ADVERTISEMENT

2023 നവംബർ 23ന് കേന്ദ്ര സർക്കാരിനു മുൻപിൽ സുപ്രീംകോടതി ഒരു നിർദ്ദേശം വച്ചു. പതിയെപ്പതിയെ നെൽകൃഷി ഉപേക്ഷിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ താൽപര്യം ഗൗരവപൂർവം പരിഗണിക്കണമെന്നതായിരുന്നു അത്. നെല്ലുപേക്ഷിച്ച് ചെറു ധാന്യങ്ങൾ ( millets) പോലുള്ള പരമ്പരാഗതവിളകളിലേക്ക് തിരിച്ചു പോകാൻ തയ്യാറാകുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാൻ താങ്ങുവില ( Minimum Support Price-MSP) ഉൾപ്പടെയുള്ള സഹായങ്ങൾ പ്രഖ്യാപിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് നെൽകൃഷി ഉപേക്ഷിക്കണമെന്ന് പഞ്ചാബ് ചിന്തിക്കാനുള്ള കാരണം. ഒന്ന്, കൊയ്ത്തിനുശേഷം അവശേഷിക്കുന്ന കുറ്റികളുടെ (stubble) അനിയന്ത്രിതമായ തീയിടൽ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം. അതിവേഗം താഴുന്ന ഭൂഗർഭജലനിരപ്പ് (water table) സംസ്ഥാനം നേരിടുന്ന  ഗുരുതരമായ പ്രശ്നമായി വളർന്നിരിക്കുന്നതാണ് രണ്ടാമത്തെ കാരണം.

കളപ്പുരയെ മരുഭൂമിയാക്കരുത്

ഇന്ത്യയുടെ ധാന്യക്കലവറയായ പഞ്ചാബിനെ മരുഭൂമിയാക്കുന്ന നടപടികൾ ഉണ്ടാകരുതെന്നാണ് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ചിന്റെ നിർദ്ദേശം. മണ്ണിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനുള്ള പ്രധാന കാരണം നെൽകൃഷിയാണെന്നും നിരവധി കിണറുകൾ വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബികൾ കഴിക്കാത്ത അരിയുണ്ടാക്കാനാണ് ഈ നഷ്ടം അവർ സഹിക്കുന്നതെന്നുമുള്ള വാദം പഞ്ചാബിന്റെ അഡ്വക്കറ്റ് ജനറൽ ഉയർത്തിയിരുന്നു. അതിനാൽ മറ്റു വിളകൾക്ക് താങ്ങുവില നൽകി നെൽകൃഷി ചെയ്യുന്നതിൽ നിന്നും കർഷകരെ പിൻതിരിപ്പിക്കണമെന്നുമാണ് ഉയർന്ന വാദം.

നെല്ല് ഞങ്ങളുടെ വിളയല്ല

31 ലക്ഷം ഏക്കർ സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്നുണ്ടെങ്കിലും നെല്ല് പഞ്ചാബിനെ സംബന്ധിച്ച സ്വദേശിയല്ലായെന്ന് അഡ്വക്കറ്റ് ജനറൽ ഗുർമിന്ധർ സിങ്ങ് പറഞ്ഞു. പഞ്ചാബിൽ നെൽക്കൃഷി കൊണ്ടുവന്നതും വില നൽകി പ്രോത്സാഹിപ്പിക്കുന്നതും കേന്ദ്ര ഗവൺമെന്റാണ്. പൊതുവിതരണ സമ്പ്രദായം വഴി നൽകി ഭക്ഷ്യഭദ്രത ഉറപ്പാക്കാനാണ് ഇതു ചെയ്യുന്നത്. നല്ല വിലയും പ്രോത്സാഹനവും ലഭിക്കുന്നതിനാൽ നെൽകൃഷി ചെയ്യാൻ കർഷകരും താൽപര്യപ്പെടുന്നു. പക്ഷേ അതിനു നൽകേണ്ടി വന്ന വില വലുതാണ്. കുടിവെള്ളം കിട്ടാൻ 700 മുതൽ 1000 മീറ്റർ വരെ കുഴിക്കേണ്ടതായി വന്നുതുടങ്ങിയിരിക്കുന്നു. പഞ്ചാബിൽ നെല്ലിന് താങ്ങുവില നൽകുന്നത് നിരോധിച്ചാൽ എങ്ങനെയിരിക്കുമെന്ന കോടതിയുടെ ചോദ്യത്തിനും അനുകൂലമായ ഉത്തരമാണ് പഞ്ചാബ് നൽകിയത്. നെല്ലിന് നല്ല വിലയില്ലെങ്കിൽ കർഷകർ ചെറുധാന്യങ്ങൾ, ബജ്റ എന്നിവയിലേക്ക് തിരിയുകയും വിള വൈവിധ്യം സാധ്യമാവുകയും ചെയ്യുമെന്ന് പഞ്ചാബ് വാദിച്ചു. ഇത്തരം വിളകൾക്ക് താങ്ങുവില കൂടി നൽകിയാൽ കർഷകർ നെൽകൃഷി പൂർണ്ണമായി ഉപേക്ഷിക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. നല്ല താങ്ങുവില ലഭിക്കുന്നതിനാൽ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്ന് നെല്ല് പഞ്ചാബിലേക്ക് നിയമവിരുദ്ധമായി കടത്തി വിൽപ്പന നടത്തുന്ന കാര്യവും കോടതി പരാമർശിച്ചു. മറ്റു സംസ്ഥാനങ്ങൾ പ്രധാനമായും ബസ്മതി അരി ഉൽപാദിപ്പിക്കുമ്പോൾ, പഞ്ചാബിൽ ഉപയോഗിക്കുന്ന നെല്ലിനം അവശേഷിപ്പിക്കുന്ന കുറ്റികൾ മലിനീകരണത്തിന്റെ സ്രോതസ്സായി നിൽക്കുന്നു. നെൽകൃഷി ചെയ്ത് അവശേഷിക്കുന്ന കുറ്റികൾ കത്തിക്കുന്ന പഞ്ചാബും തൻമൂലമുണ്ടാകുന്ന വായു മലിനീകരണം സഹിക്കുന്ന ഡൽഹിയും ഭരിക്കുന്നത് ആം ആദ്മി പാർട്ടിയാണെന്ന കാര്യവും കോടതിയിലെ ചർച്ചകളിൽ നിഴലിച്ചു എന്നത് രാഷ്ട്രീയ കൗതുകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com