ADVERTISEMENT

വിഷവീര്യം കൂടിയതും ചുവന്ന ലേബലുള്ളതുമായ രാസകീട / കുമിൾനാശിനികൾ കേരളത്തിൽ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും കീടനാശിനിപ്രയോഗത്തിനിടെ അപകടവും മരണവും ഉണ്ടാകുന്നത് അവ അശ്രദ്ധ മായും അശാസ്ത്രീയമായും ചെയ്യുന്നതുകൊണ്ടാണ്. കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

∙ രാസകീട / കുമിൾനാശിനികൾ തളിക്കാനെടുക്കുന്നതിനു മുൻപ് ശരിയായ നിർദേശപ്രകാരം വാങ്ങിയവയാണെന്ന് ഉറപ്പുവരുത്തുക. (ഉദാ: ക്ലോർ പൈറിഫോസ്, സൈപ്പർമെത്രിൻ, 2, 4 D തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് കൃഷി ഓഫിസറുടെ കുറിപ്പടി നിർബന്ധം) ആരെങ്കിലും പറഞ്ഞു കേട്ടറിഞ്ഞ കീടനാശിനികൾ പ്രയോഗിക്കാതിരിക്കുക. 

∙കീടനാശിനികള്‍ ശുപാർശിത അളവിൽ മാത്രം ഉപയോഗിക്കുക. കൂടുതൽ അളവിൽ ഉപയോഗിച്ചാൽ കൂടുതൽ ഗുണമുണ്ടെന്നു കരുതുന്നത് തെറ്റാണ്. കീടനാശിനി ലയിപ്പിക്കാൻ നിർദേശിച്ച അളവും കൃത്യമായി പാലിക്കണം. (ഉദാ: 2 മില്ലി / ഒരു ലീറ്റർ വെള്ളത്തിൽ) 

∙ ചോർച്ചയുള്ളതോ, കേടുവന്നതോ ആയ സ്പ്രേയർ, ഡസ്റ്റർ എന്നിവ ഉപയോഗിക്കരുത്. സ്പ്രേയറിലേക്ക് ഒഴിക്കുമ്പോൾ പുറത്തേക്ക് തൂവിപ്പോകാതിരിക്കാൻ ഫണൽ ഉപയോഗിക്കണം. 

∙ കാറ്റിന്റെ ദിശയിൽ വേണം തളിക്കാൻ. കാറ്റുള്ള സമയം എതിർദിശയിൽ നടന്നു തളിക്കുന്നത് ഒഴിവാക്കണം. 

∙ തളിക്കുന്നതിനിടെ പുകവലി, ഭക്ഷണം എന്നിവ ഒഴിവാക്കണം. പകൽ 11 മുതൽ 3 വരെ കീടനാശിനിപ്രയോഗം ഒഴിവാക്കുക. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികം മരുന്നു തളിക്കാൻ ശ്രമിക്കരുത്. നോസിൽ വൃത്തിയാക്കാൻ വായകൊണ്ട് ഊതരുത്. 

∙ കീടനാശിനിപ്രയോഗം കഴിഞ്ഞാലുടൻ നന്നായി സോപ്പ് തേച്ചു കുളിക്കണം. കൈകളും, വായും നന്നായി കഴുകണം. 

∙ കീടനാശിനി തളിക്കുന്നതിനിടെ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ (ഉദാ: തലവേദന, തലചുറ്റൽ, ഛർദി) ഉടൻ ജോലി നിർത്തി വിശ്രമിക്കുക. വിഷബാധയുണ്ടായാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ഉപയോഗിച്ച കീടനാശിനിയുടെ പാത്രവും, ലഘുലേഖയും ഡോക്ടർക്ക് കൈമാറണം. വിഷം ഏതുതരത്തിലുള്ളതാണെന്നും അതിന്റെ പ്രതിവിധിയും ലഘുലേഖയിൽ ഉണ്ട്. 

∙ കീടനാശിനികൾ എടുത്ത പാത്രം വെള്ളമോ, മറ്റു സാധനങ്ങളോ എടുക്കാന്‍ ഉപയോഗിക്കരുത്. വീട്ടിൽ കീടനാശിനികൾ സൂക്ഷിക്കുമ്പോൾ കുട്ടികൾക്ക് ലഭ്യമാകാത്ത രീതിയിൽ വയ്ക്കണം. 

∙ കീട–രോഗബാധ എന്തെന്ന് കൃഷി ഉദ്യോഗസ്ഥരിൽനിന്നു മനസ്സിലാക്കി കൃത്യമായ പ്രതിവിധി ചോദിച്ചറിഞ്ഞ് കീടനാശിനി പ്രയോഗിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം. രാസവസ്തു നിയന്ത്രണമാർഗങ്ങളിലൊന്നു മാത്രമാണ്. ജൈവ കീടനാശിനികൾ, ഫിറമോണുകൾ, ഇക്കോളജി ക്കൽ എൻജിനീയറിങ്, ജീവാണു കീട – കുമിൾനാശിനികൾ തുടങ്ങി ഒട്ടേറെ മറ്റു നിയന്ത്രണമാർഗങ്ങളുണ്ടെന്ന് അറിയുക. കൃഷി പ്രധാനമാണ്. അതിനേക്കാൾ പ്രധാനമാണ് ജീവൻ. 

 

വിലാസം: കൃഷി ഓഫിസർ, 

കൃഷിഭവൻ, പഴയന്നൂർ, തൃശൂർ. 

ഫോണ്‍: 94475 29904 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT