പയർമണികൾ ശുദ്ധമായി മുളപ്പിക്കാൻ ഇതാ ഒരു എളുപ്പവഴി

HIGHLIGHTS
  • അധികം വെളിച്ചം കടക്കാത്ത ഒരിടത്തുവേണം കുപ്പി വയ്ക്കാൻ
pulses
SHARE

ചെറുപയര്‍, പട്ടാണിക്കടല, മുതിര എന്നിങ്ങനെ പലതും മുളപ്പിച്ച് കഴിക്കുന്നതിലെ ഗുണങ്ങള്‍ നമുക്കറിയാം. ഇവയെ മുളപ്പിക്കാനായി പലര്‍ക്കും പല രീതികള്‍ ഉണ്ടല്ലോ. ഇതിനായി പ്രത്യേക ഘടനയുള്ള പാത്രവും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഏറ്റവും എളുപ്പവും ചെലവില്ലാത്തതും മുളച്ചുവന്ന വേരുകള്‍ ചീയാതെയും ഉണങ്ങാതെയും അഴുക്കും പൊടിയും പറ്റാതെയും എളുപ്പത്തില്‍ മുളപ്പിക്കാനായി ലളിതമായ മാര്‍ഗം പകര്‍ന്നുതരാം.

അവശ്യമായവ

  • പ്ലാസ്റ്റിക്‌ കുപ്പി
  • പ്ലാസ്റ്റിക്‌ / സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ വലക്കഷ്ണം
  • നേര്‍ത്ത പരുത്തിത്തുണി
pulses-1

ചിത്രത്തില്‍ കാണുന്നപോലെ കുപ്പി മുറിച്ചശേഷം താഴെ ഒരു വിരല്‍ വലുപ്പത്തില്‍ ദ്വാരമിടുക. കുപ്പിയുടെ അടിത്തട്ടില്‍ കൊള്ളാവുന്ന വൃത്താകൃതിയില്‍ വലക്കഷ്ണം മുറിച്ചെടുത്തത് കുപ്പിക്കകത്ത് ദ്വാരത്തിനു മുകളില്‍ വെച്ചശേഷം ആറു മണിക്കൂര്‍ കുതിര്‍ത്തെടുത്ത പയറുകള്‍ കുപ്പിയുടെ പാതിയോളം നിക്ഷേപിക്കാം. അധികം വെളിച്ചം കടക്കാത്ത ഒരിടത്ത് ഈ കുപ്പിവച്ചശേഷം അല്‍പം നനച്ച പരുത്തിത്തുണി കുപ്പിയുടെ മുറിച്ചഭാഗത്ത് വിരിക്കുക. വീണ്ടും ആറു മണിക്കൂറുകള്‍ക്ക് ശേഷം കുപ്പിയുടെ മേലെ വിരിച്ച തുണി മാറ്റി അൽപം വെള്ളമൊഴിച്ച് താഴെയുള്ള ദ്വാരത്തിലൂടെ വാര്‍ത്തുകളയണം. പയർവര്‍ഗങ്ങള്‍ മുളയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ചില ദ്രാവകങ്ങള്‍ വാര്‍ന്നുപോകാനാണ് ഇത് ചെയ്യുന്നത്.

മുളയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടു മൂലം വായു മേലേയ്ക്കുയരുമ്പോള്‍ താഴെയുള്ള ദ്വാരത്തിലൂടെ വായു അകത്തേക്ക് വലിക്കപ്പെടും. നനഞ്ഞ പയറുകള്‍ക്ക് മുളയ്ക്കാന്‍ വേണ്ടത്ര വായു ലഭിക്കുന്നതോടൊപ്പം കുപ്പിയില്‍ ഈര്‍പ്പവും നിലനില്‍ക്കുന്നതിനാല്‍ എല്ലാ പയര്‍മണികളും ഒരേപോലെ മുളയ്ക്കുന്നു. പ്രാണികളും ഈച്ചകളും സ്പര്‍ശിക്കുകയുമില്ല. മുളച്ചുകഴിഞ്ഞാല്‍ കുപ്പി കമിഴ്ത്തി വേവിക്കാനുള്ള പാത്രത്തിലേക്ക് പകര്‍ത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA