sections
MORE

ബി ടി വഴുതന രുചിക്കും

bt-brinjal-22
SHARE

ജനിതകമാറ്റം വരുത്തിയ(ജിഎം) വിളകൾ വീണ്ടും ചർച്ചയാകുന്നു. നിരോധനം ലംഘിച്ചു കർഷകർ ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയിലെ നത്വാൻ ഗ്രാമത്തിൽ ബി ടി വഴുതന കൃഷിചെയ്തതു കണ്ടെത്തി നശിപ്പിച്ചതോടെയാണ് ജിഎം വിളകൾ വാർത്തയിൽ നിറഞ്ഞത്. രാജ്യത്തു പലയിടത്തും കർഷകർ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചു കൃഷി നടത്തുന്നതായി റിപ്പോർട്ടുണ്ട്. ജിഎം വിളയായ ബിടി പരുത്തിക്കുള്ള നിരോധനം പൂർണമായും നീക്കണമെന്നാവശ്യപ്പെട്ടു മഹാരാഷ്ട്രയിൽ കർഷകരുടെ ഷേത്കാരി സംഘടന പ്രക്ഷോഭത്തിനും നിയമലംഘനത്തിനും ഒരുങ്ങുന്നു. 

അയൽരാജ്യമായ ബംഗ്ലാദേശ് 2013 മുതൽ ലാഭകരമായി കൃഷി ചെയ്യുന്ന ബി ടി വഴുതന ഇന്ത്യയില്‍ നിരോധിക്കുന്നതു കർഷകദ്രോഹമാണെന്നു വാദിക്കുന്നവരേറെ. അതിജീവനത്തിനു പെടാപ്പാടുപെടുന്ന കർഷകർ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്താൻ താല്‍പര്യപ്പെടുന്നവരാണ്. ഏതായാലും അനിശ്ചിതത്വം മാറിയേ തീരൂ. 

അയൽരാജ്യമായ ബംഗ്ലാദേശ് 2013 മുതൽ ലാഭകരമായി കൃഷി ചെയ്യുന്ന ബി ടി വഴുതന ഇന്ത്യയില്‍ നിരോധിക്കുന്നതു കർഷകദ്രോഹമാണെന്നു വാദിക്കുന്നവരേറെ.

അല്‍പം ചരിത്രം

ജനിതകമാറ്റം വരുത്തിയ പരുത്തിയാണ് (ബിടികോട്ടൺ) ഇന്ത്യയിൽ ആദ്യം എത്തുന്നത്–2000ൽ. അന്ന് അതിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടായി. ഇന്ത്യയുടെ ജനിതക വൈവിധ്യത്തിനു ഭീഷണിയാകുന്ന ബിടികോട്ടണ് നിരോധനമുണ്ടായെങ്കിലും പിന്നീടു വ്യാവസായികാവശ്യങ്ങൾക്കുള്ള ഇനങ്ങൾ കൃഷി ചെയ്യാൻ അനുമതി ലഭിച്ചു. ഇപ്പോൾ മഹാരാഷ്ട്രയിലും മറ്റും ബിടി പരുത്തി കൃഷി ചെയ്യുന്നുണ്ട്.

കീടപ്രതിരോധശേഷിയുള്ളവയെന്നു െകാട്ടിഗ്ഘോഷിക്കപ്പെട്ട ഇവയെ സം രക്ഷിക്കാൻ കീടനാശിനികൾ ഉപയോഗിക്കണ്ടിവരുന്നതുകൊണ്ടു കർഷകരുടെ പൂർണ വിശ്വാസം നേടാൻ ആയിട്ടില്ലെന്നു മാത്രം. വഴുതനയുടെ കാര്യത്തിൽ ആഗോള ഭീമനായ മൊൺസാന്റോ കമ്പനിക്ക് 26% ഓഹരിപങ്കാളിത്തമുള്ള മഹികോ എന്ന ഇന്ത്യൻ കമ്പനി 2009ൽ ആണ് ഇതു വികസിപ്പിച്ചത്. അനുകൂല, പ്രതികൂല വാദങ്ങൾ ഏറിയപ്പോൾ ഇതിന്റെ പാരിസ്ഥിതിക, ആരോഗ്യ ആഘാതം പഠിക്കാൻ സമിതിയെ നിയോഗിച്ചു. എന്നാൽ ജനിതക വിളകൾക്ക് അനുമതി നൽകേണ്ട ജനറ്റിക് എൻജിനീയറിങ് അപ്രെയ്സൽ കമ്മിറ്റിയുടെ അംഗീകാരം നേടാനായില്ല. 2010ൽ മഹികോ ബിടി വഴുതന നിരോധിച്ചു. 

അതിജീവനം

ബി ടി വഴുതനയുടെ നേട്ടങ്ങളും കോട്ടങ്ങളും അക്കാദമിക തലത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ 2013ൽ ബംഗ്ലാദേശ് ഇതിന് അനുമതി നൽകി. അവിടെ കർഷകർ അതു ലാഭകരമായി കൃഷിചെയ്യുന്ന വിവരം ഇന്ത്യയിലെ കർഷകരും വൈകാതെ അറിഞ്ഞു. ഇന്ത്യയിലെ വിത്ത്–തൈ വിപണിയിൽ നുഴഞ്ഞു കയറിയ ബിടി വഴുതന കർഷകർ രഹസ്യമായി പരീക്ഷിച്ചു തുടങ്ങി. വിപണിയിൽ ബിടി വഴുതന ലഭ്യമായിട്ടും മാറ്റങ്ങളോട് എന്നും വളരെ പതുക്കെ മാത്രം പ്രതികരിക്കുന്ന നമ്മുടെ ഭരണസംവിധാനം ഇതറിഞ്ഞത് ഈയിടെയാണ്. തുടര്‍ന്നു കൃഷിഭൂമിയിൽ റെയ്ഡ് നടത്തി. ബിടി വഴുതനച്ചെടികൾ പിഴുതു നീക്കി ആഴത്തിൽ കുഴിച്ചിട്ടു. കർഷകരുടെ പേരിൽ കേസും എടുത്തു. 

അമേരിക്കയും മറ്റും പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കൾ ഇന്ത്യ നിരോധിക്കേണ്ടതുണ്ടോ? ദിവസവും ദശലക്ഷക്കണക്കിനു ജിഎം ഭക്ഷണം കഴിക്കുന്ന അവിടെ ദോഷമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അവിടെ താമസിക്കുന്ന ഇന്ത്യക്കാരും ഈ ഭക്ഷണം രുചിയോടെ കഴിക്കുന്നുണ്ട്. രുചിയിലും ഗുണത്തിലും ബിടി വഴുതന മെച്ചമാണെന്നാണ് കർഷകരുടെ അനുഭവം. കീടബാധ കുറവുള്ളതുകൊണ്ടു കൃഷിച്ചെലവും കുറവ്. വിളവ് മറ്റ് ഇനങ്ങളെക്കാൾ ഏറെ മെച്ചവും. 

ഗുണകരമെന്നു തിരിച്ചറിഞ്ഞതു കൊണ്ടു തന്നെയാണ് ഇന്ത്യയിലെ കർഷകർ ബിടി വഴുതനക്കൃഷി പരീക്ഷിച്ചത്. ശാസ്ത്ര സാങ്കേതികരംഗത്ത് ഏറെ മുന്നേറിയ നമുക്ക് 2 പതിറ്റാണ്ടായിട്ടും ജിഎം വിളകളുടെ ഗുണദോഷങ്ങൾ വിലയിരുത്തി തീരുമാനത്തിലെത്താനാവാത്തതു രാജ്യത്തെ കാർഷികമേഖലയുടെ ഗതികേട്. നല്ലതും ഗുണകരവുമായതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ കർഷകർ എന്നും തയാറാണ്. വിലക്കുലംഘിച്ച് കർഷകർ ബിടി വഴുതന വ്യാപകമായി കൃഷിചെയ്തു തുടങ്ങിയാൽ സർക്കാർ തങ്ങളുടെ മണ്ടൻ നിലപാട് തിരുത്താൻ നിർബന്ധിതരാവും. 

ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയാണ് ബി ടി വഴുതനയ്ക്കെതിരെ നിലപാടെടുക്കുന്നവർ പ്രധാനമായും പങ്കുവയ്ക്കുന്നത്. വ്യാവസായികാവശ്യത്തിനു മാത്രം കൃഷി അനുവദിച്ച ബി ടി പരുത്തിയുടെ വിത്ത് ഒരു പതിറ്റാണ്ടായി ഇന്ത്യയിലെങ്ങും ആഹരിക്കുന്നുണ്ട്., നേരിട്ടും വനസ്പതിരൂപത്തിലും. പരുത്തിക്കുരുപ്പിണ്ണാക്ക് കാലി, കോഴി, മത്സ്യത്തീറ്റയുടെ പ്രധാന ഭാഗമാണ്. ഇതുവരെ ദോഷമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബി ടി വഴുതന ആറു വർഷമായി ഉപയോഗിക്കുന്ന ബംഗ്ലാദേശിൽനിന്നു ദോഷകരമായ റിപ്പോർട്ടുകളില്ല. 

ജിഎം വിളകൾക്കെതിരെ നില കൊള്ളുന്നവരെ ശാസ്ത്രം അറിയാത്ത വിനാശകാരികൾ എന്നാണ് ഹരിതവിപ്ലവത്തിന്റെ പിതാവായ നോർമൻ ബൊർലോഗ് വിശേഷിപ്പിക്കുന്നത്. ജിഎം വിളകൾ ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് െചങ്കൽ റെഡ്ഡിയും പറയുന്നു. ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടില്ലാത്ത അധികാരികൾ നിസ്സംഗ മനോഭാവം തുടരുമ്പോൾ കർഷകർ ആത്മഹത്യയിൽ അഭയം തേടുന്നു. ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലം അനുഭവിച്ചു മെച്ചപ്പെട്ട വരുമാനവും ആദായവും നേടാൻ കർഷകർക്ക് അവകാശമുണ്ട്. അവരെ അതിന് അനുവദിച്ചേ തീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA