അ‌‌‌ടുക്കളയിൽ നിത്യവും പച്ചക്കറിക്കായി കോവൽ നടാം, അതും ജൈവ രീതിയിൽ

HIGHLIGHTS
  • നല്ല വിളവു ലഭിക്കാൻ പ്രൂണിംഗ്
  • ട്രൈക്കോഡെർമ/സ്യൂഡോമൊണാസിനൊപ്പം ചാരം ചേർക്കരുത്
koval
SHARE

കോവൽ (Ivy Gourd) ശാസ്ത്ര നാമം Coccinia Grandis.

അടുക്കളത്തോട്ടത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ട വിള. ഒരു ചെടി 5-8 വർഷം നിൽക്കും. വർഷം മുഴുവൻ വിളവു തരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood sugar) 16-18% കുറയ്ക്കും. കോവൽ പോഷക സമൃദ്ധമാണ്. ഇതിൽ ധാരാളം ബീറ്റാ കരോട്ടിനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇതിന്റെ തളിരില ഭക്ഷ്യയോഗ്യമാണ്, അതീവ സ്വാദിഷ്ടവുമാണ്.

നടീൽ വസ്തു

കൊവലിൽ ആണും പെണ്ണും ചെടികളുണ്ട്. നല്ല കായ്‌ ഫലമുള്ള ചെടിയുടെ ഒരു പെൻസിൽ വണ്ണമുള്ള 3-4 മുട്ടുകളോടുകൂടിയ 30-40 സെ.മീ. നീളമുള്ള വള്ളി വേണം നടീൽ വസ്തുവായി തിരഞ്ഞെടുക്കാൻ. മേയ്‌–ജൂണും, സെപ്റ്റംബർ–ഒക്‌ടോബറുമാണ് അനുയോജ്യമായ നടീൽ സമയം. വെള്ളാനിക്കര കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഒലെറികൾച്ചർ വിഭാഗത്തിലെ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയും നല്ല വലുപ്പമുള്ള കായും തരുന്ന ഇനമാണ്‌ സുലഭ. ഇളം പച്ച നിറത്തിൽ വരകളോടു കൂടിയ ഇതിന്റെ കായ്ക്ക് 9.5 സെ.മീ. നീളവും 18 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. കോവൽ പോലെയുള്ള ദീർഘകാല വിളകൾ നടുമ്പോൾ നല്ല നടീൽ വസ്തു തന്നെ തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

ഗ്രോ ബാഗിലും വലിയ ചട്ടികളിലുമൊക്കെ കൃഷി ചെയ്യാൻ സാധിക്കുമെങ്കിലും, ഒരു ദീർഘകാല വിള ആയതുകൊണ്ടും, മേൽമണ്ണിൽക്കൂടി വേര് വളരെ ദൂരം സഞ്ചരിക്കുമെന്നതിനാലും, സൗകര്യമുള്ള പക്ഷം പറമ്പിൽ നടുന്നതാണ്‌ ഉത്തമം. വീടിനോട് ചേർന്ന് നട്ടാൽ ടെറസിൽ പന്തലിട്ടു പടർത്താൻ സാധിക്കും. 

വള്ളി നടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ഗ്രോ ബാഗ്‌/ചട്ടി നിറയ്ക്കാനുള്ള പോട്ടിങ് മിശ്രിതം റെഡിയാക്കണം. അല്ലെകിൽ നിലം ഒരുക്കണം. ഗ്രോ ബാഗ്‌ നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

ഗ്രോ ബാഗ് നിറയ്ക്കാനുള്ള പോട്ടിങ് മിശ്രിതത്തിൽ ചേർക്കാനുള്ള മേൽ മണ്ണ് ചരലും മറ്റും അരിക്കുവാനുപയോഗിക്കുന്ന നൈലോൺ വലകൊണ്ട് അരിക്കണം. ഒരു ഗ്രോ ബാഗിന് ഒരു ടേബിൾ സ്പൂൺ എന്ന കണക്കിന് കുമ്മായവും അതോടൊപ്പം ഒരു ടേബിൾ സ്പൂണ്‍ മുട്ടത്തോടിന്റെ പൊടിയും (മിക്സിയിൽ പൊടിച്ചത്) മണ്ണുമായി തിരുമ്മി ചേർക്കുക. ഈ സമയത്ത് മണ്ണിന് ചെറിയ ഈർപ്പം ഉണ്ടായിരിക്കണം. ഇത് രണ്ടു ദിവസം നന്നായി വെയിൽ കൊള്ളിക്കണം. ഇങ്ങനെ ചെയ്താൽ കുമിളും വട്ടരോഗം ഉണ്ടാക്കുന്ന ബാക്ടീരിയയും ഒരു പരിധി വരെ നശിക്കും. മണ്ണിനു കാത്സ്യം ലഭ്യമാകും മണ്ണിന്റെ അമ്ലതയും കുറയും. മുട്ടത്തോടിന്റെ പൊടി സാവധാനം മാത്രമേ കാത്സ്യം വിട്ടു കൊടുക്കൂ. ഇത് നമുക്കൊരു അനുഗ്രഹമാണ്. കാരണം മണ്ണിൽ അമ്ലത വർധിക്കുന്നതും സാവധാനത്തിലാണ്. 

ഈ മണ്ണ് ഒരു 10 ദിവസം ഈർപ്പം നിലനിർത്തി മൂടി ഇടുക. അതിനുശേഷം ഇനി ഇതിൽ കയ്യിൽ ഉള്ളത് പോലെ, മണ്ണിരക്കമ്പോസ്റ്റ്/കോഴി വളം/കമ്പോസ്റ്റ്/അഴുകിപ്പൊടിഞ്ഞ ചാണകം/ചാണകപ്പൊടി, മുതലായവയും (ഗ്രോബാഗിന്റെ 1/3 ഭാഗം മേൽപ്പറഞ്ഞ ഒന്നോ അതിൽ അധികമോ ജൈവവളം ആയിരിക്കണം) ചകിരിച്ചോർ കമ്പോസ്റ്റ്, ഉമി ഒരു ഗ്രോ ബാഗിന് 20-25 ഗ്രാം എന്ന തോതിൽ ട്രൈക്കോഡെർമ/സ്യൂഡോമൊണാസ്, അൽപം വേപ്പിൻ പിണ്ണാക്കും100 ഗ്രാം എല്ലുപൊടിയും ഒരു നുള്ള് ബോറാക്സ് പൗഡറും കരിയില പൊടിച്ചതും ചേർത്ത് നല്ലവണ്ണം പുതയിട്ട് തണലത്ത് മൂടി വയ്ക്കുക. 

ട്രൈക്കോഡെർമ/സ്യൂഡോമൊണാസിനൊപ്പം ചാരം ചേർക്കരുത്. ജൈവവളത്തിനൊപ്പം വേണം ട്രൈക്കോഡെർമ/സ്യൂഡോമൊണാസ് ചേർക്കാൻ. ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമേ ചേർക്കാൻ പാടുള്ളൂ. രണ്ടും ഒരുമിച്ചു ചേർത്താൽ അവ പരസ്പരം പ്രതി പ്രവർത്തിക്കും എന്ന് പറയപ്പെടുന്നു. ആവശ്യത്തിനു ജൈവ വളം ഇല്ലാത്ത ഗ്രോ ബാഗിൽ ട്രൈക്കോഡെർമ/സ്യൂഡോമൊണാസ് വേണ്ടത്ര ഫലം ചെയ്യത്തില്ല. പോട്ടിംഗ് മിശ്രിതം കുറേശേ വെള്ളം തളിച്ച് കൊടുത്ത് ഈർപ്പം നിലനിർത്തണം. പോട്ടിങ് മിശ്രിതത്തിൽ ട്രൈക്കോഡെർമ ചേർക്കുന്നതാണ് ഉത്തമം.

നിലം ഒരുക്കേണ്ടത്

ഒരു മീറ്റർ വ്യാസത്തിൽ ഒന്ന്–ഒന്നരയടി താഴ്ചയിൽ ഒരു കുഴി എടുക്കുക. കുഴിയിൽ അൽപം കുമ്മായം വിതറി രണ്ടു മൂന്ന് ദിവസം വെയിലു കൊള്ളാൻ അനുവദിക്കുന്നത് നന്നായിരിക്കും. കരിയില ഇട്ടു തീയിടുന്നതും കൊള്ളാം. 10 ദിവസങ്ങൾക്കു ശേഷം 10-15 കിലോ ജൈവവളവും മേൽ മണ്ണും കരിയില പൊടിച്ചതും, മറ്റു ചേരുവകളായ മുട്ടതോടിന്റെ പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ബോറാക്സ് പൗഡർ മുതലായവ നല്ല വണ്ണം കൂട്ടി കലർത്തിയ മിശ്രിതം കൊണ്ട് കുഴി മൂടുക. മേൽപ്പറഞ്ഞ ചേരുവകൾ ഗ്രോ ബാഗിനു നിർദ്ദേശിച്ചതിന്റെ ഇരട്ടി അളവിൽ വേണം. കുഴി മൂടി കഴിഞ്ഞാൽ നല്ല വണ്ണം പുതയിട്ട് ഒരാഴ്ച കൂളിംഗ് ടൈം കൊടുക്കുക. 

വള്ളിയുടെ 2 മുട്ട് മണ്ണിനടിയിൽ വരുന്ന വിധത്തിൽ നടാം. ഒരു കമ്പു നാട്ടി വള്ളി അതിൽ കെട്ടി വയ്ക്കുന്നതു നല്ലതാണ്. വേര് മുളയ്ക്കുന്ന സമയത്ത് വള്ളി ഇളകാൻ പാടില്ല. വള്ളി നട്ട ശേഷം നന്നായി നനയ്ക്കുക. പിന്നെടങ്ങോട്ടു മണ്ണിന്റെ ഈർപ്പം നിലനിര്ത്താൻ ആവശ്യമായ രീതിയിൽ വെള്ളം തളിച്ച് കൊടുക്കുക. ശക്തിയുള്ള ഒരു മുള മാത്രം വളരാൻ അനുവദിക്കുക. 

പന്തലിൽ പ്രവേശിക്കുന്നതുവരെ ഒറ്റ വള്ളിയെ പാടുള്ളൂ. വള്ളി പന്തലിൽ പ്രവേശിച്ചു കഴിഞ്ഞാൽ  10X10 പന്തൽ നിറയാൻ 30-40 ദിവസം മതിയാകും. 35-40 ദിവസത്തിനുള്ളിൽ വള്ളി പൂവിടാൻ ആരംഭിക്കും. പൂവിടുന്ന സമയം വരെ നൈട്രജൻ കൂടുതൽ ലഭിക്കുന്ന വിധത്തിലുള്ള വളപ്രയോഗമാണ് ചെയ്യേണ്ടത്. പൂവിടാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നീടങ്ങോട്ട് ഫോസ്ഫറസും പൊട്ടാഷും കൂടുതൽ ലഭിക്കുന്ന വിധത്തിലുള്ള വളപ്രയോഗമാണ് ചെയ്യേണ്ടത്. 

mulching
പ്രൂൺ ചെയ്തുമാറ്റുന്ന ഇലകൾ പുതയിടാൻ ഉപയോഗിക്കാം

നല്ല വിളവു ലഭിക്കാൻ പ്രൂണിംഗ് 

ത്വരിത ഗതിയിൽ വളരുന്ന (Vigorous vegetative growth) ഒരു വള്ളിച്ചെടിയാണ് കോവൽ. വള്ളികളുടെ ബാഹുല്യം വർധിക്കും തോറും കായ്‌കളുടെ എണ്ണം കുറയും. ഒരു മെത്ത പോലെ പന്തലിൽ വള്ളി തിങ്ങി നിറയാൻ ഒരിക്കലും അനുവദിക്കരുത്. പന്തലിൽ ഒറ്റ ലെയർ മാത്രം വള്ളികളേ അനുവദിക്കാവൂ. ഇതിനു നിരന്തരമായ പ്രൂണിംഗ് ആവശ്യമാണ്. പലപ്പോഴും ഇത് ഒരു ആഴ്ചയിൽ 2-3 തവണ എങ്കിലും ചെയ്യേണ്ടിവരും. പ്രൂണിംഗ് രണ്ടു തരത്തിൽ ആണ് ചെയ്യേണ്ടത്. 

  • അധികമുള്ള വള്ളികൾ ഉത്ഭവ സ്ഥാനത്തുനിന്നു മുറിച്ചു മാറ്റുക. പുതുതായി വരുന്ന നാമ്പുകൾ മാത്രമായി ഓടിച്ചു കളയരുത്. പുതിയ നാമ്പുകളിലാണ്‌ കായുണ്ടാവുന്നത് എന്ന് ഓർക്കുക.
  • പന്തലിന്റെ അടിയിൽ വെയിൽ ഏൽക്കാതെ നിൽക്കുന്ന ഇരുണ്ട പച്ച നിറമുള്ള മൂത്ത ഇലകൾ അടത്തിക്കളയുക. ഈ ഇലകൾ ഗ്രോ ബാഗുകളിൽ പുത ഇടാനോ പച്ചിലവളമായോ ഉപയോഗിക്കാം. ആദ്യം രോഗ വാഹികൾ ആകുന്നത് മൂത്ത ഇലകൾ ആണ്. 

പറമ്പിലാണ് കൃഷിയെങ്കിൽ 6 അടി വ്യാസത്തിൽ പുതയിട്ടു കൊടുക്കണം. ഗ്രോബാഗിൽ നന്നായി വെയിലത്തുണക്കിയ കരിയില പൊടിച്ച് പുത ഇടാവുന്നതാണ്. 

ഇങ്ങനെ പുതയിടുന്നതുകൊണ്ട് പല പ്രയോജനങ്ങൾ ഉണ്ട്. പുത 90% വരെ ബാഷ്പീകരണം തടയും. ദിവസംമുഴുവൻ മണ്ണിന്റെ ഈർപ്പം നില നിർത്തും. സൂക്ഷ്മാണുക്കളുടെ വളർച്ചയും പ്രവർത്തനവും ത്വരിതഗതിയിൽ ആകും. ഉണങ്ങിയ ഇലകൾ ക്രമേണ മണ്ണിൽ അലിഞ്ഞു ചേർന്ന് മണ്ണിന്റെ പോഷക മൂല്യം വർധിപ്പിക്കും. 

ജൈവ കൃഷിയിൽ ആവശ്യാനുസരണം പൊട്ടാഷിന്റെ ലഭ്യത ഉറപ്പു വരുത്താൻ ചില പ്രതിബന്ധങ്ങളുണ്ട്. ജൈവ പൊട്ടാഷായി കൈയെത്തും ദൂരത്തു നമുക്ക് ലഭിക്കുന്ന ഏക വസ്തു ചാരമാണ്. ചാരം സൂക്ഷ്മാണുക്കളെ ദോഷകരമായി ബാധിക്കും. സ്യൂ‍ഡോമൊണാസിനോപ്പം ചാരം ഉപയോഗിക്കാൻ പാടില്ല എന്നുള്ള നിർദ്ദേശം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ. ചാരത്തിന്റെ ദോഷഫലങ്ങൾ ഒന്നുമില്ലാതെ പൊട്ടാഷ് ലഭ്യമാക്കാൻ കരിയില ഉപകരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA