭിത്തി വോൾപേപ്പർ ഒട്ടിച്ചാണ് കിടപ്പുമുറികൾ വ്യത്യസ്തമാക്കിയത്. ഇതിൽ കുട്ടികളുടെ മുറിയാണ് ഏറ്റവും കലാപരമായി ചിട്ടപ്പെടുത്തിയത്. ബങ്ക് ബെഡ്, വോൾപേപ്പർ, സ്‌റ്റോറേജ് എന്നിവ നൽകി. എല്ലാ മുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് അനുബന്ധമായി ചിട്ടപ്പെടുത്തി.
മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. മധ്യത്തിലായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഇട്ടതോടെ ഐലൻഡ് കിച്ചന്റെ ഉപയുക്തതയും ലഭിക്കുന്നു.
രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുന്നതോടെ വീടും ചുറ്റുവട്ടവും കാണാൻ പ്രത്യേക ഭംഗിയാണ്. നിരവധി ആളുകളാണ് വീടുകാണാൻ ഇവിടെയെത്തുന്നത്.
Project facts
Location- Puthenvelikkara, Ernakulam
Plot- 15 cent
Area- 2200 Sq.ft
Owner- Joffin
Engineer- Manu Maxin
Y.C- 2023