ADVERTISEMENT

പുതുവർഷപ്പുലരിയിൽ ആഘോഷങ്ങളെല്ലാം മാറ്റിവച്ച് പൊരുതി മാരക വിഷത്തിന്റെ മുനമ്പിൽ നിന്നും മിണ്ടാപ്രാണികളുടെ ജീവൻ കാത്ത വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന് നേതൃത്വം നൽകിയ വനിതാ വെറ്ററിനറി ഡോക്ടർമാർക്ക് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആദരം. ഇടുക്കി ജില്ല ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസ്സി സി. കാപ്പൻ, ജില്ല എപ്പിഡെമിയോളജിസ്റ്റ് ഡോ. സാനി തോമസ് എന്നിവരെയാണ് ആദരിച്ചത്.

Read also: ജീവൻ നഷ്ടപ്പെട്ടത് 13 പശുക്കൾക്ക്; ഇലക്കൂമ്പ് മുതൽ കിഴങ്ങുവരെ വിഷം

ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്ഷീരകർഷകനായ മാത്യു ബെന്നിയുടെ 13 കന്നുകാലികൾ കപ്പത്തൊണ്ടിൽനിന്നുള്ള വിഷബാധയേറ്റ് കൂട്ടമായി മരണപ്പെട്ടത് ഇത്തവണ പുതുവത്സരാരംഭത്തിൽ കേരളം കേട്ട വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. കപ്പത്തൊണ്ടിൽ പ്രകൃത്യാ അടങ്ങിയ സയനൈഡ് വിഷമായിരുന്നു കാലികളുടെ ജീവനെടുത്തത്. നല്ല തോതിൽ കട്ടും കയ്പ്പുമുള്ള കപ്പത്തൊണ്ടിൽ നിന്നേൽക്കുന്ന അതീതീവ്ര സയനൈഡ് വിഷബാധയിൽ മറുമരുന്ന് പ്രയോഗിക്കാൻ സാവകാശം കിട്ടും മുൻപേ, മിനിട്ടുകൾക്കകം തന്നെ കന്നുകാലികളിൽ ശ്വാസനതടസ്സം മൂർച്ഛിച്ച് മരണം സംഭവിക്കും. എങ്കിലും മാത്യു ബെന്നിയുടെ സയനൈഡ് വിഷബാധയേറ്റ 22 ഉരുക്കളിൽ ഒൻപത് എണ്ണത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ തക്കസമയത്തുള്ള, കാര്യക്ഷമമായ ഇടപെടലിലൂടെ സാധിച്ചിരുന്നു.

Read also: കണ്ടത് മനസു പിടയ്ക്കുന്ന കാഴ്ച; രക്ഷപ്പെടുത്താനായത് 9 എണ്ണത്തിനെ: വെറ്ററിനറി ഡോക്ടർ എഴുതുന്നു

അപകട വാർത്ത അറിഞ്ഞയുടൻ മറുമരുന്നുമായി ഫാമിൽ ഓടിയെത്തി ചികിത്സ തുടങ്ങാൻ വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിനായതാണ് അപകടത്തിന്റെ ആഴം കുറച്ചത്. കൊടുംവിഷത്തിന്റെ ആഘാതത്തിൽ നിന്നും രക്ഷിക്കാൻ കഴിയാതെ പോയ 13 പശുക്കളുടെ പോസ്റ്റ്മോർട്ടം പരിശോധനയും പിറ്റേന്നു രാവിലെ ഡോക്ടർമാരുടെ സംഘം പൂർത്തിയാക്കിയിരുന്നു. മിണ്ടാപ്രാണികളുടെ ജീവൻ കാത്ത വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന്റെ സേവനം വലിയ ശ്രദ്ധയും അഭിനന്ദനവും പിടിച്ചുപറ്റിയിരുന്നു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ ഘടകത്തിന്റെയും കേരള ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂരിൽവച്ചായിരുന്നു വനിതാ ദിനത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ ദേശീയ ലേഡി വെറ്റ്സ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായും പുറത്തുനിന്നായും നൂറിലധികം വനിതാ വെറ്ററിനറി ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com