sections
MORE

കനത്ത പുതുമഴയ്ക്കു തുടങ്ങാം പച്ചക്കറിക്കൃഷി

vegetbale
SHARE

പച്ചക്കറി വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങുന്ന മാസമാണ് മേയ്. ഏതാനും കനത്ത പുതുമഴ ലഭിച്ചുകഴിഞ്ഞാൽ ചീര, വെണ്ട, വഴുതന, മുളക്, പാവൽ, പടവലം, മത്തൻ, കുമ്പളം, ചുരയ്ക്ക മുതലായവ കൃഷിയിറക്കാം. നല്ല മഴ ലഭിക്കുന്നപക്ഷം ദീർഘകാലവിളകളായ തെങ്ങ്, റബർ, കശുമാവ്, കുരുമുളക്, ജാതി മുതലായവയ്ക്ക് ജൈവവളവും രാസവളത്തിന്റെ ആദ്യ ഗഡുവും നൽകാം. ദീർഘകാല വിളകളിൽ വിവിധതരം രോഗ ങ്ങൾക്കെതിരെ മുൻകരുതലായി ബോർഡോമിശ്രിതം, കോപ്പർ ഓക്സിക്ലോറൈഡ് എന്നിവയിലൊന്നു തളിക്കേണ്ടതും ഇപ്പോള്‍. 

തെങ്ങ്

കനത്ത മഴ കിട്ടിയാൽ തെങ്ങിനു തടം തുറക്കാം. തടത്തിനു രണ്ടു മീറ്റർ അർധവ്യാസവും 20–25 സെ.മീ. ആഴവും വേണം. തടം തുറന്ന് ഒരു കിലോ വീതം കുമ്മായം വിതറുക. മണ്ണിന്റെ പുളിരസം കുറ യാനും മൂലക ലഭ്യത കൂടാനും ഇതുപകരിക്കും. രണ്ടാഴ്ച കഴി ഞ്ഞ് ഓരോ തടത്തിലും 20–25 കിലോ ജൈവവളം (ചവറ്, ചാണ കം, കമ്പോസ്റ്റ്, കോഴി വളം) ചേർക്കാം. ഇവ അവിയുന്നതോടെ രാസവളം (പട്ടിക കാണുക) ചേർത്തു തടം ഭാഗികമായി മൂടുക. ഒരു വർഷം പ്രായമായ തൈയ്ക്ക് പട്ടികയിൽ പറയുന്ന അള വിന്റെ മൂന്നിലൊന്നും രണ്ടു വർഷമായതിനു മൂന്നിൽ രണ്ടും ചേർ ക്കാം. മൂന്നാം വർഷം മുതൽ മുഴുവൻ അളവിലും ചേർക്കണം. വളം ചേർത്തശേഷം തൈക്കുഴിയുടെ വശങ്ങൾ 10 സെ.മീ. കനത്തിൽ അരിഞ്ഞിറക്കണം. മൂന്നു വർഷം കഴിയുന്നതോടെ കുഴികൾ മൂടി തടം രൂപപ്പെടണം. കൂമ്പുചീയൽ, ഓലചീയൽ രോഗങ്ങൾക്കു പ്രതിവിധി ഈ മാസം ചെയ്യണം. ബോർഡോമിശ്രിതം ഓലകളിലും കൂമ്പോലക ളിലും മണ്ടയിലും നന്നായി തളിക്കണം. കൂടാതെ മൂന്നു ഗ്രാം ഡൈത്തേൻ എം–45 അല്ലെങ്കിൽ 2 മി.ലീ. കോണ്ടാഫ് 5 ഇ.സി. 300 മി.ലീ. വെള്ളത്തിൽ കലക്കി വിടരാനുള്ള കൂമ്പോലകളുടെ ചുവട്ടിൽ ഒഴിക്കുക.

valaprayogam

തെങ്ങിൻതൈ നടാം

ഇതാണു തൈ നടുന്നതിനു പറ്റിയ സമയം. കുഴിക്ക് ഒരു മീറ്റർ നീളം, വീതി, ആഴം. കുഴികുത്തിയ മണ്ണിട്ട് കുഴിക്കു ചുറ്റും വരമ്പിടു ക. വരമ്പു ചവിട്ടിയുറപ്പിച്ചു ബലപ്പെടുത്തണം. ഒഴുക്കുവെള്ളം കു ഴിയിൽ വീഴരുത്. പെയ്ത്തുവെള്ളം മാത്രം കുഴിയിൽ വീണാൽ മതി. കുഴിയുടെ അടിയിൽ ഒരടി കനത്തിൽ മേൽമണ്ണു വെട്ടിയിടു ക. ഇതു ചെറുകൂനയാക്കി അതിന്റെ നടുക്ക് കുഴിയെടുത്തു തൈ നടുക. തേങ്ങ മാത്രം മണ്ണിനടിയിൽ പോയാൽ മതി. തൈക്കു ചുറ്റും മണ്ണ് ചവിട്ടി ഉറപ്പിക്കണം. തറനിരപ്പിൽനിന്ന് 70 സെ.മീ. താഴ്ത്തിയാണു തൈ നടുക. അല്ലാത്തപക്ഷം പിന്നീടു വേരു വരുമ്പോൾ അവ മണ്ണിനു പുറത്താകുകയും വളർച്ചയും വിളവും കുറയുകയും ചെയ്യും.

തൈകൾ 7.5 മീറ്റർ അകലത്തിലാണു നടുക. ഇടവിളകൾ വേ ണമെങ്കിൽ അകലം കൂട്ടാം. അകലം ക്രമീകരിച്ചാൽ വിള വും കൂടും. തൈ നടുമ്പോൾ വളമൊന്നും ചേർക്കേണ്ടതില്ല. നട്ടു മൂന്നുമാ സം ആകുന്നതോടെ ആദ്യത്തെ ഇല വരുമ്പോൾ തൈക്കു ചുറ്റും അഞ്ചു കിലോ ഉണങ്ങിയ ചാണകപ്പൊടിയും 200 ഗ്രാം തെങ്ങു മിശ്രിതവും മണ്ണിൽ കൊത്തിച്ചേർക്കാം.‌ വിത്തുതേങ്ങ ഈ മാസം പാകാം. തവാരണയ്ക്ക് ഒന്നര മീറ്റർ വീതിയും സൗകര്യംപോലെ നീളവുമാകാം. തടത്തിൽ 30 സെ.മീ. ഇടയകലത്തിൽ ചാലുകീറി വിത്തുതേങ്ങ പാകി ഇടയ്ക്കുള്ള സ്ഥലം മണ്ണിട്ടു മൂടുക. മേൽഭാഗം മണലിട്ടു മൂടണം. തേങ്ങയുടെ മുകൾഭാഗം മാത്രം മണലിനു വെളിയിൽ കണ്ടാൽ മതി. തവാരണ യിൽനിന്നു മണ്ണൊലിപ്പു തടയാനും തണൽ നൽകാനും ഉണങ്ങി യ തെങ്ങോലകൊണ്ടു പുതയിടുക. മഴ കുറവാണെങ്കിൽ ഒന്നു രണ്ടു തവണ നനയ്ക്കണം. വിത്തുതേങ്ങ ചരിച്ചോ കുത്തനെയോ പാകാം.

നെല്ല്

നെൽകൃഷിക്കു പൊടിവിത മേയ് ആദ്യവും നടത്താം. കഴിഞ്ഞ മാസം നടത്തിയ പൊടിവിതയിൽ നുരിയിട്ട വിളയിൽ ഇടയിളക്കി യും കളകൾ നീക്കിയും മേൽവളം വിതറുക. ഏക്കറിന് യൂറിയ ഇ ങ്ങനെ: നാടൻ ഇനങ്ങൾക്കു 12 കിലോ, ഉൽപാദനശേഷി കൂടിയ, മൂപ്പു കുറഞ്ഞ ഇനങ്ങൾക്ക് 21 കിലോ, ഉൽപാദനശേഷി കൂടിയ, ഇടത്തരം മൂപ്പുള്ള ഇനങ്ങൾക്ക് 26 കിലോ, മഷൂരി 17 കിലോ. വിരിപ്പിൽ നടുന്നതിനു ‍ഞാറ്റടി ഒരുക്കാം. തണുക്കെ മഴ കിട്ടി ക്കഴിഞ്ഞാൽ നിലമുഴുതു പൊടിക്കുക. ഞാറ്റടിത്തടം തയാറാക്കു ക. ഒരു ച. മീറ്ററിന് ഒരു കിലോ വീതം ചാണകപ്പൊടി ചേർക്കുക. ഭാരമുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക. ഒരേക്കർ നടുന്നതി നു 32 – 35 കിലോ വിത്തു വേണം. ഒരു കിലോ വിത്തിനു രണ്ടു ഗ്രാം ബാവിസ്റ്റിൻ എന്ന കണക്കിനു കുമിൾനാശിനിയുമായി ഒന്നിച്ച് 16 മണിക്കൂർ സൂക്ഷിക്കുക. പല രോഗങ്ങളും രൂക്ഷമാകാതിരിക്കാൻ ഇതുപകരിക്കും.

അധിക വിളയെടുക്കുന്ന കുട്ടനാടൻ നിലങ്ങളിൽ മേയ് രണ്ടാം വാരം നിലമൊരുക്കാം. നിലം വൃത്തിയാക്കി ഏക്കറിന് 140 കിലോ വീതം കുമ്മായം വിതറുക. നിലം ഉഴുക. അവസാനത്തെ ഉഴുതലി നു മുമ്പ് അടിവളം ചേർക്കണം. മൂപ്പു കുറഞ്ഞ്, ശേഷി കൂടിയ ഇനങ്ങൾക്ക് ഏക്കറിന് 70 കിലോ ഫാക്ടംഫോസും 12 കിലോ പൊട്ടാഷ് വളവും ഇടത്തരം മൂപ്പുള്ള, ഉൽപാദനശേഷി കൂടിയ ഇനങ്ങൾക്ക് 90 കിലോ ഫാക്ടംഫോസും 15 കിലോ പൊട്ടാഷ് വളവും.

റബർ

കൂമ്പുചീയലും മഴ കനക്കുമ്പോൾ അകാല ഇലപൊഴിച്ചിലും പ്ര തീക്ഷിക്കാം. ഈ രോഗങ്ങൾക്കെതിരെ നഴ്സറിയിലും ചെറുമര ങ്ങളിലും ബോർഡോമിശ്രിതം തളിക്കണം. വലിയ മരങ്ങളിൽ എ ണ്ണയിൽ കലർത്തിയ കോപ്പർ ഓക്സിക്ലോറൈഡും തളിക്കാം. കവരകളിലും ശിഖരങ്ങളിലും കറ പൊട്ടിയൊലിക്കുന്ന കുമിൾരോ ഗം കാണാം. കേടുവന്ന തൊലി ചീന്തിക്കളഞ്ഞു ബോർഡോ കുഴ മ്പ് തേക്കുക. മരങ്ങളിൽ സിഡി പാനലുകളിൽ എത്തിഫോൺ ഉപയോഗിക്കാം.

റെയിൻഗാർഡ് ഈ മാസം ഉറപ്പിക്കണം. വളം ചേർക്കുന്നതി നു മുമ്പു കളകൾ നിയന്ത്രിക്കുക. പുതുക്കൃഷിക്കും ആവർത്തന ക്കൃഷിക്കും വേണ്ടി സ്ഥലമൊരുക്കുക, സ്ഥാനം കണ്ടു കുഴികളെ ടുത്ത് അടിവളം ചേർക്കണം. കുഴിയൊന്നിന് ഒരു പാട്ട കാലിവള മോ കമ്പോസ്റ്റോ മേൽമണ്ണുമായി കൂട്ടിച്ചേർത്തു കുഴികൾ മൂടു ക. കൂടാതെ ഓരോ കുഴിക്കും 175 ഗ്രാം ഫോസ്ഫറസ് വളവും ചേർ ക്കണം.

ഒരു വർഷം മുതൽ നാലു വർഷംവരെ പ്രായമുള്ള തൈകൾക്ക് 10:10:4:15 എൻപികെ– മഗ്നീഷ്യം മിശ്രിതമാണു ചേർക്കുക. 1, 2, 3, 4 വർഷം പ്രായമുള്ള തൈകൾക്ക് ഇത് യഥാക്രമം 450, 450, 550, 550 ഗ്രാം വീതം ഈ മാസം ചേർ‌ക്കാം. വളം തണ്ടിൽ വീഴാതെ ചുറ്റും കനം കുറച്ചു വിതറി മണ്ണിൽ കൊത്തിച്ചേർക്കണം. അഞ്ചാം വർഷം മുതൽ വെട്ടു തുടങ്ങുന്നതുവരെ ആവരണവിള ഉണ്ടായിരുന്നെ ങ്കിൽ 12:12:12 എൻപികെ മിശ്രിതം ഉപയോഗിക്കാം. ഒരു മരത്തിനു മേയ് മാസത്തിൽ 300 ഗ്രാം വീതം ആവരണവിള ഇല്ലെങ്കിൽ 15:10:5 എൻപികെ മിശ്രിതമാണു ചേർക്കേണ്ടത്. മേയിൽ ഒരു മരത്തിന് 450 ഗ്രാം വീതം.

ടാപ്പിങ് നടക്കുന്ന തോട്ടങ്ങളിൽ താഴെപ്പറയുന്ന വളങ്ങളിൽ ഏതെങ്കിലും ഒന്ന് ഈ മാസം െകാടുക്കാം. 10:10:10 മിശ്രിതം – 450 ഗ്രാം ഒരു മരത്തിന്. 17:17:17 വളം – 300 ഗ്രാം ഒരു മരത്തിന്. 20:20 അമോഫോസ് 150 കിലോ + എംഒപി 50 കിലോ. ഈ മിശ്രിതത്തിന്റെ 300 ഗ്രാം ഒരു മരത്തിന്. ചെറുചാലു കളിൽ വളമിട്ടു മൂടണം. വളം വിതറിയാൽ, വലിയ മഴ വന്നാൽ അതു മുഴുവൻ ഒലിച്ചു നഷ്ടപ്പെടും.

കശുമാവ് ചരിവുതോട്ടങ്ങളിൽ മണ്ണിളക്കരുത്. ഇടക്കയ്യാലകളും ബണ്ടും കെട്ടി മണ്ണൊലിപ്പു തടയണം. തോട്ടത്തിൽ നീർക്കുഴികൾ എടുക്ക ണം. വലുപ്പം 2x0.6x0.6 മീ. 10 ശതമാനത്തിൽ താഴെ ചരിവുള്ളിടത്ത് ഹെക്ടറിന് 34 നീർക്കുഴികൾ. 10% ചരിവിന് 46 എണ്ണം. 20% ചരിവിന് 57 എണ്ണം. 25% ചരിവിന് 60 എണ്ണം. 30% ചരിവിന് 62 എണ്ണവും. മഴ കിട്ടുന്നതോടെ കശുമാവിനു വളം ചേർക്കണം.

ജാതി

കള നിയന്ത്രിച്ചു വളം ചേർക്കുക. തൈകൾക്കു പത്തു കിലോ ജൈ വവളം മുതിർന്നവയ്ക്കു പ്രായമനുസരിച്ചു 15–50 കിലോ വരെ. രാസവളങ്ങളുടെ അളവ് ഇങ്ങനെ: ഒരു വർഷം പ്രായമായ തൈക്ക് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളം എന്നിവ യഥാക്രമം 20, 45, 40 ഗ്രാം വീതം. രണ്ടു വർഷം പ്രായമായതിന് 40, 90, 80 ഗ്രാം വീതം. തുടർന്നുള്ള വർഷങ്ങളിൽ രാസവളത്തിന്റെ അളവു ക്രമ മായി ഉയർത്തുക. 15 വർഷമാകുന്നതോടെ 320, 625, 835 ഗ്രാം വീത മാക്കാം. മണ്ണൊലിപ്പു തടയുക, നീർച്ചാലുകൾ വൃത്തിയാക്കുക, ഇലപ്പൊട്ട്, ചില്ല കരിച്ചിൽ തുടങ്ങിയ കുമിൾരോഗങ്ങൾ മഴക്കാ ലത്തു വരാനിടയുള്ളതിനാൽ ഈ മാസം ഒരു തവണ ബോർഡോ മിശ്രിതം തളിക്കുന്നതു കൊള്ളാം. പഞ്ചഗവ്യം ഇടയ്ക്കിടെ ഇലക ളിൽ തളിക്കുന്നതു വളർച്ച ത്വരിതപ്പെടുത്തും.

കുരുമുളക്

രണ്ടു വർഷത്തിലൊരിക്കൽ ഒരു ചുവടിന് 500 ഗ്രാം വീതം കുമ്മാ യം ചുറ്റും വിതറി മുപ്പല്ലികൊണ്ട് കൊത്തിച്ചേർക്കുക. മേയ് പകുതി യാകുമ്പോൾ കുമ്മായം ചേർക്കാം. മേയ് അവസാനം മണ്ണ് നനവു ണ്ടെങ്കിൽ വളവും ചേർക്കാം. ഒരു കൊടിക്ക് 10 കിലോ ജൈവവ ളം. ഇത് അവിയുന്നതോടെ 55 ഗ്രാം യൂറിയ, 125 ഗ്രാം റോക്ക് ഫോ സ്ഫേറ്റ്, 125 ഗ്രാം പൊട്ടാഷ് വളം എന്നിവ ചേർക്കാം. തടം തുറക്കു മ്പോൾ വേരു മുറിയുകയും അതു ദ്രുതവാട്ടത്തിനു വഴിയൊരു ക്കുകയും ചെയ്യും. വളം ചുറ്റും വിതറി മുപ്പല്ലികൊണ്ടു കൊത്തി ച്ചേർക്കുകയും ചുറ്റും പുതയിടുകയും ചെയ്യുക. മേൽപ്പറ‍ഞ്ഞ രാസ വളങ്ങൾ കണ്ണൂർ ജില്ലയിൽ യഥാക്രമം 75, 165, 165 ഗ്രാമും കോഴി ക്കോട് ജില്ലയിൽ 150, 140, 160 ഗ്രാം വീതവും വേണം. ഒരു വർഷം പ്രായമായ തൈയ്ക്ക് മേൽപ്പറഞ്ഞ അളവിന്റെ മൂന്നിലൊന്നും രണ്ടാം വർഷമായതിനു മൂന്നിൽ രണ്ടും മതി. മൂന്നാം വർഷം മു തൽ മുഴുവൻ അളവും.

വേരുപിടിപ്പിച്ച തണ്ടുകൾ നടാൻ പറ്റിയ സമയമാണിത്. താങ്ങു കാലിന്റെ ചുവട്ടിൽനിന്ന് അരയടി വിട്ടു വടക്കുവശത്തായി കുഴി തുറക്കാം. കുഴിക്ക് അര മീറ്റർ വീതം നീളം, വീതി, ആഴം. മേൽ മണ്ണിൽ നാലു കിലോ വീതം കാലിവളം ചേർത്തു കുഴി മൂടുക. മണ്ണി‍ൽ നനവുണ്ടെങ്കിൽ തൈകളും ഈ മാസം നടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA