ADVERTISEMENT

കേരളത്തിന് തനതായ ഒരു കാര്‍ഷിക സംസ്കാരമുണ്ട്. അതിന്‍റെ ഭാഗമായി ഒരു ആരോഗ്യകരമായ വിത്ത് സംസ്ക്കാരവും ഉണ്ടായിരുന്നു. പഴമക്കാര്‍ തനതു ശൈലിയില്‍ ഓരോ പ്രദേശത്തും പ്രാദേശിക വിത്തുകള്‍ സംരക്ഷിച്ചുപോന്നിരുന്നു.

കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പ് ഇത്തരം പഴമക്കാരുടെ നാടന്‍ വിത്തുകളാണ് കൃഷിയെ നയിച്ചിരുന്നത്. പ്രാദേശികമായ സ്വീകാര്യത, ലഭ്യത, രോഗകീട പ്രതിരോധശേഷി എന്നിവ നാടന്‍ ഇനങ്ങളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു. അതാത് പ്രദേശത്ത് ഉരുത്തിരിഞ്ഞു വന്ന ഇനങ്ങളായതിനാല്‍ ജൈവവൈവിധ്യത്തിനും ഒരു മുതല്‍ക്കൂട്ടാണ് ഇത്തരം വിത്തുകള്‍. ഇത്തരം ഇനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് നെല്‍കൃഷിയിലാണെന്ന് കാണാം. തുടര്‍ന്ന് പച്ചക്കറികളിലും ഈ വിത്തുവൈവിധ്യം അനുഭവിച്ചറിയാം. ഉദാഹരണത്തിന് നാടന്‍ പച്ചമുളക് ഇനങ്ങളുടെ വൈവിധ്യം.

നാടന്‍ വിത്തുകള്‍ രോഗപ്രതിരോധശേഷി കാണിക്കുമെങ്കിലും കുറഞ്ഞ വിളവ് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടതിന്‍റെ പേരില്‍ കാര്‍ഷിക സര്‍വകലാശാലയുടേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടേയും ഗവേഷണഫലമായി അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങള്‍ ഓരോ വിളയിലും പ്രചാരത്തില്‍ വന്നു. ഇതില്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഒട്ടുമിക്ക ഇനങ്ങളും നാടന്‍ വിത്തിനങ്ങളില്‍നിന്ന് ഉരുതിരിച്ചെടുത്ത പ്രാദേശിക വിത്തിനങ്ങളാണ്. കഴിഞ്ഞ 10-25 വര്‍ഷങ്ങളായി ഇത്തരം ഇനങ്ങളാണ് കൃഷിയിടങ്ങളില്‍ വാണിരുന്നത്.

ഇന്നു കാര്‍ഷികമേഖലയിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി പൂര്‍ണമായും കാര്‍ഷിക സര്‍വകലാശാലയുടെ വിത്തിനങ്ങള്‍ മാത്രം ആശ്രയിച്ച് കൃഷിചെയ്യാന്‍ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പരിമിതിയുണ്ട്. കൃഷിഭൂമിയുടെ ലഭ്യതക്കുറവ്, കൃഷിക്കാരുടെ എണ്ണത്തിലുണ്ടായ കുറവ്, കൃഷി ലാഭകരമാക്കാനുള്ള ശ്രമം എന്നീ കാരണങ്ങള്‍ കര്‍ഷകരെ മറുനാടന്‍ അത്യുൽപാദനശേഷിയുള്ള എഫ്1 ഹൈബ്രീഡുകള്‍ കൃഷി ഇറക്കാന്‍ നിര്‍ബന്ധിതരാക്കി.

2000ന് ഇപ്പുറം ഇത്തരം ഇനങ്ങള്‍, പ്രത്യേകിച്ചു പച്ചക്കറി കൃഷിയില്‍ വ്യാപകമായി കര്‍ഷകര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മറുനാടന്‍ ഇനങ്ങളുടെ അത്യുൽപാദനശേഷി എന്ന ഒറ്റക്കാരണം മാത്രമാണ് പലപ്പോഴും കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഏക ഘടകം.

ആദ്യകാലഘട്ടങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കോ അനുബന്ധ വിത്തു ഗവേഷണ സ്ഥാപനങ്ങള്‍ക്കോ തരാന്‍ കഴിയാത്ത വിളകളിലെ വിത്തിനങ്ങളാണ് കര്‍ഷകര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് എല്ലാ വിളകളിലും എല്ലാ ഇനങ്ങളും പരീക്ഷിക്കാമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇതിന്‍റെ പ്രധാന കാരണം വിത്തിന്‍റെ ലഭ്യതയാണ്.

ഗ്രാമീണ തലത്തില്‍തന്നെ ധാരാളം വിത്തു വിൽപന സ്ഥാപനങ്ങള്‍ ഹൈബ്രിഡ് വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ആധികാരികതയും, വിത്തിനങ്ങളെ കുറിച്ചുള്ള അവരുടെ അറിവും കര്‍ഷകര്‍ക്ക് അവര്‍ക്കനുയോജ്യമായ വിത്തിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം എന്നിവയെല്ലാം ഒരു ചോദ്യചിഹ്നമാണെങ്കിലും ഇവരുടെ കാര്‍ഷികമേഖലയിലെ സാന്നിധ്യം ശ്രദ്ധേയമാണ്.

നാടന്‍, മറുനാടന്‍ (പ്രത്യേകിച്ച് ഇന്ത്യന്‍ പ്രൈവറ്റ് വിത്ത് കമ്പനികളുടെ ഇനങ്ങള്‍) വിത്തിനങ്ങള്‍ മാത്രമേ 2010 വരെ വന്‍തോതില്‍ പ്രചാരത്തിലുണ്ടാ യിരുന്നുള്ളൂ. അതിനുശേഷം വന്ന പോളിഹൗസ് കൃഷി, തുറന്ന കൃത്യതാ കൃഷി എന്നിവ കൂടുതല്‍ വിളവ് ലഭിക്കുന്ന വിത്തിനങ്ങളുടെ ഉപയോഗത്തിലേക്ക് കര്‍ഷകസമൂഹത്തെകൊണ്ടെത്തിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ഹൈബ്രിഡ് വിത്തിനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഇന്ന് ഓരോ വിളകളിലും പത്തും അതിലധികവും ഇനങ്ങള്‍ വിവിധ കമ്പനികളുടേതായി ലഭ്യമാണ്. പല ഇനങ്ങളും കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് യോജിച്ചതാവണമെന്നില്ല. ചില കമ്പനികള്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ക്ക് യോജിക്കുമെന്ന് ലേബലില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചു വാങ്ങണം. പുതിയ ഇനങ്ങള്‍ ചിലപ്പോള്‍ വളരുകയും നന്നായി ഫലപുഷ്ടി‌ പ്രദാനം ചെയ്യുമെങ്കിലും ആ ഇനങ്ങള്‍ കേരളത്തിലെ പച്ചക്കറി വിപണിയില്‍ സ്വീകാര്യമാവണമെന്നില്ല. ഉദാഹരണത്തിന് പാവല്‍ കടും പച്ച നിറമുള്ളത് നല്ല വിളവ് ലഭിക്കുമെങ്കിലും ഉപഭോക്താക്കള്‍ക്ക് സ്വീകാര്യത ഇല്ലാത്ത ഇനമാണ്. 

ലേബലിലെ ഇനത്തിന്‍റെ ചിത്രം കൊടുത്തത് പരിശോധിച്ച് ആ ഇനത്തിന്‍റെ വിത്തു തന്നെ യാണെന്ന് ഉറപ്പുവരുത്തി ഇത് ഒരു പരിധിവരെ പരിഹരിക്കാം. കൂടാതെ വിത്ത് വിൽപനക്കാരന്‍റെ അനുഭവസമ്പത്ത്, ഇത് മുമ്പ് ഉപയോഗിച്ച കര്‍ഷകരുമായി ആശയവിനിമയം എന്നിവ കര്‍ഷകരെ വിത്ത് തിരഞ്ഞെ ടുക്കാന്‍ സഹായിക്കും.

ഒരുകാര്യം ഓര്‍ക്കേണ്ടത്, പല വിത്തിനങ്ങളും കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിൽപനയ്ക്ക് എത്തുന്നതാണ്. കര്‍ഷകരുടെ ചെലവില്‍ അവരെ അറിയിക്കാതെ ഒരു മള്‍ട്ടി ലൊക്കേഷന്‍ ട്രൈയല്‍ വിള ബഹുതോട്ട പരീക്ഷണമാണ് പലപ്പോഴും നടക്കുന്നത്. ഇത് ചിലപ്പോഴൊക്കെ കര്‍ഷകന്‍റെ നടുവൊടിച്ചേക്കും. പല ഹൈബ്രിഡ് വിത്തിനങ്ങളും ഉറപ്പു നല്‍കുന്നത് 70-80% മുളയും അത്യുൽപാദനശേഷിയും മാത്രമാണ്.

ഒരു കമ്പനിയും രോഗപ്രതിരോധശേഷി കാര്യമായി എടുത്തുപറയാറില്ല. ഇതു പലപ്പോഴും കര്‍ഷകരെ സാമ്പത്തിക പരാധീനതയിലേക്കു നയിക്കും. അത്യുൽപാദനശേഷിയുള്ള പല വിത്തിനങ്ങളും നല്ല വിളവ് നല്‍കുമെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ കീടരോഗങ്ങള്‍ക്ക് നാടന്‍ ഇനങ്ങളേക്കാള്‍ കൂടുതല്‍ വിധേയമാവാറുണ്ട്. ഇത് കനത്ത കൃഷിനാശത്തിലേക്ക് നയിക്കാം. നല്ലൊരു ശതമാനം ചെലവും കഴിഞ്ഞിട്ടായിരിക്കും രോഗകീടങ്ങളുടെ വരവ് എന്നതിനാല്‍ നഷ്ടം കനത്തതായിരിക്കും. ഉദാഹരണത്തിന് വെണ്ടയിലും പാവലിലുമായി പത്തോളം വ്യത്യസ്ത കമ്പനികളുടെ ഇനങ്ങള്‍ ജനപ്രിയമായുണ്ട്. ഈ ഇനങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാല ഇനങ്ങളുമായുള്ള സാദൃശ്യവും, രുചിയും ഉപഭോക്തൃ സ്വീകാര്യതയുമാണ് ഇവയെ ജനപ്രിയമാക്കുന്നത്.

പക്ഷേ ഇത്തരം ഇനങ്ങള്‍ വേനല്‍ക്കാലങ്ങളില്‍ കുരുടിപ്പ് അഥവാ മൊസൈക്ക് രോഗം ബാധിച്ച് വിളവെടുപ്പ് പോലും നടത്താന്‍ കഴിയാത്ത അനുഭവങ്ങളുണ്ട്. മാത്രമല്ല, ചില ഇനങ്ങള്‍ ആദ്യത്തെ നാലു വര്‍ഷം വലിയ പ്രശ്നമൊന്നും കാണിക്കാതെ പിന്നീട് എല്ലാ സീസണിലും മൊസൈക്ക് പോലുള്ള വൈറസ് രോഗങ്ങള്‍ കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരേ ഇനം കൃഷി തുടര്‍ച്ചയായി ചെയ്യുന്നത് ആശ്വാസ്യമല്ല.

പല കമ്പനികളുടേയും പല ഇനങ്ങളുടേയും പേരുകള്‍ തമ്മില്‍ സാദൃശ്യമുണ്ട്. ഇത് പലപ്പോഴും തെറ്റായ ഇനങ്ങള്‍ കര്‍ഷകര്‍ വാങ്ങുന്നതിലും അതു വഴി നഷ്ടത്തിലേക്കു നയിക്കും. ഉദാഹരണത്തിന് കുറ്റിപ്പയറില്‍ അത്യുൽപാദന ശേഷിയുള്ള ഇനം വിത്ത് വാങ്ങാന്‍ പോയ കര്‍ഷകന്‍ പേരുകളിലെ ഈ സാദൃശ്യംമൂലം പയറിന്‍റെ ഇനം വാങ്ങുകയും അദ്ദേഹം അത് വളരെ വൈകി മനസിലാക്കി അത് കൃഷി രീതിയെതന്നെ ബാധിച്ച് വിളവ് കുറഞ്ഞ സംഭവങ്ങള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. സ്വകാര്യ കമ്പനികളുടെ ഇന ങ്ങളായതിനാല്‍ പേര് പരാമര്‍ശിക്കുന്നതില്‍ പരിമിതിയുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ എഴുതാന്‍ നിര്‍വാഹമില്ല.

വെണ്ട, പയര്‍, പാവല്‍ എന്നീ പച്ചകറികളിലൊഴികെ മറ്റ് വിളകളില്‍ കാര്യമായി ഹൈബ്രിഡ് ഇനങ്ങള്‍ നാടന്‍ കൃഷിരീതിയില്‍ വേണ്ടിവരാറില്ല. ആധുനിക കൃഷിരീതികളായ തുറന്ന കൃത്യതാകൃഷിക്ക് പോളിഹൗസിനും പച്ചമുളക്, സാലഡ് കുക്കുമ്പര്‍, തക്കാളി എന്നിവകൂടി പരീക്ഷിക്കാവുന്നതാണ്. (പോളി ഹൗസുകൾ പരാജയമാണ് എന്ന് അറിയുക )

തക്കാളിയില്‍ വള്ളി വീഴുന്ന ഇനമാണോ, കുറ്റി ഇനമാണോ എന്ന് ഉറപ്പുവരുത്തണം. പച്ചമുളകിലും ഉപഭോക്തൃ സ്വീകാര്യത ഉറപ്പിക്കണം.

തക്കാളി, പച്ചമുളക്, ബജി മുളക്, കാപ്സിക്കം, വഴുതന ഇനങ്ങളിലെ പ്രധാന പ്രശ്നം വിളവെടുക്കാറാവുമ്പോള്‍ വരുന്ന ബാക്ടീരിയ വാട്ടം ആണ്. ഇതിന് ഗ്രാഫ്റ്റ് ചെയ്ത ഇനങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഉപയോഗിച്ച് പ്രതിരോധിക്കാം. അത്യുൽപാദനശേഷിയുള്ള സ്വകാര്യ കമ്പനികളുടെ ഇനങ്ങളിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത് എന്നതിനാല്‍ സ്വീകാര്യത കൂടുതലാണ്.

പോളിഹൗസുകളില്‍ പറ്റുന്ന ഇനങ്ങള്‍ തുറന്ന കൃത്യത കൃഷിയില്‍ വിജയിക്കണമെന്നില്ല. നേരെ മറിച്ചും ഇതു സംഭവിക്കാം.

വിത്തിന്‍റെ വില പലപ്പോഴും പല കടകളിലും വ്യത്യസ്തമായിരിക്കും. കൂടുതല്‍ വിത്ത് ആവശ്യമുള്ളവര്‍ പൊള്ളാച്ചി പോലുള്ള സ്ഥലങ്ങളിലെ മൊത്തവിതരണക്കാരെ ബന്ധപ്പെട്ടാല്‍ വില ഗണ്യമായി കുറയും. 

വിത്ത് വാങ്ങുമ്പോള്‍ ലേബലിലെ കാലാവധി പരിശോധിക്കണം. വലിയ വിലകൂടിയ ഇനം വിത്തുകളായതിനാല്‍ പരിശോധന വന്‍നഷ്ടങ്ങളില്‍ നിന്നും സംരക്ഷിക്കും.

വിത്ത് ഗവേഷണത്തിലും വില്‍പ്പനയിലും പ്രശസ്തരായ ഇന്ത്യന്‍ കമ്പനികളുടെ വിത്ത് പരിശോധിച്ച് വാങ്ങുക.

പലപ്പോഴും പല പ്രശസ്ത കമ്പനികളുടേയും ഒരിനം മത്രമായിരിക്കും കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വീകാര്യമാവുക.

പലപ്പോഴും ലേബലുകള്‍ ഇംഗ്ലീഷിലും സാങ്കേതിക ഭാഷയിലും ആയതിനാല്‍ കാര്യങ്ങള്‍ വിത്ത് വാങ്ങുംമുമ്പ് ചോദിച്ച് മനസിലാക്കണം. പലപ്പോഴും ലേബലിലെ ചിത്രങ്ങളാവും വിത്ത് വിൽപനക്കാരനും കര്‍ഷകനും മനസിലാക്കാനുള്ള സാധ്യത.

കേരളത്തിലും ഇന്ത്യയിലൊട്ടാകെ വിത്ത് വില്‍ക്കുന്നത് 1966 വിത്ത് നിയമം അനുസരിച്ചാണ്. കുറച്ചൊക്കെ കടുകട്ടിയല്ലാത്ത ഈ നിയമത്തിന്‍റെ പരിമിതി മനസിലാക്കി സര്‍ക്കാര്‍ 2004ല്‍ വിത്ത് ബില്‍ അവതരിപ്പിച്ചിരുന്നു. വിത്ത് വിൽപനയിലെ നിയമലംഘനത്തിനുള്ള പിഴയും ശിക്ഷയും വളരെ ചെറുതും ലളിതവുമായിരുന്നത് മാറ്റുന്നതും വിദേശരാജ്യങ്ങളിലെ ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളും വ്യക്തമായി രൂപപ്പെടുത്തുന്നതിനും 2004 വിത്തു ബില്‍ സഹായകരമായിരുന്നു. പക്ഷേ, ഇന്നും വിത്തുകമ്പനികളുടെ ലേബലില്‍ 1966 വിത്ത് നിയമത്തിന് അനുസൃതമായ പാക്കിങും ലേബലിങുമാണ് പ്രാബല്യത്തിലുള്ളത്.

ഇത് വിത്ത് സംബന്ധമായ കോടതി ഇടപാടുകളില്‍ കമ്പനികള്‍ക്ക് അനുകൂലമാവും എന്നതിനാല്‍ അവ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പരിമിതമാണ്. ഒരർഥത്തില്‍ വലിയ ഒരളവുവരെ നല്ല വിളവ് കൊടുത്ത് കര്‍ഷകനെ സംരക്ഷിക്കാനും ഈ ഇനങ്ങള്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ, പോളിഹൗസ് കൃഷി വ്യാപകമായതോടെ പോളിഹൗസിലേക്ക് മാത്രമായി എന്ന പേരില്‍ വിദേശരാജ്യങ്ങളായ തായ്യവാന്‍, തുര്‍ക്കി, നെതര്‍ലൻഡ്സ്, മറ്റു യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ധാരാളം വിത്തിനങ്ങള്‍ കേരളത്തില്‍ നിത്യേന എത്തുന്നു. വിത്ത് നിയമങ്ങളുടെ പോരായ്മകള്‍ മറപിടിച്ചോ അറിവില്ലായ്മ കൊണ്ടോ വളരെ ലാഘവത്തോടെ ബാഗിലും പോക്കറ്റിലും ഇട്ട് വിദേശ മലയാളികള്‍ വഴിയാണ് എയര്‍പോര്‍ട്ടിലൂടെ അധികം ഇനങ്ങളും എത്തിച്ചേരുന്നത്.

വിത്തില്‍ വിദേശരാജ്യങ്ങളിലെ രോഗകീടബാധ ഇല്ല എന്ന് ഉറപ്പുവരുത്തുന്ന ഒരു സര്‍ട്ടിഫിക്കറ്റ് (ഫൈറ്റോ സാനിറ്ററി സര്‍ട്ടിഫിക്കറ്റ്) ലഭ്യമാക്കിയശേഷം മാത്രം ചെയ്യേണ്ട ഈ നടപടി യാതൊരു നടപടികളുമില്ലാതെ ഇന്ന് സംസ്ഥാനത്ത് എത്തുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. ഇത് രാജ്യഭക്ഷ്യ സുരക്ഷയ്ക്കു വരെ ഭീഷണിയാണ്. ഉദാഹരണത്തിന് ഇന്നു കേരളത്തില്‍ പ്രചുരപ്രചാരം നേടുന്ന ഒരിനം പപ്പായ തായ്‌വാനിലെ ഒരു കമ്പനി ഉൽപാദിപ്പിക്കുന്നതാണ്. ഈ ഇനം ഇവിടെ എത്തുമ്പോള്‍ തായ്‌വാനിലുള്ളതും ഇന്ത്യയില്‍ ഇല്ലാത്തതുമായ ഏതെങ്കിലും ബാക്ടീരിയയോ, വൈറസോ വിത്ത് ജന്യമായി ഇവിടെ എത്തുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ ഫൈറ്റോ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. വന്‍വിളവും സ്വീകാര്യതയും തരുന്ന ഇനമാണെങ്കിലും ഈ വിത്തിനം വേണ്ടത്ര ശ്രദ്ധയില്ലാതെയും പരിശോധിക്കാതെയും ഇറക്കുമതി ചെയ്യുന്നത് ഭാവിയില്‍ പപ്പായ കൃഷിയുടെ ഭാവിയെ തന്നെ ബാധിച്ചേക്കാം.

വിദേശരാജ്യങ്ങളില്‍നിന്നും വിത്ത് ഇവിടെ എത്തിച്ചുകൊടുക്കുന്ന സുഹൃത്തുക്കളെ അവര്‍പോലുമറിയാതെ ഒരു വലിയ വിപത്തിന്‍റെ മൂല്യകാരണമാവാം. ഇന്ന് രാജ്യങ്ങളുടെ വളര്‍ച്ചയെ പരിമിതപ്പെടുത്താന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമായി ബയോടെററിസം അഥവാ ജൈവതീവ്രവാദം എന്ന വിപത്താണ് അത്.

ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളിലെ മണ്‍തരിപോലും സ്വന്തം രാജ്യത്ത് മേല്‍കാരണങ്ങള്‍ മൂലം കടത്താന്‍ അനുവദിക്കാത്തപ്പോഴാണ് നമ്മുടെ രാജ്യത്ത് ഈ അയഞ്ഞ അവസ്ഥ. പാര്‍ലമെന്‍റില്‍ പാസാക്കാനിരിക്കുന്ന ബയോസെക്യൂരിറ്റി ബില്ലും അതിനോടനുബന്ധിച്ച് എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും കീടരോഗ പ്രതിരോധ ഉദ്യോഗസ്ഥരുടെ പരിശോധനയും സജ്ജമാക്കുന്നതോടെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഏതൊരു പുതിയ വിത്തിനവും നമ്മുടെ പ്രദേശത്തു കൊണ്ടുവന്ന് ആദ്യമായി കൃഷി ചെയ്യുന്നത് ഇന്നത്തെ സാഹചര്യത്തില്‍ കര്‍ഷകര്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന റിസ്ക്ക് ആണ്. ഈ പരീക്ഷണം ചിലപ്പോള്‍ നിങ്ങളെ വളര്‍ത്തിയേക്കാം. ചിലപ്പോള്‍ തളര്‍ത്തിയേക്കാം. അതുകൊണ്ട് കരുതിയിരിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT