കരുത്തോടെ വളർന്നുവന്ന തക്കാളിച്ചെടി പെട്ടെന്ന് വാടിപ്പോകുന്നു, എന്തു ചെയ്യും?

HIGHLIGHTS
 • അമ്ലത കൂടുതലുള്ള മണ്ണില്‍ ഈ രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്
 • വെള്ളക്കെട്ടുണ്ടായിരുന്ന മണ്ണില്‍ തക്കാളി നടാതിരിക്കുക
tomato
SHARE

കർഷകര്‍ ഉന്നയിക്കുന്ന വലിയൊരു പ്രശ്നമാണ് വഴുതന, മുളക്, തക്കാളി എന്നീ കൃഷികളിലെ ബാക്ടീരിയാ വാട്ടരോഗം. ഒരു സുപ്രഭാതത്തില്‍ മുഴുവനായി തിളച്ചവെള്ളമൊഴിച്ചപോലെ വാടിനില്‍ക്കുന്നതായി കാണുന്ന രോഗിയായ ചെടിയെ എത്രയൊക്കെ ചികിത്സിച്ചാലും രക്ഷിക്കാനുമാവില്ല. Ralstonia solanacearum എന്ന ബാക്ടീരിയയാണ് രോഗഹേതു. പൊതുവേ അമ്ലത കൂടുതലുള്ള കേരളത്തിലെ മണ്ണില്‍ ഈ രോഗം വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, മേല്‍പ്പറഞ്ഞ ബാക്ടീരിയ നാലോ അഞ്ചോ വര്‍ഷങ്ങളോളം മണ്ണില്‍ സുഷുപ്തിയില്‍ കഴിയുകയും ചെയ്യും.

വാട്ടരോഗത്തിൽത്തന്നെ ബാക്ടീരിയ മൂലം സംഭവിക്കുന്നതും കുമിൾരോഗമായി തെറ്റിദ്ധരിച്ച് ഉചിതമല്ലാത്ത നിയന്ത്രണമാർഗ്ഗങ്ങൾ അനുവർത്തിക്കുന്നവരുണ്ട്. ഈ രോഗത്തിനെതിരെ നമുക്ക് അനുവര്‍ത്തിക്കാവുന്ന ചില പ്രതിരോധമാര്‍ഗ്ഗങ്ങള്‍ വിവരിക്കാം.

 • വെള്ളക്കെട്ടുണ്ടായിരുന്ന മണ്ണില്‍ തക്കാളി നടാതിരിക്കുക.
 • തക്കാളിച്ചെടിക്ക് ജലസേചനത്തിന് കെട്ടിക്കിടക്കുന്നതും പായല്‍ നിറഞ്ഞതുമായ ജലസ്രോതസുകളില്‍നിന്നുള്ള വെള്ളം ഉപയോഗിക്കാതിരിക്കുക.
 • വെള്ളം തടത്തില്‍ കെട്ടിക്കിടക്കുന്ന വിധത്തില്‍ ജലസേചനം ചെയ്യാതിരിക്കുക.
 • മണ്ണൊരുക്കുമ്പോള്‍ കുമ്മായം / ഡോളോമൈറ്റ് നിര്‍ബന്ധമായും ചേര്‍ക്കുക. മണ്ണിലെ pH മൂല്യം 7 - 7.5 ആണ് തക്കാളിച്ചെടിക്ക് അഭികാമ്യം. കൂടാതെ മണ്ണിലെ കാത്സ്യത്തിന്‍റെ സാന്നിധ്യവും ബാക്ടീരിയവാട്ടത്തെ ചെറുക്കുന്നു.
 • തക്കാളിച്ചെടി നടുമ്പോള്‍ കിലുക്കിച്ചെടിയുടെ (Crotalaria) (ചിത്രം കാണുക) പച്ചയിലകള്‍ ചേര്‍ത്ത് മണ്ണൊരുക്കുക.
tomato-1
Crotalaria
 • അടുത്തുള്ള ചെടികളില്‍ രോഗം കാണുന്നപക്ഷം ഒരു ചതുരശ്രമീറ്റര്‍ മണ്ണിലേക്ക് 50 ഗ്രാം ( 15 ഗ്രാം ഒരു ചെടിക്ക് ) ബ്ലീച്ചിംഗ് പൗഡര്‍ മണ്ണ് നനയാന്‍മാത്രം പാകത്തിനുള്ള വെള്ളത്തില്‍ കലക്കിയൊഴിക്കുക.
 • രോഗം കണ്ടയുടനെ ചെടി നില്‍ക്കുന്ന ഒരു ചതുരശ്രമീറ്റര്‍ മണ്ണില്‍ 5 ഗ്രാം സ്ട്രെപ്ടോമൈസിന്‍ സള്‍ഫേറ്റ് മണ്ണ് നനയാന്‍മാത്രം പാകത്തിനുള്ള വെള്ളത്തില്‍ കലക്കിയൊഴിച്ചാല്‍ ചെടി രക്ഷപ്പെട്ടേക്കാം.
 • രോഗം ബാധിച്ച ചെടികളില്‍നിന്നുള്ള വിത്തുകള്‍ പാകാനെടുക്കാതിരിക്കുക.
 • കേരള കാര്‍ഷികസര്‍വകലാശാല പുറത്തിറക്കിയ ശക്തി, മുക്തി എന്നീയിനങ്ങള്‍ ബാക്ടീരിയവാട്ടത്തെ ചെറുക്കുന്നവയാണ്.
 • തമിഴ്നാട് കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ചെടുത്ത ഒരു പ്രയോഗം ചെയ്യാം. 20 ലിറ്റര്‍ വെള്ളത്തില്‍ 600 മില്ലിലീറ്റര്‍ നന്നായി പുളിച്ച തൈരും 500 മില്ലിലീറ്റര്‍ ഗോമൂത്രവും നന്നായി കലര്‍ത്തിയ മിശ്രിതം 100 - 150 മില്ലിലീറ്റര്‍ വീതം വാട്ടരോഗം ബാധിച്ച ചെടിയുടെ തടത്തില്‍ 5 ദിവസത്തിലൊരിക്കല്‍ വീതം മൂന്നോ നാലോ തവണകളായി ഒഴിക്കുക.
 • ബ്ലീച്ചിങ് പൊടി 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി രോഗം തുടങ്ങിയയുടനെ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. Streptomycin 500 mg ഒരു ഗുളിക 3 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയും ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. രോഗബാധ തടയാനായി അടുത്തുള്ള ചെടികളിലും ഈ ക്രിയകൾ ചെയ്യുക.
 • ചുണ്ടയുടെ (Solanum torvum) തൈകളില്‍ ഗ്രാഫ്റ്റ് ചെയ്തെടുത്ത വഴുതന, തക്കാളി എന്നിവയെ രോഗം ബാധിക്കില്ല. കാ‍ന്താരി, ഉജ്വല എന്നീ ഇനങ്ങളിലാണ് മുളക് ഗ്രാഫ്റ്റ് ചെയ്യേണ്ടത്. 

(കുമിളുകളാല്‍ വരുന്ന വാട്ടരോഗങ്ങള്‍ കൃത്യമായ ട്രൈക്കോഡെര്‍മ / സ്യൂഡോമോണാസ് പ്രയോഗങ്ങളാല്‍ നിയന്ത്രിക്കാം. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA