കുരുമുളകിനു കൂടുതൽ കറുപ്പു നിറം വേണോ? വഴിയുണ്ട്

HIGHLIGHTS
  • തിരിയിൽ മുളക് പഴുത്തു തുടങ്ങിയാൽ വിളവെടുക്കാം
  • ചാക്കിൽ രണ്ടു ദിവസം വച്ചിരുന്നാൽ പെട്ടന്ന് ഉതിർന്ന് കിട്ടും
black-pepper
SHARE

180 ദിവസം മുതൽ 240 ദിവസം വരെയാണ് കുരുമുളക് മൂപ്പാകാൻ വേണ്ടിവരുന്ന കാലയളവ്. തിരിയിൽ മുളക് പഴുത്തു തുടങ്ങിയാൽ വിളവെടുക്കാം. ചെടിയിലെ 90-95% മുളകും മൂപ്പെത്തിയാൽ മുളക് തീർത്ത് പറിക്കാം.

വിളവടുത്ത കുരുമുളക് നിലത്തിട്ട് കാലുകൊണ്ട് ചവിട്ടിയോ മെതിയന്ത്രം ഉപയോഗിച്ചോ ഉതിർത്ത് എടുക്കാം. വിളവെടുത്ത മുളക് ചാക്കിൽ രണ്ടു ദിവസം വച്ചിരുന്നാൽ പെട്ടന്ന് ഉതിർന്ന് കിട്ടും. ഉതിർത്തെടുത്ത കുരുമുളക് മണികൾ വലിയ പാത്രത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിപ്പൊക്കിയാൽ (കൂടുതൽ നേരം മുക്കിയാൽ കുരുമുളകിന്റെ ഗുണം നഷ്ടപ്പെട്ട് ചണ്ടിയാകും) മുളകിന്റെ പച്ച നിറംകെട്ട് നല്ല കറുപ്പ് നിറം കിട്ടും. കൂടാതെ ഇങ്ങനെ ചെയ്താൽ പെട്ടന്ന് ഉണങ്ങുകയും ചെയ്യും.

ഉതിർത്ത മുളക് നേരിട്ട് (വെള്ളത്തിൽ വാട്ടി എടുക്കാതെ) വെയിലത്തിട്ടും ഉണങ്ങാം. സിമിന്റ് തറയിലോ, പരമ്പ്, പോളിത്തീൻ ഷീറ്റ് എന്നിവയിലോ ഇട്ടും ഉണങ്ങിയെടുക്കാം. രാവിലെ വെയിലത്ത് നിരത്തുന്ന കുരുമുളക് ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. ഇത് ഒരുപോലെ ഉണങ്ങാൻ സഹായിക്കും. ഏകദേശം വാടിയ മുളക് ഉച്ചകഴിഞ്ഞ് നല്ല ചൂടോടെ ചാക്കിൽ വാരിക്കെട്ടി മുകളിൽ ഭാരം കയറ്റിവയ്ക്കുക. ഇങ്ങനെ വാരിവച്ചാലും ചാക്കിനുള്ളിലിരുന്ന് വിയർത്ത് മുളകിന്റെ പച്ച നിറംകെട്ട് നല്ല കറുപ്പുനിറം വരും. ഒപ്പം പെട്ടന്ന് ഉണങ്ങിയെടുക്കാനും കഴിയും. ഏകദേശം രണ്ടര–മൂന്നു ദിവസം കൊണ്ട് കുരുമുളക് ഉണങ്ങിക്കിട്ടും. ഉണങ്ങിയ കുരുമുളക് തണുത്ത ശേഷം ചാക്കിൽ വാരി കെട്ടിവയ്ക്കാം.

വിപണനം നടത്തുമ്പോൾ അരിപ്പയിൽ അരിച്ച് പൊടിയും, ചപ്പും കുരുമുളകിൽനിന്ന് വേർതിരിച്ചുവേണം മാർക്കറ്റിൽ എത്തിക്കാൻ. സൂക്ഷിച്ച് വയ്ക്കാൻ വേണ്ടിയാണെങ്കിലും ഇതുപോലെ വൃത്തിയാക്കി തണുപ്പ് തട്ടാതെ സൂക്ഷിക്കണം. അല്ലെങ്കിൽ കാലങ്ങൾ കഴിയുമ്പോൾ മുളക് പൊടിഞ്ഞ് പോകാനും പൂപ്പൽ ഉണ്ടാകാനും സാധ്യതയുണ്ട്.

ഉണക്കമുളകിൽ 10-12 % ഈർപ്പം ഉണ്ടായിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA