sections
MORE

ടോക്കിയോ നഗരത്തിലുണ്ട് ഇമ്മിണി ബല്യ നെൽപാടങ്ങൾ

HIGHLIGHTS
  • ഓരോ കർഷകനും കൃഷി തുടങ്ങുന്നതിനുമുമ്പ് മണ്ണുപരിശോധന നടത്തുന്നു
  • നഗരത്തിലെ പാടശേഖരങ്ങൾപോലും ഒട്ടും നി കത്താതെ കൃഷിചെയ്യുന്നു
japan
SHARE

‘പച്ചക്കറി ഉൽപാദനത്തിലെ നൂതന സാങ്കേതികവിദ്യകൾ ചെറുകിട കർഷകരുടെ ഉന്നമനത്തിന്’ എന്ന വിഷയത്തിൽ ജപ്പാനിൽ നടന്ന പരിശീലനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പഴയന്നൂർ കൃഷി ഓഫിസർ ജോസഫ് ജോൺ തേറാട്ടിൽ അവിടത്തെ കൃഷിവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ജപ്പാന്‍കാരുടെ ഭക്ഷണക്രമത്തിൽ അരിയും പച്ചക്കറികളും പാലും മാംസാഹാരങ്ങളുമെല്ലാം ഉണ്ടെങ്കിലും പച്ചക്കറികളാണ് മുഖ്യം.  പച്ചക്കറിയുടെ ദൈനംദിന ആളോഹരി ഉപഭോഗം 400 – 450 ഗ്രാം. അതിൽതന്നെ പകുതിയോളം ഇലവർഗ പച്ചക്കറികൾ. കാബേജ്, ചീരകൾ, മല്ലി, പുതിന, ലെറ്റ്യൂസ്, സെലറി, റാഡിഷ്, കാരറ്റ്, ബീൻസ്, തക്കാളി എന്നിവ വേവിക്കാതെയാണ് കഴിക്കുന്നത്. അതിനാൽതന്നെ നല്ല കാർഷികോൽപാദന രീതി (Good agricultural practices - GAP) ആണ് 90 ശതമാനം കർഷകരും അനുവർത്തിക്കുന്നത്. ജപ്പാൻ ജനതയുടെ ആയുർദൈർഘ്യവും ഭക്ഷണരീതിയും തമ്മിൽ അഭേദ്യബന്ധമുണ്ടെന്നു പറയാം. ഇവിടെ ശരാശരി ആയുർദൈർഘ്യം 85 വയസ്സാണ്.

വ്യാവസായികമായി വന്‍ വളർച്ച നേടിയിട്ടും കൃഷി കൈവിടാത്ത വികസനത്തിനാണ് മുൻഗണന. നെല്ല്, പച്ചക്കറികൾ, ഗോതമ്പ്, മധുരക്കിഴങ്ങ്, പഴവർഗങ്ങൾ, പാൽ–പാലുൽപന്നങ്ങൾ, മത്സ്യം എന്നിവയാണ് പ്രധാന കാർഷികോൽപന്നങ്ങൾ.

മണ്ണു പരിശോധന

ഓരോ കർഷകനും കൃഷി തുടങ്ങുന്നതിനുമുമ്പ് കൃത്യമായി മണ്ണുപരിശോധന നടത്തുന്നു.  900 യെൻ (540 രൂപ)യാണ് ഒരു സാമ്പിളിനു ഫീസ്.  പ്രാദേശിക വിജ്ഞാനവ്യാപനകേന്ദ്രങ്ങൾ 270 രൂപയ്ക്ക് ചെയ്തു കൊടുക്കുന്നു. മണ്ണ് സാമ്പിൾ ശേഖരിക്കുന്ന വിധം  കർഷകരെപഠിപ്പിച്ചിട്ടുണ്ട്. പിഎച്ച് മൂല്യം, ലവണാംശം (EC), എന്‍പികെ അടക്കമുള്ള 10 മൂലകങ്ങളുടെ അളവ് എന്നിവയാണ്  പരിശോധനയിൽ കണ്ടെത്തുന്നത്. അതിനാൽ  കൃത്യമായ വളപ്രയോഗം നടത്താൻ കർഷകനു കഴിയും.  പ്രാദേശിക (പഞ്ചായത്തുതലം എന്നു പറയാം) വിജ്ഞാനവ്യാപന ഉദ്യോഗസ്ഥനാണ്   ചുമതലക്കാരന്‍.

നെല്ല്: നെൽകൃഷിമേഖലകൾ കൃത്യമായി സംരക്ഷിക്കുന്നു.  നഗരത്തിലെ പാടശേഖരങ്ങൾപോലും ഒട്ടും നികത്താതെ കൃഷിചെയ്യുന്നു. ഡിസംബർ മുതൽ മാർച്ച് വരെ കനത്ത മഞ്ഞുകാലമായതിനാൽ മേയ് മാസത്തിലാണ് നടീൽ. അതിനായി ഏപ്രിലിൽ തന്നെ ഞാറ്റടിയൊരുക്കും. ഇതും വിളവെടുപ്പും, വൈക്കോൽകെട്ടലുംവരെ 95 ശതമാനം പണികളും യന്ത്രസഹായത്തോടെയാണ്.  മേയ് മാസത്തിൽ ജപ്പാനിൽ എമ്പാടും ഞാറുനടീൽ ഉത്സവമാണ്.  മൂന്നു വയസ്സുകാർ മുതൽ മുതുമുത്തച്ഛൻമാർ വരെ ചെളിയിലിറങ്ങി ഞാറ് നടും. 

നെല്ലിൽനിന്നു സാക്കെ (sake) എന്ന വൈനും ഉണ്ടാക്കുന്നു. ജപ്പാനിലെമ്പാടും സാക്കെ പ്രശസ്തം. ഇതിനായി പ്രത്യേക ഇനങ്ങൾ കൃഷിചെയ്യുന്നവരെയും കണ്ടു.  ടോക്കിയോപോലുള്ള വൻനഗരങ്ങളിൽപോലും നെൽപാടങ്ങള്‍ കാണാം.  

പച്ചക്കറി: നെല്ല് കഴിഞ്ഞാൽ ജപ്പാനിലെ പ്രധാന വിള പച്ചക്കറിയാണ്.  ഗ്രീൻഹൗസുകളും പോളിഹൗസുകളുമുണ്ടെങ്കിലും മഴമറയ്ക്കാണ് ഏറെ പ്രചാരം. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നതിനാൽ ചെലവു കുറഞ്ഞ പ്ലാസ്റ്റിക് പൈപ്പ് മഴമറകളാണുള്ളത്. ഗ്രാഫ്റ്റ് തൈകൾ ഉപയോഗിക്കുന്നതിനാൽ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനാകുന്നു.  

കേരളത്തിനു മാതൃകയാകണം ജപ്പാനിലെ കൃഷി, വിപണനരീതികള്‍. കഠിനാധ്വാനവും അർപ്പണമനോഭാവവും ഏറെയുള്ളവരാണ് ഇവിടെ കര്‍ഷകര്‍. അവരുടെ  വിജയസ്മിതത്തിന്റെ രഹസ്യവും മറ്റൊന്നല്ല.

വിപണനം വ്യത്യസ്തം 

ജപ്പാനില്‍ തനതു വിപണനരീതികളാണ്.   ഓരോ പച്ചക്കറി ഇനത്തിനും എ, ബി, സി എന്നിങ്ങനെ വ്യത്യസ്ത ഗ്രേഡുകൾ.  സെൻട്രൽ മാർക്കറ്റുകൾ (പ്രധാന നഗരങ്ങളിൽ ഉള്ളവ), പ്രാദേശിക മാർക്കറ്റുകൾ എന്നിവ സർക്കാർ നിയന്ത്രണത്തില്‍. ലേലമായാണ് കച്ചവടം നടക്കുന്നതെങ്കിലും  കച്ചവടക്കാർ ഒത്തുചേർന്ന് വില കുറയ്ക്കാൻ അനുവദിക്കാത്തവിധമാണ് വിപണിഘടന. സംഭരണം ഏതാണ്ട് 80 ശതമാനവും സഹകരണ മേഖലയിലൂടെ.  ജപ്പാൻ അഗ്രിക്കൾച്ചറൽ കോഓപ്പറേറ്റീവ്സ്  എന്ന ശൃംഖല കർഷകരെ ക്ലസ്റ്ററുകളായി തിരിച്ച് ഉൽപാദനവും സംഭരണവും നടത്തുന്നു. പച്ചക്കറിക്കായി 611 സഹകരണ ക്ലസ്റ്ററുകൾ. ഓരോന്നിന്റെയും  വാർഷിക വിറ്റുവരവ് 10–15 കോടി രൂപ വരും. വിത്തും വളവുമെല്ലാം ഈ സ്ഥാപനങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് നൽകുന്നു. മറ്റു സബ്‌സിഡി ഇല്ല. താങ്ങുവിലയെക്കാൾ വിപണിവില കുറഞ്ഞാൽ സഹകരണ മേഖലയിലെ സംഭരണകേന്ദ്രങ്ങൾ വഴി ബാക്കി തുക കർഷകർക്കു നൽകും.  

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA