sections
MORE

ഇഞ്ചിയിൽനിന്ന് ഇരട്ടി ആദായം

HIGHLIGHTS
  • മഴക്കാലത്തിന്റെ ആരംഭത്തോടെ ഇഞ്ചി മുളപൊട്ടുകയും അതിന്റെ സൂക്ഷിപ്പു ഗുണം കുറയുകയും
ginger-new
SHARE

കേരളത്തിൽ ഇഞ്ചി വിളവെടുക്കുന്ന സമയം ജനുവരി– ഫെബ്രുവരി മാസങ്ങൾ. വിളവെടുപ്പുസീസണില്‍ ഇഞ്ചിക്കു വില തീരെ കുറവായിരിക്കും. വിളവെടുപ്പിനുശേഷം 2–3 മാസമേ പച്ച ഇഞ്ചിയായി ഇത് സംഭരിക്കാൻ സാധിക്കുകയുള്ളൂ. മഴക്കാലത്തിന്റെ ആരംഭത്തോടെ ഇഞ്ചി മുളപൊട്ടുകയും അതിന്റെ സൂക്ഷിപ്പു ഗുണം കുറയുകയും ചെയ്യും. അതിനാൽ‍ വിളവെടുപ്പിനുശേഷമുള്ള 2–3 മാസങ്ങളിൽ ഇഞ്ചിയിൽ നിന്ന് വിവിധതരം ഉൽപന്നങ്ങൾ തയാറാക്കിയാൽ ഇഞ്ചിയുടെ വില തീരെ താഴ്ന്നു പോകാതെ നിലനിർത്താനാകും. 

വൻ മുതൽമുടക്കിൽ, തോട്ടമടിസ്ഥാനത്തിൽ ഇഞ്ചി കൃഷി ചെയ്യുന്നവർ മൂല്യവർധിത ഉൽപന്നനിർമാണത്തിൽ കൂടി ശ്രദ്ധിച്ചാല്‍ സംരംഭം കുറച്ചുകൂടി ലാഭകരമാക്കാം. പച്ച ഇഞ്ചികൊണ്ടു തയാറാക്കാനാവുന്ന ഏതാനും ഉൽപന്നങ്ങള്‍ പരിചയപ്പെടാം. 

ഇഞ്ചി ചേർന്ന കറികൾ: വടക്കൻ കേരളത്തിൽ പ്രചാരമുള്ള പുളിയിഞ്ചി സൂക്ഷിപ്പുഗുണമുള്ള ഒരുൽപന്നമാണ്. മിതമായ അളവിൽ രാസ സംരക്ഷകങ്ങൾ ചേർത്ത് ദീർഘകാലം സൂക്ഷിക്കാവുന്ന തരത്തിൽ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാനാകും. കേരളത്തിൽ പ്രചാരത്തിലുള്ളത് ഇഞ്ചിക്കറിയാണ്. ഇതിനുള്ള ഇഞ്ചി വറുത്തെടുത്ത് മറ്റു ചേരുവകളും ചേർത്ത് ഇൻസ്റ്റന്റ് ഇഞ്ചിക്കറി മിക്സ് തയാറാക്കി പായ്ക്ക് ചെയ്യാം. ഇത് വെള്ളം ചേർത്ത് തിള പ്പിച്ച് ഇഞ്ചിക്കറി തയാറാക്കാം. റെഡി–റ്റു–കുക്ക് രൂപത്തിലുള്ള ഈ കറിമിക്സിനു ദീർഘകാല സൂക്ഷിപ്പുഗുണവുമുണ്ട്. ഇഞ്ചി അച്ചാറിനും വിപണിയിൽ ആവശ്യക്കാരുണ്ട്. പുളിയിഞ്ചിക്കും ഇഞ്ചിക്കറിക്കുമൊക്കെ ആവശ്യക്കാർ ഏറെയുള്ളത് ഓണക്കാലത്താണ്. ആ സമയത്ത് ഇഞ്ചിയുടെ വില വളരെ കൂടുതലായിരിക്കും. അപ്പോൾ ഉല്‍പന്നം ഉണ്ടാക്കി വിപണിയിലെത്തി ക്കുന്നത് ലാഭകരമല്ല. അതിനാൽ വില കുറഞ്ഞുനില്‍ക്കുന്ന വിള വെടുപ്പുകാലത്ത് ഇഞ്ചി വാങ്ങി നുറുക്കി എയർ ഡ്രയറിൽ ഉണക്കി സൂക്ഷിക്കാനായാൽ ആവശ്യാനുസരണം ഉൽപന്നം തയാറാക്കാനാകും. മികച്ച വിലയിൽ വിറ്റഴിക്കാനുമാകും. ചുക്കിനെക്കാൾ വില ലഭിക്കുന്ന ഉൽപന്നങ്ങളാണ് ഇഞ്ചി പ്രധാന ചേരുവയായ മേൽപറഞ്ഞ ഉൽപന്നങ്ങൾ.

Samrambham

ഇഞ്ചി ചേർന്ന പാനീയങ്ങൾ: പാനീയവിഭവങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുള്ള വേനല്‍ക്കാലത്ത് ഇഞ്ചിസത്തു ചേരുന്ന പാനീയങ്ങൾ വിപണിയിലെത്തിച്ചാല്‍ മികച്ച വില ഉറപ്പാക്കാം. ഇഞ്ചി–ചെറുനാരങ്ങാ സിറപ്പ്, ഇഞ്ചി–നറുനീണ്ടി സിറപ്പ്, ഇഞ്ചി– തേങ്ങാവെള്ളം സിറപ്പ്, ഇഞ്ചി–വാഴപ്പിണ്ടി സിറപ്പ്, ഇഞ്ചി–നെല്ലിക്ക–കാന്താരി സിറപ്പ് എന്നിവ സ്വാദിഷ്ഠ ഉൽപന്നങ്ങളാണ് . വിവിധ അനുപാതത്തില്‍ വ്യത്യസ്ത പഴവർഗങ്ങള്‍ ചേർത്ത് ഇഞ്ചി സിറപ്പുകൾ തയാറാക്കാം. ദഹനക്കേടും ക്ഷീണവുമകറ്റുന്ന ഇത്തരം പാനീയങ്ങൾ ആരോഗ്യദായകങ്ങളാണ്. ഇത് തയാറാക്കാനുള്ള ഇഞ്ചിസത്ത് പച്ച ഇഞ്ചിയിൽനിന്നു വേർതിരിച്ച് സംരക്ഷകങ്ങൾ ചേർത്ത് സൂക്ഷിച്ചുവയ്ക്കാം. കൂടിയ അളവിൽ പഞ്ചസാരയും സിട്രിക് അമ്ലവും ചേർക്കുന്നതിനാൽ ഈ ശീതളപാനീയങ്ങൾക്ക് സൂക്ഷിപ്പുഗുണമേറും. വിളവെടുപ്പുകാലത്തുതന്നെ വേനലുമെ ത്തുന്നതിനാൽ ഇഞ്ചി ചേർത്ത സിറപ്പുകൾക്കും പാനീയങ്ങൾക്കും മികച്ച വിപണി ഉറപ്പ്. സത്ത് എടുത്തതിനുശേഷം ബാക്കി വരുന്ന പിശട് ഉണക്കി സൂക്ഷിച്ചാൽ കറികളിലും മറ്റും ചേർക്കാം.

ജിഞ്ചർ പേസ്റ്റ്: മാംസാഹാരം തയാറാക്കാന്‍ അത്യാവശ്യമായ ചേരുവയാണ് ഇഞ്ചി പേസ്റ്റ്. ഇഞ്ചി കുഴമ്പു രൂപത്തിൽ അരച്ചെടുത്ത് മതിയായ അളവിൽ ഉപ്പ്, സിട്രിക് ആസിഡ്, സൂക്ഷിപ്പു ഗുണം വർധിപ്പിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം മെറ്റാ – ബൈ സൾഫൈറ്റ് എന്നിവ ചേർത്ത് ദീർഘകാലം ഇത് സൂക്ഷിച്ചുവ യ്ക്കാനാകും. എല്ലാ സീസണിലും ഇതിന് വിപണിയിൽ ആവശ്യക്കാരുണ്ട്. ജിഞ്ചർ പേസ്റ്റ് തയാറാക്കുന്നതിനു സ്റ്റെയിൻലെസ് സ്റ്റീൽ നിർമിത പൾവറൈസർ, ഇഞ്ചിയുടെ തൊലി കളഞ്ഞ് ക ഴുകിയെടുക്കുന്നതിനു പീലർ–കം– വാഷിങ് മെഷീൻ എന്നിവയു ണ്ടെങ്കിൽ ഈ സംരംഭം നടത്താം. 

ഇഞ്ചി കാൻഡി / പ്രിസർവ്: പഞ്ചസാരപ്പാനിയിൽ വിളയിച്ചെ ടുക്കുന്ന ഇഞ്ചി കാൻഡി / പ്രിസർവ് എന്നിവ നേരിട്ട് ഉപയോഗി ക്കുന്നതിനെക്കാൾ കേക്ക്, മിഠായി, മാർമലേഡ് എന്നിവയുടെ നിർമാണത്തിനാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പൂർണമായും മൂപ്പെത്തുന്നതിനു മുൻപ് നാരു കുറവുള്ള പരുവത്തിലുള്ള ഇഞ്ചി വിളവെടുത്താണ് ഇതു തയാറാക്കുന്നത്. ക്രിസ്മസ് – പുതുവത്സരത്തോട് അനുബന്ധിച്ച് കേക്ക് വിപണി സജീവമാകുന്നതി നു മുൻപ് ഒക്ടോബർ – നവംബർ മാസങ്ങളിൽ ഇഞ്ചി വിളവെടു ത്ത് ഈ ഉൽപന്നം തയാറാക്കണം. നന്നായി വേവിച്ച് മൃദുവാക്കിയ ഇഞ്ചിക്കഷ്ണങ്ങൾ പഞ്ചസാര സിറപ്പിൽ ഇട്ട് അതിന്റെ ഗാഢത 68–70 C brix(മധുരത്തിന്റെ യൂണിറ്റ്) വരെയാക്കി ഉണക്കിയാണ് ഇത് തയാറാക്കുന്നത്. സിറപ്പിൽതന്നെ സൂക്ഷിക്കുന്നതിനെ പ്രിസർവ് എന്നും സിറപ്പിൽനിന്നു മാറ്റി മിതമായ ചൂടിൽ ഉണക്കിയെടുക്കു ന്നതിനെ കാൻഡി എന്നും പറയും. ഡ്രൈ ഫ്രൂട്ട് എന്ന നിലയിൽ വളരെയേറെ ആവശ്യക്കാരുള്ള ഉൽപന്നമാണിത്. പച്ച ഇഞ്ചി നേർമയായി ചീകിയെടുത്ത്, പഞ്ചസാരപ്പാനിയിൽ വിളയിച്ചും ഇത് തയാറാക്കാം. 

അരിഞ്ഞുണക്കിയ ഇഞ്ചി (ഫ്ലേക്കഡ് ജിഞ്ചർ): അച്ചാർ, കറി പ്പൊടി, ചട്നിപ്പൊടി എന്നിവയിലെ പ്രധാന ചേരുവയാണ് ഇഞ്ചി. ചുക്ക് ഈ ആവശ്യങ്ങള്‍ക്ക് യോജ്യമല്ല.അതിനാൽ ഇഞ്ചി വൃത്തി യാക്കി അരിഞ്ഞുണക്കി അച്ചാറിനും കറിപ്പൊടികൾക്കും പറ്റിയ തരത്തിൽ സൂക്ഷിക്കാനായാൽ മികച്ച വില ഉറപ്പാക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA