ADVERTISEMENT

അശ്വതി, സുവർണ്ണ, പ്രീതി എന്നീ ഇനങ്ങൾ വികസിപ്പിച്ചെടുത്ത വയനാട് കമ്മന അമ്പിളിനിലയത്തിൽ ബാലകൃഷ്ണൻ കുരുമുളകുചെടിയിൽ കൃത്രിമപരാഗണം നടത്തി എങ്ങനെയാണ് പുതിയ ഇനങ്ങൾ ഉരുത്തിരിച്ചെടുത്തതെന്ന് നോക്കാം.

ഉതിരൻകോട്ട മാതൃവള്ളിയായും, ചെറുവള്ളി ഇനത്തെ പിതൃവള്ളിയായും എടുത്ത് കൃത്രിമ പരാണത്തിലൂടെ ഉരുത്തിരിച്ചെടുത്തതാണ് അശ്വതി എന്ന ഇനം. ഉതിരൻകോട്ടയിലെ ആൺപൂക്കൾ (ഈ ഇനത്തിന് ആൺ പൂക്കൾ ചെറിയ ശതമാനം മാത്രമേ കാണപ്പെടുന്നുള്ളൂ) സൂചികൊണ്ട് ശ്രദ്ധയോടെ നശിപ്പിച്ചു കളഞ്ഞശേഷം പെൺപൂക്കളിൽ പിതൃചെടിയുടെ പൂമ്പൊടി ശേഖരിച്ച് പരാഗണം നടത്തുകയാണ് ചെയ്തത്. രാവിലെ 10-11 വരെയാണ് പരാഗണം നടത്താൻ അനുയോജ്യമായ സമയം. തിരിയിൽ 70-72 മണിക്കൂർ വരെ പൂമ്പൊടി സജീവമായിരിക്കും.

മാതൃ-പിതൃ കൊടികളിലെ നീണ്ടുതുടങ്ങിയ തിരികൾ പോളിത്തീൻ കവറിൽ പൊതിഞ്ഞ് കെട്ടിവയ്ക്കുന്നു. ഏഴാം ദിവസം മാതൃചെടിയിലെ തിരിയിൽനിന്ന് ആൺപൂക്കൾ വളരെ സൂഷ്മതയോടെ നീക്കം ചെയ്ത് വീണ്ടും കവർ ഇട്ട് മൂടി വെയ്ക്കുന്നു. അണുനശീകരണം നടത്തിയ സൂചിയാണ് ഇതിനായി ഉപയോഗിക്കുക. പിതൃ ചെടിയിലെ തിരികളിൽനിന്ന് വിരിയാറായ ആൺപൂക്കളിൽനിന്ന് സൂചിയുടെയും ബ്രഷിന്റെയും സഹായത്താൽ പൂമ്പൊടി ഒരു ഗ്ലാസിൽ 25-50 ml ശുദ്ധജലത്തിലേക്ക് വീഴ്ത്തി (വെള്ളത്തിന്റെ മുകളിൽ പിടിച്ചുവേണം ചെയ്യാൻ ആൺപൂവിൽ തട്ടുന്ന മാത്രയിൽ കേസരം പൊട്ടി പൂമ്പൊടി താഴെ വീഴും) പൂമ്പൊടി വെള്ളത്തിൽ നന്നായി കലക്കുക. പരാഗം നടത്താവാനുള്ള ചെടിയിലെ തിരിയിൽനിന്നു കവർ മാറ്റി ശ്രദ്ധയോടെ ബ്രഷ് ഉപയോഗിച്ച് പൂമ്പൊടി കലർത്തിയ വെള്ളം പുരട്ടിയ ശേഷം കവർ ഇട്ട് മൂടിക്കെട്ടണം. തിരിയിലെ പെൺപൂക്കൾ വിരിഞ്ഞ് തീരുന്നതുവരെ ഈ പ്രവൃത്തി തുടരണം. 13-14 ദിവസം ആകുമ്പോൾ പോളിത്തീൻ കവർ നീക്കം ചെയ്യാം. പരാഗണം നടന്ന പൂക്കൾ കുരുമുളക് മണികളായി വളർന്നു തുടങ്ങും.

പരാഗണം നടത്തിയ മുളക് മണികൾ പഴുത്ത് പറിച്ച് എടുത്ത് തണലത്ത് ഉണങ്ങിയെടുത്ത് പാകി മുളപ്പിച്ച് നിരീക്ഷിക്കുക. തൈകളിൽ എല്ലാം കൊണ്ടും മെച്ചപ്പെട്ട രീതിയിൽ വളർന്നു വരുന്ന മാതൃ–പിതൃ വള്ളികളെക്കാൾ മെച്ചപ്പെട്ട ഗുണങ്ങൾ കാണുന്ന ചെടിയെ വളർത്തി എടുക്കുന്നു. 

ബാലകൃഷ്ണൻ വികസിപ്പിച്ച കുരുമുളകിനങ്ങളുടെ പ്രത്യേകതകൾ

കരിമുണ്ട + ചെറുവള്ളി = സുവർണ

ഉതിരൻ കോട്ട + ചെറുവള്ളി = അശ്വതി

കുറ്റിക്കൊടി + ഉതിരൻ കോട്ട = പ്രീതി

അശ്വതി ഒരു ചരടിൽ ഏകദേശം 200 കുരുമുളക് മണികളും, ഏഴാം മാസത്തിൽ വിളവെടുക്കുകയും ചെയ്യാം. സുവർണ്ണയുടെ ഒരു ചരടിൽ ശരാശരി 90 മണികൾ ഉണ്ടാകും. പ്രീതി എന്ന ഇനത്തിന് ചെറിയ തിരിയാണ്.

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചുന്റെയും അംഗീകാരം ബാലകൃഷ്ണനു ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

എ. ബാലകൃഷ്ണൻ, അമ്പളിനിലയം, കമ്മന പി.ഒ, വയനാട്. 9497079823

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT