വീണ്ടെടുക്കാം വേനൽവിളകള്‍

summer-crops3
റാഗി
SHARE

ഓണാട്ടുകരയിലെ എള്ളുകൃഷിയും കിഴങ്ങുവിളക്കൃഷിയും പെരുമയാർജിച്ചതാണ്. നാളികേരാധിഷ്ഠിത സംരംഭങ്ങളും ഓണാട്ടുകരയുടെ തനതു വരുമാനമാർഗങ്ങള്‍. ഇവയെപ്പോലെതന്നെ കൂവരകുകൃഷിയും ഇവിടെ വ്യാപകമായിരുന്നു. പഞ്ഞപ്പുല്ല് അഥവാ കൂവരക് സമൃദ്ധമായി വിളഞ്ഞിരുന്ന കാലം പ്രായമായവരുടെ ഓർമയിലുണ്ട്. കരനെല്ലിനൊപ്പം കൂവരകും വിതച്ച്, കൂവരകിന്റെ കതിരുകൾ മാത്രം കൊയ്തെടുക്കുന്ന രീതിയാണ് ഇവിടെയുണ്ടായിരുന്നത്. 

നൂറുഗ്രാം പഞ്ഞപ്പുല്ലിൽ കാത്സ്യം (344 മി.ഗ്രാം), പൊട്ടാസ്യം (408 മി.ഗ്രാം) എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ഇരുമ്പ്, ഭക്ഷ്യനാരുകൾ, മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവയും. പ്രകൃത്യാലുള്ള കാത്സ്യം ധാരാളം അടങ്ങിയതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും എല്ലുകൾ ബലപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ്, ഒടിവ് എന്നിവ ചെറുക്കുന്നതിനും ഇതു ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂവരക് പൊതുവെ കാലാവസ്ഥാബന്ധിതമല്ലാത്ത ധാന്യവിളയാണെന്നു പറയാം. അത്യാവശ്യം ഈർപ്പമുണ്ടെങ്കിൽ വർഷത്തിൽ ഏതു സമയത്തും റാഗി എന്ന് അറിയപ്പെടുന്ന കൂവരക് കൃഷി ചെയ്യാം. പ്രധാന കൃഷിക്കാലം ജൂൺ മുതൽ സെപ്റ്റംബർ വരെയും വൈകിയുള്ള കൃഷിക്കാലം ജൂലൈ മുതൽ ഒക്ടോബർ വരെയുമാണ്. വേനൽക്കാല വിളയായി ഡിസംബർ, ജനുവരി മുതൽ മാർച്ച്–ഏപ്രിൽ കാലയളവിലും കൃഷി ചെയ്യാം.

ആലപ്പുഴ ജില്ലയിലെ കായംകുളം മേഖലയിലുള്ള പത്തിയൂർ പ‍ഞ്ചായത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ഇണങ്ങുന്ന സംരംഭമാ‌യാണ് കൂവരകിന്റെ വിവിധയിനങ്ങൾ കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം പങ്കാളിത്ത വിലയിരുത്തലും പരീക്ഷണവും എന്ന നിലയിൽ കൃഷിയിറക്കിയത്. ഇതിനായി GPU 28, 45, 48, 67, KMR 301, 204, 304 എന്നീയിനങ്ങൾ ആകെ എട്ട് ഏക്കർ സ്ഥലത്തു പരീക്ഷണാടി സ്ഥാനത്തിൽ കൃഷി ചെയ്തു. വനിത കർഷക കൂട്ടായ്മകൾ വഴിയാണ് പദ്ധതി നടപ്പാക്കിയത്. 

കൃഷിയിട പരീക്ഷണം

വിതയും പറിച്ചുനടീലുമായി രണ്ടു രീതിയിലുള്ള കൃഷിരീതികൾ പരീക്ഷിച്ചു. കൃഷികാലം സെപ്റ്റംബർ മുതൽ ഡിസംബർ – ജനുവരി വരെ. കെഎംആർ ഇനങ്ങളാണ് ഏറ്റവും അനുയോജ്യമായി കർഷകർ തിരഞ്ഞെടുത്തത്. നല്ല വിളവും അനുയോജ്യതയും രുചിയുമായിരുന്നു മാനദണ്ഡങ്ങള്‍. കൃഷിസ്ഥലം നന്നായി ഉഴുതുമറിച്ച് കുമ്മായവും രണ്ടു ടൺ കാലിവളവും (ഒരേ ക്കറിലേക്ക്) ചേർത്ത് വാരങ്ങൾ കോരിയാണ് കൃഷി ചെയ്തത്. ഒരേക്കറിലേക്ക് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ 20 കിലോ യൂറിയ, 45 കിലോ രാജ്ഫോസ്, 15 കിലോ പൊട്ടാസ്യം എന്നിവ അടിവളമായി നൽകി. മൂന്നാഴ്ച കഴിഞ്ഞ് കളയെടുത്തതിനുശേഷം മേൽവളമായി 20 കിലോ യൂറിയ നൽകി. പഞ്ഞപ്പുല്ലിന്റെ കതിരുകൾ മാത്രം വിളവെടുത്തിട്ട് 2–3 ദിവസംവരെ ചാക്കിൽ കെട്ടിവയ്ക്കുന്നു. അതിനുശേഷം വെയിലത്തുണക്കി, കൂവരക് തല്ലിക്കൊഴി ച്ചെടുക്കുന്നു. ധാന്യം മുഴുവൻ പൊഴിഞ്ഞില്ലെങ്കിൽ ഒന്നുകൂടി ഉണക്കി തല്ലിക്കൊഴിച്ചെടുക്കുന്നു.

കൃഷിരീതിയുടെ താരതമ്യപഠനത്തിൽ വിത്തിന്റെ തോത് വിത രീതിയിൽ 2 കിലോ ഒരേക്കറിനും പറിച്ചുനടീൽ രീതിയിൽ 1.5 കിലോയും ആയിരുന്നു. പറിച്ചു നടുമ്പോൾ നഴ്സറിയായി (ഞാറ്റടി) ഒരേക്കറിന് 200 ചതുരശ്രമീറ്റർ സ്ഥലം മതി. വരികൾ തമ്മിൽ 25 സെ.മീറ്ററും ചെടികൾ തമ്മിൽ അരയടിയും അകലം പാലിക്കാൻ പറിച്ചുനടീൽ രീതിയാണ് അനുയോജ്യം. വിത രീതിയിൽ ഉറുമ്പുശല്യം വളരെ കൂടുതലായിരുന്നു. 70–90% വരെ വിത്തുകൾ ചിലയിടങ്ങളിൽ നഷ്ടമാവുകയും ചെയ്തു. എന്നാൽ പറിച്ചുനടീൽ രീതിയിൽ ശാസ്ത്രീയമായി വളപ്രയോഗം, നന എന്നിവ എളുപ്പമായി. അതിനാൽ രണ്ടാം തവണയും (2018 സെപ്റ്റംബർ –ഡിസംബർ) 30 ഏക്കറിലും പറിച്ചുനടീൽ രീതിയാണ് അനുവർത്തിച്ചത്. തമിഴ്നാട് കാർഷിക സർവകലാശാലയുടെ പയ്യൂർ–2 എന്ന സങ്കരയിനമാണ് കൃഷി ചെയ്തത്. മെച്ചപ്പെട്ട വിളവ് നൽകിയ കെഎംആർ‌ ഇനങ്ങളും കൃഷി ചെയ്തിട്ടുണ്ട്.

തെങ്ങിൻപുരയിടങ്ങളിൽ അനുയോജ്യവും ആദായകരവുമായ ഹ്രസ്വകാല ഇടവിളയാണ് കൂവരക് അഥവാ പഞ്ഞപ്പുല്ല്. ഒരു വർഷക്കാലയളവിൽ തന്നെ ഒന്നിലധികം തവണ കൃഷി ചെയ്യാനും സാധിക്കും. ഒരേക്കറിൽനിന്ന് 300–350 കിലോ വരെ വിളവ് ലഭിക്കുന്നതായി രേഖപ്പെടുത്തി. കിലോയ്ക്ക് 50 രൂപ നിരക്കിൽ പതിനായിരത്തിലധികം രൂപ ചുരുങ്ങിയ കാലയളവിൽ കണ്ടെത്താനാവും. നമ്മുടെ തീൻമേശയിൽ സൂക്ഷ്മമൂലകങ്ങൾ ഉൾപ്പെടെ പോഷക സമൃദ്ധമായ ഈ ചെറുധാന്യത്തിന് അർഹിക്കുന്ന സ്ഥാനം കൊടുക്കേണ്ടതുണ്ട്. ദീർഘകാലം സൂക്ഷിച്ചുവയ്ക്കാവുന്ന കൂവരക് / പഞ്ഞപ്പുല്ല് തെങ്ങിൻപുരയിടങ്ങളിൽ ഇടവിളകളിലൊന്നാക്കാൻ കർഷകർ മുൻകൈയെടുക്കണം.

ഓണാട്ടുകരയുടെ പൈതൃകവിള

summer-crops2
മുതിര ഉണക്കാനിട്ടിരിക്കുന്നു

ഓണാട്ടുകരയിലെ പാചകരുചികളിലും ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തോട് ബന്ധപ്പെട്ടും മുതിരയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. പോഷകങ്ങളുടെ കലവറയും വേനൽക്കാലത്തിന് അനുയോജ്യവുമാണ് മുതിര. കുതിരകളുടെ ഭക്ഷണമായി അറി യപ്പെട്ടിരുന്നതിനാലാകാം ‘ഹോഴ്സ് ഗ്രാം’ എന്ന് ആംഗലേയ ഭാഷയിൽ വിളിച്ചത്. കേരളത്തിൽ, പാലക്കാട് ജില്ലയിലാണ് മുതിര കൂടുതലായും കൃഷി ചെയ്യുന്നത്. ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, ഭാവഹം, സോഡിയം, മാംസ്യം എന്നിവ ഉയർന്ന അളവിൽ അടങ്ങിയ മുതിര, പ്രായത്തെ ചെറുക്കുന്ന ധാരാളം ആന്റി ഓക്സിഡന്റുകളാലും സമൃദ്ധം. പ്രമേഹരോഗികൾക്കും ഹൃദ്രോഗമുള്ളവർക്കും മുതിര പഥ്യവുമാണ്. ചെറിയ കാലയളവിനുള്ളില്‍ നന്നായി പടർന്നു വളരുന്ന മുതിര മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. മുതിരയിൽ ധാരാളം െവെറ്റമിനുകളും അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. 

 പത്തിയൂരിൽ പതിനഞ്ചോളം ഏക്കര്‍ തെങ്ങിൻപുരയിടങ്ങളിൽ ഇടവിളയായി തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ‘പയ്യൂർ’ എന്നയിനമാണു കൃഷി ചെയ്തു വിളവെടുത്തത്. തൊഴിലുറപ്പു തൊഴിലാളിക്കൂട്ടായ്മ കഴിഞ്ഞ സെ പ്റ്റംബർ– ഒക്ടോബർ മാസങ്ങളില്‍ മുതി രക്കൃഷിക്കു തുടക്കമിട്ടു.

കൃഷിക്ക് ഒരേക്കറിലേക്ക് 10 കിലോ വിത്ത് ആവശ്യമുണ്ട്. ഒരു കിലോ വിത്തിന് 4 ഗ്രാം ട്രൈക്കോഡെർമ ചേർത്ത് വിത്തു പരിചരണം നടത്തി. ഒരു കിലോ വിത്തിന് 5-7 ഗ്രാം എന്ന തോതിൽ റൈസോബിയം കലർത്തുന്നതും ഗുണകരമാണ്. നന്നായി ഉഴുത മണ്ണിൽ ഒരേക്കറിലേക്ക് 200 കിലോ കുമ്മായം ചേർത്തിളക്കണം. അടിവളമായി ഒരേക്കറിലേക്ക് 5 ടൺ കാലിവളം, 8 കിലോ യൂറിയ, 12 കിലോ രാജ്‌ഫോസ് എന്നിവ ചേർക്കേണ്ടതാണ്. നടുമ്പോൾ വരികൾ തമ്മിൽ ഒരടിയും, ചെടികൾ തമ്മിൽ 10 സെ. മീറ്ററും അകലം കൊടുക്കുന്നത് നല്ല വിളവ് ഉറപ്പാക്കാൻ സഹായകം. ഒരു മാസമാകുമ്പോൾ കളകൾ പറിച്ച് ഇടയിളക്കലും നടത്തണം. ചെടികൾ പൂത്തു തുടങ്ങുന്നതിനു മുൻപും കായ്കൾ ഉണ്ടാകുന്ന സമയത്തും നനയ്ക്കണം. നാലര മാസം കൊണ്ട് ചെടികൾ പിഴുതെടുത്ത് വിളവെടുക്കാം. വിത്തുകൾ കൊഴിച്ചെടുത്ത് 3 - 4 ദിവസം വെയിലത്തുണക്കി ജലാംശം കുറച്ച് (9-10%) സൂ ക്ഷിച്ചുവയ്ക്കാം. ഒരേക്കറിൽനിന്ന് 200 - 300 കിലോ വരെ വിളവ് ലഭിക്കും. മുതിര പൂക്കില്ലെന്നും കായ്ക്കില്ലെന്നും പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെ ങ്കിലും സിപിസി ആർഐ ശാസ്ത്രജ്ഞരുടെ പിൻബലത്തിൽ മുതിരക്കൃഷിയിൽ മികച്ച വിളവാണ് പത്തിയൂരിലെ വനിതകള്‍ കൊയ്തെടുത്തത്. പരമ്പരാഗത ഇടവിളകളെ തെങ്ങിൻതോപ്പുകളിലേക്ക് മികച്ച ഇനങ്ങളിലൂടെയും സാങ്കേതികവിദ്യകളി ലൂടെയും തിരിച്ചു കൊണ്ടുവരികയാണ് ഇവര്‍. ഒപ്പം നമ്മുടെ തെങ്ങിൻതോപ്പുകള്‍ മുതിരക്കൃഷിക്ക് അനുയോജ്യമാണെന്നു തെളിയിക്കുകയും െചയ്യുന്നു. 

വൻപയർ‌ തെങ്ങിന് ഇടവിള

പാവങ്ങളുടെ ഇറച്ചിയെന്നും ധനികന്റെ പച്ചക്കറി എന്നും വിളിപ്പേരുണ്ട് പയർവർഗവിളകൾക്ക്. തെങ്ങിൻതോപ്പുകളിൽ ഇടവിളയായും വയലുകളിൽ വേനൽക്കാലവിളയായും പയർ നമുക്ക് കൃഷി ചെയ്യാം. പത്തിയൂർ ഗ്രാമപഞ്ചായത്തിൽ 20 ഏക്കറോളം സ്ഥലത്ത് പഞ്ചായത്തിലെ 18 വാർഡുകളിലെ വനിതാസ്വയംസഹായ സംഘങ്ങളും കേരകർഷകരും ചേർന്ന് 2018 സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലാണ് വൻപയർ കൃഷിക്കു തുടക്കമിട്ടത്. സി–152 എന്ന വൻപയറിനമാണ് കൃഷിയിറക്കിയത്.

Vanpayar-harvest

ഒരേക്കറിന് 10–20 കിലോ വൻപയർ‌ വിത്ത് ആവശ്യമുണ്ട്. തനിവിളയായോ ഇട വിളയായോ കൃഷി ചെയ്യുന്നതിന് അനുസരിച്ച് വിത്തിന്റെ അളവിന് ഏറ്റക്കുറച്ചിലുണ്ടാകും. വരികൾ തമ്മിൽ ഒരടിയും ചെടികൾ തമ്മിൽ അരയടിയും അകലത്തിൽ ഓരോ കുഴിയിലും രണ്ടു വിത്തുകൾ വീതം പാകുക. മണ്ണ് നന്നായി ഉഴുതുമറിച്ച് തവാരണ ഒരുക്കിയായിരുന്നു കൃഷി. ജൈവ വളം കൂടാതെ, ഉഴുന്ന സമയത്ത് മണ്ണിൽ ഒരേക്കറിലേക്ക് കുമ്മായം (100 കിലോ) ചേർ‌ക്കുന്നത് മികച്ച വിളവ് ലഭിക്കാൻ സ ഹായിക്കും. മണ്ണു പരിശോധനയുടെ അടി സ്ഥാനത്തിൽ മറ്റു മൂലകങ്ങൾ ചേർത്തു കൊടുക്കുക. വിത്ത് പാകി രണ്ടാഴ്ച കഴിയുമ്പോഴും പൂത്തു തുടങ്ങുന്ന സമയത്തും വേനൽമഴ ലഭിച്ചില്ലെങ്കിൽ നല്ല വിളവ് ഉറപ്പാക്കാൻ നനച്ചു കൊടുക്കണം. 

പഞ്ഞപ്പുല്ലും വന്‍പയറും

summer-crops

മനുഷ്യനു മാത്രമല്ല, മണ്ണിനും പോഷണമേകുന്ന (നൈട്രജൻ അന്തരീക്ഷത്തിൽ നിന്നു സ്വീകരിച്ച് മണ്ണ് പുഷ്ടിപ്പെടുത്തുന്നു) പയർവർ‌ഗങ്ങൾക്ക് നമ്മുടെ കൃഷിയിടങ്ങളിൽ പ്രമുഖ സ്ഥാനം നൽകേണ്ട തുണ്ട്. മരച്ചീനിക്കൊപ്പം നിലക്കടല കൃഷി ചെയ്യുന്നതുപോലെ പയർവർഗങ്ങൾ മറ്റു വിളകൾക്കൊപ്പം കൃഷി ചെയ്യുന്നത് നന്ന്. ഹൈദരാബാദിലെ ഭാരതീയ ചെറുധാന്യ ഗവേഷണകേന്ദ്രത്തിന്റെ (IIMR) ശുപാർശ പ്രകാരം ചെറുധാന്യമായ പഞ്ഞപ്പുല്ലിനൊപ്പം (കൂവരക്/ റാഗി) വൻപയറും ഒരേ സീസണിൽ പരീക്ഷണമായി പത്തിയൂരില്‍ ചെയ്യുകയുണ്ടായി. രണ്ടു വിളകളിൽനിന്നും നല്ല വിളവ് ലഭിച്ചു. കൂലിച്ചെലവ് കുറയ്ക്കാനും സാധിച്ചു. പഞ്ഞപ്പുല്ലിനൊപ്പം ചെയ്തപ്പോൾ പയറിന് ശരാശരി വിളവ് ഒരേക്കറിന് 150–180 കിലോയും പയർ മാത്രം ചെയ്തപ്പോൾ 280–320 കിലോവരെയും ലഭിച്ചു. പത്തിയൂരിൽ വൻപയർ മൂന്നു –നാല് മാസം കൊണ്ടു വിളവ് എടുക്കാനായി. 3–4 തവണകളായി പയർ‌ പറിച്ചെടുക്കുകയും വെയിലത്തുണക്കി (1–2 ദിവസം) ചെറിയ കമ്പുകൊണ്ട് തല്ലി വൻപയർ വേർതിരിച്ചെടുക്കുകയും ചെയ്തു. ശേഷിച്ച പയർചെടികൾ സമൂലം പിഴുതെടുത്ത് ചേന / കാച്ചിൽ കൃഷികൾ‌ക്ക് പുതയായി ഉപയോഗിച്ചു.

 വിലാസം: പ്രിന്‍സിപ്പൽ സയന്റിസ്റ്റ്, സിപിസിആര്‍ഐ പ്രാദേശികകേന്ദ്രം, കായംകുളം. ഫോണ്‍: 9387160570 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA