ADVERTISEMENT
  1. വിത്തിനു വേണ്ടിയുള്ള നെല്ല് പ്രത്യേകം കൃഷി ചെയ്യുക. അവിടെ രാസവളവും രാസകീടനാശിനിയും കഴിവതും ഒഴിവാക്കുക.
  2. നെൽവിത്ത് 7 ദിവസം ഉണക്കിയാൽ രണ്ടു കൃഷിക്കും ഉപയോഗിക്കാം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നെല്ലും പതിരും  വിതയ്ക്കാൻ ഉപയോഗിക്കരുത്.
  3. മെതിച്ച നെല്ല് കൂട്ടിയിടുമ്പോൾ ഏറ്റവും അടിയിലെ നെല്ല് വിത്തിനെടുക്കരുത്. ഇതിനു കിളർപ്പുശേഷി കുറയും.
  4. തലമണി നെല്ലാണു വിത്തിനു നല്ലത്. കറ്റ ഒന്നോ രണ്ടോ തവണ അടിക്കുമ്പോൾ  ഉതിരുന്നതാണ് തലമണി നെല്ല്. കറ്റകൾ അടുക്കിവയ്ക്കും മുൻപ് പായയിലിടുക. അപ്പോൾ ഉതിരുന്നതാണ് തല നെല്ല്.
  5. ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഒരു കോഴിമുട്ട അതിലിടുക.  മുട്ട പൊങ്ങി വരുന്നതുവരെ ഉപ്പു ചേർക്കുക. ഈ വെള്ളത്തിൽ വിത്തു മുക്കിവച്ചശേഷം വിതച്ചാൽ കൂടുതൽ എണ്ണം മുളയ്ക്കും.
  6. 50 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ വിത്ത് 10 മിനിറ്റ് മുക്കിവയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ 24 ണിക്കൂർ മുക്കിയിടുക. അതിനുശേഷം ചണച്ചാക്കിൽ കെട്ടി 24മണിക്കൂർ വച്ചിട്ടു പാകിയാൽ കൂടുതൽ എണ്ണം മുളയ്ക്കും.
  7. മുള കുറവുള്ള വിത്തുകൾ അൽപം ചൂടുള്ള വെള്ളത്തിൽ മുക്കിയെടുത്തു വച്ചാൽ നന്നായി കിളിർക്കും
  8. വിത്തു വിതയ്ക്കുന്നതിന് ഒരാഴ്ച മുൻപ് വെയിലത്തിട്ടു ചൂടാക്കിയാൽ കൂടുതലെണ്ണം മുളയ്ക്കും.
  9. നെൽവിത്തു മുളപ്പിക്കുമ്പോൾ സന്ധ്യയ്ക്കു വിത്ത് വെള്ളത്തിലിട്ടാൽ പിറ്റേന്ന് ഉച്ചയോടുകൂടി വാരി കൈവെള്ളകൊണ്ട് അമർത്തി പൊത്തുക. വിത്തിനു മുകളിൽ ഭാരം കയറ്റിവയ്ക്കാതെ തന്നെ മൂന്നാം ദിവസം മുളയ്ക്കും.
  10. നെൽവിത്ത് ചെളിപ്പാടത്തു വിതയ്ക്കുമ്പോൾ മുളപ്പിച്ചു വിതയ്ക്കേണ്ടതില്ല. വെറുതെ വിതറിയാൽ മതി. വിതച്ചു പിറ്റേന്ന് വെള്ളം വറ്റിച്ചാൽ നന്ന്. അല്ലെങ്കിൽ ഒൻപതാം നാൾ വെള്ളം വറ്റിക്കുക.
  11. കിളിർക്കാത്ത നെൽവിത്ത് 8 മണിക്കൂർ വെള്ളത്തിലിടുക. പിന്നീട് നന്നായി ഉണക്കുക. ഇനി കിളിർത്തുകൊള്ളും.
  12. കൊയ്ത്തു കഴിഞ്ഞ് നെല്ല് അടിച്ചു പൊഴിക്കുമ്പോൾ അടുത്തായി വീഴുന്ന മണികൾ മാത്രം ശേഖരിച്ച് 14 മണിക്കൂർ ഉണക്കുക. അപ്പോൾ വിത്തു പൊളിച്ചാൽ അരിമണിക്കുള്ളിൽ മധ്യത്തായി വെളുത്ത വര കാണാനാകും. ഈ വിത്ത് മൺകലങ്ങളിൽ  നിറച്ച് ഉപരിതലത്തിൽ വൈക്കോൽപൊടി വിതറി സൂക്ഷിക്കുക. വൈക്കോൽ പൊടി അരംപോലെ ഇരിക്കുന്നതിനാൽ സംഭരണകീടങ്ങൾ വിത്തിനെ ആക്രമിക്കില്ല. വിത്തിൽ ഈർപ്പം കടക്കുന്നതും തടയും. ഇത്തരം വിത്ത് ഒരു വർഷത്തിനകം പാകാം. നന്നായി മുളയ്ക്കും.
  13. നല്ല ദൃഢതയും മുഴുപ്പുമുള്ള വിത്താണു വിതയ്ക്കാൻ നല്ലത്. വിത്തു വട്ടിക്കു കാറ്റത്തെറിഞ്ഞ് നെല്ലൊരുക്കുമ്പോൾ അടുത്തു വീഴുന്ന കനമുള്ള നെന്മണികൾ വിത്തിനു പറ്റിയതാണ്. ഇതു നന്നായി പാറ്റിയെടുത്തു സൂക്ഷിക്കാം. മറ്റൊരിടത്തുനിന്നു വാങ്ങിയ വിത്താണെങ്കിൽ ശുദ്ധജലത്തിൽ ഉപ്പു ലയിപ്പിച്ചതിൽ വിത്തിടുക. പൊങ്ങിക്കിടക്കുന്നവ നീക്കി താഴ്ന്നവ മാത്രം ശേഖരിക്കുക. ഇതു വീണ്ടും ശുദ്ധജലത്തിൽ കഴുകിയെടുത്തു വിത്തായി ഉപയോഗിക്കാം.
  14. നന്നായി ഉണങ്ങിയ നെൽവിത്തിനെ മാമ്പൂ കാണിക്കണമെന്ന് പാലക്കാട്ടുകാർ പറയുന്നു. വിഷു കഴിഞ്ഞ് ഒരു രാത്രി മഞ്ഞു കൊള്ളിക്കണമെന്നാണ് ഇതിനർഥം. ഈ വിത്ത് കേടാകാതെ ഒരു വർഷം വരെ സൂക്ഷിച്ചു വയ്ക്കാം.
  15. ഉങ്ങിന്റെയോ വേപ്പിന്റെയോ ഇല വിത്തു വയ്ക്കുന്ന വല്ലോട്ടിയുടെ ചുവട്ടിലും മധ്യത്തിലും മീതെയും വച്ചാൽ വിത്തിനെ പാറ്റ ആക്രമിക്കില്ല.
  16. ഞാറ്റടി നിരപ്പാക്കിയശേഷം വെള്ളം വാർത്തു കളയുക. വെള്ളം പോകാതെ കെട്ടിനിൽക്കുന്നുണ്ടെങ്കിൽ അതുകൂടി വാർന്നു പോകാനുള്ള സൗകര്യം ഉണ്ടാക്കുക. ശേഷം 12 മണിക്കൂർ നേരം വെയിലും കാറ്റുംകൊണ്ട് മണ്ണ് അൽപം ഉറയ്ക്കാൻ അനുവദിക്കുക. പിന്നീട് വെള്ളം കയറ്റി 24 മണിക്കൂർ വെള്ളത്തിലിട്ട നെൽവിത്ത് വിതയ്ക്കുക. ഒരു ഏക്കർ നടാൻ പത്തു കിലോ മുതൽ 22 കിലോ വരെ വിത്തു മതി.

English summary: Paddy Seed Production Techniques

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT