ADVERTISEMENT

വണ്ടിയോടാൻ മാത്രമല്ല, വണ്ടുകളോടാനും എൻജിൻ ഒായിൽ പ്രയോജനപ്പെടുമെന്നു തെളിയിച്ച കർഷകനെ ഷാജി വർക്കിയുടെ മുന്തിരിഫാമിന് ഏറെ അകലെയല്ലാതെ കണ്ടുമുട്ടാം; തമിഴ്നാട്ടിൽ ഏറെ പ്രശസ്തനായ ജൈവകർഷകൻ പുളിയങ്കുടി അന്തോണി സ്വാമി. നാനൂറേക്കറിലധികം കൃഷിഭൂമിയുള്ള അന്തോണി സ്വാമിയുടെ കോടിക്കുറിച്ചിയിലുള്ള തെങ്ങിൻതോപ്പിൽ കീടങ്ങളെ ഒാടിക്കാൻ പ്രയോഗിച്ചിരിക്കുന്നത് കാലിയായ എൻജിൻ ഒായിൽ പായ്ക്കറ്റുകൾ. 

ഫിറമോൺ ട്രാപ്പ് ഉൾപ്പെടെ പലതും പരീക്ഷിച്ചിട്ടും ചെല്ലിശല്യം കുറയാതെ, ഇനിയെന്തു ചെയ്യും എന്നു ചിന്തിച്ചിരിക്കെയാണ് മകൻ ജയിംസിന്റെ പുളിയങ്കുടിയിലുള്ള പെട്രോൾ പമ്പിന്റെ പരിസരത്തു നിൽക്കുന്ന തെങ്ങുകൾ അന്തോണി സ്വാമിയുടെ കണ്ണിൽപ്പെടുന്നത്; ഒന്നിനുമില്ല ചെല്ലിശല്യം. ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തുന്ന ഇരുചക്ര വാഹനക്കാർ ഒപ്പം വാങ്ങിയൊഴിക്കുന്ന എൻജിൻ ഒായിലിന്റെ കാലിക്കൂടുകൾ കുന്നുകൂടിക്കിടക്കുന്നുണ്ട് ഈ തെങ്ങുകളുടെ ചുവട്ടിൽ.

ഏതായാലും  പരീക്ഷണമെന്ന നിലയ്ക്ക് ഈ പായ്ക്കറ്റുകൾ അപ്പാടെ ചെറിയ ചാക്കുകളിലാക്കി കോടിക്കുറിച്ചിയിലെ തെങ്ങിൻതോപ്പിൽ പലയിടങ്ങളിലായി തെങ്ങിൻചുവട്ടിലിട്ടു. അതിനുശേഷം അധികം ചെല്ലികളൊന്നും അതുവഴി വരാൻ ധൈര്യപ്പെട്ടില്ലെന്ന് അന്തോണി സ്വാമി. അതിന്റെ സയൻസൊന്നും സ്വാമിക്കറിയില്ല, ആരോടും തർക്കിക്കാനുമില്ല. കീറിയ പായ്ക്കറ്റുകളിൽനിന്നുള്ള മണമാവാം ചെല്ലികളെ അകറ്റുന്നതെന്ന് സ്വാമി. ഏതായാലും കോടിക്കുറിച്ചിയിലെ ഇളനീർത്തോപ്പ് ചെല്ലികളിൽനിന്നു താരതമ്യേന സുരക്ഷിതമാണിപ്പോൾ.

engine-oil-packets
തെങ്ങിന്റെ ചുവട്ടിൽ എൻജിൻ ഒായിൽ പായ്ക്കറ്റുകൾ

അന്തോണിസ്വാമിയുടെ പരീക്ഷണങ്ങളെ നിസ്സാരമെന്നു തള്ളാൻ വരട്ടെ. തന്റെ മുഴുവൻ കൃഷിഭൂമിയും ജൈവമാർഗത്തിൽ പരിപാലിക്കുന്ന കർഷകനാണ് അദ്ദേഹം. കർഷകർക്കും കാർഷിക വിദഗ്ധർക്കും സുസമ്മതൻ. തമിഴ്നാടിന്റെ ലെമൺ സിറ്റി എന്നു വിളിക്കുന്ന പുളിയങ്കുടി മാർക്കറ്റിൽ ഏറ്റവും ഗുണമേന്മയുള്ള ചെറുനാരങ്ങ എത്തിക്കുന്നതും സ്വാമി തന്നെ. ജൈവകൃഷിയിലേക്കു തിരിയും മുമ്പ് താനും കടുത്ത രാസകർഷകനായിരുന്നെന്നു സ്വാമി. 

അന്നൊക്കെ കണക്കില്ലാതെ രാസവളം വാരി വിതറി ക്രമേണ മണ്ണു നശിച്ചു. മണ്ണിനു മാത്രമല്ല, രാസകൃഷി തനിക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നു മനസ്സിലായതോടെ 1989ൽ ജൈവകൃഷിയിലേക്കു തിരിഞ്ഞു അദ്ദേഹം. ആദ്യ നാലു വർഷം വിളവു കുറവ്. ഇന്നു പക്ഷേ അദ്ദേഹത്തിന്റെ ജൈവ കൃഷിയിടത്തിൽ കരിമ്പിനും നെല്ലിനും നാരകത്തിനുമെല്ലാം പ്രദേശത്തുള്ള മറ്റെല്ലാ കൃഷിയിടങ്ങളെക്കാൾ മുന്തിയ വിളവ്. കൃഷിച്ചെലവാകട്ടെ നന്നേ കുറവും. തെങ്കാശിപ്രദേശത്തിന്റെ തനതിനം പശുക്കൾ ഉൾപ്പെടെ മുന്നൂറിലേറെ നാടൻപശുക്കളെയാണ്  തോട്ടത്തിലേക്കുള്ള ജൈവവളത്തിനായി ഈ കർഷകൻ പരിപാലിക്കുന്നത്. ആന്റോസ് എന്ന ബ്രാൻഡിൽ ഒാർഗാനിക് ശർക്കരയും അവലുമെല്ലാം വിപണിയിലെത്തിക്കുന്ന അന്തോണിസ്വാമിക്ക് ജൈവകൃഷിയിൽ പറയാനുള്ളത് ലാഭക്കണക്കുകൾ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT