ADVERTISEMENT

വൃക്ഷായുർവേദവിധിപ്രകാരമുള്ള സസ്യ വളർച്ചാ ഉത്തേജകമാണിത്. സുരപാലന്റെ വൃക്ഷായുർവേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന കുണപജല തയാറാക്കുന്നത് ജന്തുക്കളുെട മാംസഭാഗങ്ങളും മറ്റും ഉപയോഗിച്ചാണ്. എന്നാൽ ഇതിനു സ്വീകാര്യത കുറവാകുമെന്നതിനാലാണ് തുല്യഗുണങ്ങളോടുകൂടിയ ഹെർബൽ കുണപ് ജല അഥവാ ഹരിതകഷായം നെനെ രൂപപ്പെടുത്തിയത്. സുരപാലൻ നിർദേശിച്ച കുണപ്ജല പഴവർഗങ്ങൾക്ക് കൂടുതൽ യോജ്യമാണെന്നും കേരളത്തിൽ അതിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും ജിദേഷ് അറിയിച്ചു. സസ്യവളർച്ചയുടെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ് ഹെർബൽ കുണപജലയിലുള്ളത്. വേണ്ടത്ര ജൈവവളം അടിവളമായി നൽകിയശേഷം ഹരിതകഷായം നൽകുമ്പോൾ പോഷക ആഗിരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സജീവമാകും. ജൈവവളങ്ങൾ ആഗിരണം ചെയ്യപ്പെടുന്നതുവരെയുള്ള ഇടവേളയിൽ വിളകൾക്കു ക്ഷീണമുണ്ടാകാതിരിക്കാനും ഹരിതകഷായം ഉത്തമമാണ്. വിവിധ കീടങ്ങളെ അകറ്റിനിർത്താനും ഇതുപകരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

 

ആവശ്യമുള്ള സാധനങ്ങൾ

 

1. 200 ലീറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ഡ്രം, അടപ്പുള്ളത്. 

 

2. സിൽപോളിൻ ഷീറ്റ് – 5 മീറ്റർ x 3 മീറ്റർ

 

3. കളസസ്യങ്ങളുടെ ഇലകളും ഇളംതണ്ടുകളും വളരെ ചെറുതായി അരിഞ്ഞത് –20 കിലോ. (ഒരിനത്തിന്റെ ഇല രണ്ടു കിലോയിൽ കൂടരുത്. പുല്ലും പൊട്ടിക്കുമ്പോൾ കറ വരുന്ന സസ്യങ്ങളും ഒഴിവാക്കണം. കാട്ടുചെടികൾക്കു പുറമെ ശീമക്കൊന്ന, കണിക്കൊന്ന, ആര്യവേപ്പ് എന്നിവയുടെ ഇലകളും ഓരോ കിലോ വീതം ഇതിലുൾപ്പെടുത്താം. 

 

4. മുളപ്പിച്ച ഉഴുന്ന്– 2 കിലോ 

 

vrukshayurvedam1

5. കറുത്ത വെല്ലം പൊടിച്ചത് –3 കിലോ 

 

6. ശുദ്ധമായ കിണർവെള്ളം– 100 ലീറ്റർ

 

തയാറാക്കുന്ന വിധം

 

ഡ്രം തണലുള്ള സ്ഥലത്ത് വയ്ക്കുക. കുറച്ചു പച്ചച്ചാണകം ഡ്രമ്മിൽ വിതറണം. തുടർന്ന് അരിഞ്ഞ ഇലകൾ, മുളപ്പിച്ച ഉഴുന്ന്, വെല്ലം പൊടിച്ചത് എന്നിവ പല അടുക്കുകളായി ഡ്രമ്മിൽ നിറയ്ക്കുക. നൂറു ലീറ്റർ വെള്ളം കൂടി അളന്നൊഴിച്ച ശേഷം ഡ്രം അടച്ചുവയ്ക്കണം. അടുത്ത ദിവസം മുതൽ 15 ദിവസത്തേക്ക് രാവിലെ വെയിൽ കനക്കുന്നതിനു മുമ്പ് ഇടത്തോട്ടും വലത്തോട്ടും അ‍ഞ്ചു പ്രാവശ്യം വീതം മരക്കമ്പുകൊണ്ട് ഇളക്കണം. പതിനഞ്ചു ദിവസത്തിനു ശേഷം ഈ മിശ്രിതം തോർത്ത് ഉപയോഗിച്ച് അരിക്കുക. ചണ്ടി വളമായി ഉപയോഗിക്കാം. അരിച്ചുകിട്ടുന്ന കഷായം എത്ര കാലം വേണമെങ്കിലും അടച്ചു സൂക്ഷിക്കാം

 

ഉപയോഗക്രമം

 

ഒരു ലീറ്റർ വെള്ളത്തിൽ 100 മില്ലി ഹരിതകഷായം കലക്കി തടത്തിൽ ഒഴിക്കുകയോ ഇലകളിൽ തളിക്കുകയോ ആവാം.

 

മൃതസഞ്ജീവനി (വരൾച്ച അതിജീവിക്കുന്നതിന്) 

 

ആവശ്യമുള്ള സാധനങ്ങൾ

 

1. സിൽപോളിൻ ഷീറ്റ്– 5 മീറ്റർx 3 മീറ്റർ 

 

2. നാടൻപശുവിന്റെ പച്ചച്ചാണകം– 30 കിലോ 

 

3. ശർക്കര / കരിെപ്പട്ടി – 2 കിലോ 

 

4. കട്ടിയുള്ള കഞ്ഞിവെള്ളം– 4 ലീറ്റർ 

 

5. പ്ലാസ്റ്റിക് ഡ്രം 200 ലീറ്റർ ശേഷിയുള്ളത്–1 6. കനം കുറഞ്ഞ ചണച്ചാക്ക്–1

 

തയാറാക്കുന്ന വിധം

 

പച്ചച്ചാണകം സിൽപോളിൻ ഷീറ്റിൽ നിരത്തുക. ചാണകത്തിനു മുകളിലേക്ക് ഒരാൾ കഞ്ഞിവെള്ളം സാവധാനമൊഴിക്കുക. അതേ സമയം മറ്റൊരാൾ ശർക്കരപ്പൊടി ചെറിയ തോതിൽ വിതറുകയും മറ്റു രണ്ടുപേർ ഇവ ചാണകവുമായി ചേർത്ത് നന്നായി കുഴയ്ക്കു കയും വേണം. ഈ മിശ്രിതം ചണച്ചാക്കിലാക്കിയശേഷം വായഭാഗം മുറുക്കികെട്ടണം. പ്ലാസ്റ്റിക് ഡ്രമ്മിൽ പകുതി വെള്ളമെടുത്ത ശേഷം ചാണകം നിറച്ച ചാക്ക് അടി തട്ടാത്ത വിധത്തിൽ അതിനു ള്ളിലേക്ക് തൂക്കിയിടുക. ചാക്ക് തൂക്കിയ കയറിന്റെ മറ്റേ അറ്റം ഏതെങ്കിലും ഉയരമുള്ള ഭാഗത്തു കെട്ടിയാൽ മതി. ബാരലിന്റെ വക്കിന് രണ്ടിഞ്ചു താഴെ വരെ വീണ്ടും വെള്ളം നിറയ്ക്കുക. ബാരലിന്റെ വായ്ഭാഗം സിൽപോളിൻ ഷീറ്റ് കൊണ്ട് മൂടിക്കെട്ടി 48 മണിക്കൂർ തണലത്തു സൂക്ഷിക്കുക. തുടർന്ന് ചാക്ക് പുറത്തെടുത്ത് അതിലെ ചാണകം വളമായി ഉപയോഗിക്കാം. ബാരലിലെ വെള്ളം അപ്പോഴേക്കും ഉപയോഗയോഗ്യമായിട്ടുണ്ടാകും. അത് അരി ച്ചെടുത്ത് പത്തു ശതമാനം വീര്യത്തിൽ പ്രയോഗിക്കാം. 

 

ഉപയോഗക്രമം: ഒരു ലീറ്റർ വെള്ളത്തിൽ 100 മില്ലി എന്ന തോതിലാണ് നേർപ്പിക്കേണ്ടത്. വേനൽ രൂക്ഷമാകുന്നതിനുമുമ്പുതന്നെ നേർപ്പിച്ച മൃതസഞ്ജീവനി ഇലകളുെട രണ്ടുവശത്തും പതിക്കത്തക്ക വിധത്തിൽ വിളകളിൽ തളിക്കണം.. ഇതുവഴി വിളകളെ 40 ദിവസം വരെ ഉണക്കിൽനിന്നു സംരക്ഷിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ രണ്ടാഴ്ചയ്ക്കുശേഷം ഒരു പ്രയോഗം കൂടിയാവാം. അധികമുള്ള ദ്രാവകമിശ്രിതം മൂടിക്കെട്ടിയ ബാരലിനുള്ളിൽ ദീർഘനാൾ സൂക്ഷിക്കാനാവും.

 

ഗോമൂത്ര കീടനാശിനി

 

നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, ഇലത്തുള്ളന്മാർ, മു‍ഞ്ഞ, ഇലപ്പേൻ, മൂട്ട, ചാഴി തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ജൈവക്കൂട്ടാണിത് പച്ചമുളകിന്റെ ഇലകളിൽ കുരുടിപ്പുണ്ടാക്കുന്നതും പപ്പായയിൽ വൈറസ് രോഗം പകരാനിടയാക്കുന്നതുമായ കീടങ്ങൾക്കെതിരെയും ഇതുപയോഗിക്കാം.

 

ആവശ്യമുള്ള സാധനങ്ങൾ 

 

1. 20 ലീറ്റർ ശേഷിയുള്ള, ഈയം പൂശാത്ത ചെമ്പുപാത്രം–1 

 

2. ആര്യവേപ്പിന്റെ ഇല ചെറുതായി അരിഞ്ഞത്– 2 കിലോ 

 

3. വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്– 200 ഗ്രാം

 

4. നാടൻപശുവിന്റെ ഗോമൂത്രം– 10 ലീറ്റർ

 

5. പാത്രം മൂടുന്ന മരപ്പലക–1

 

തയാറാക്കുന്ന വിധം 

 

ചെമ്പുപാത്രത്തിൽ ഗോമൂത്രം ഒഴിക്കുക. അതിലേക്ക് വേപ്പിന്റെ ഇലകൾ ഇടുക. വെളുത്തുള്ളിയും പിന്നാലെ ചേർക്കുക. നന്നായി ഇരുവശത്തേക്കും ശീമക്കൊന്നയുെട വടികൊണ്ട് ഇളക്കിയശേഷം അടച്ചുവയ്ക്കുക. പതിനഞ്ചു ദിവസം രാവിലെയും വൈകിട്ടും ഇളക്കണം. അതിനുശേഷം അരിച്ചെടുക്കുക. ചണ്ടി കളഞ്ഞശേഷം ദ്രാവകം ചെമ്പുപാത്രത്തിൽ ഒഴിച്ച് വീടിനു വെളിയിൽ അടുപ്പുകൂട്ടി മിതമായ ചൂടിൽ പകുതിയാകുന്നതുവരെ കുറുക്കുക. തുടർന്ന് ചൂടാറാനായി വയ്ക്കുക. തണുത്ത ശേഷം പ്ലാസ്റ്റിക് പാത്രത്തിൽ എത്ര കാലം വേണമെങ്കിലും ഇത് സൂക്ഷിക്കാം.

 

ഉപയോഗക്രമം 

 

ഒരു ലീറ്റർ വെള്ളത്തിൽ ഗോമൂത്ര കീടനാശിനി 5 മില്ലി മുതൽ 10 മില്ലിലീറ്റർ വരെ ചേർത്ത് ഇലകളിൽ തളിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT