ADVERTISEMENT

ഏതു കിഴങ്ങുവർഗവിളകളെപ്പോലെയും അന്നജ സമ്പുഷ്ടമായ കൂര്‍ക്കയില്‍ മാംസ്യം, ധാതുലവണങ്ങൾ എന്നിവ കൂടി അടങ്ങിയിട്ടുണ്ട്.  വിളവെടുത്തതിനുശേഷം 1-2 മാസംവരെ  കേടുകൂടാതെ സൂക്ഷിക്കാം. കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കു യോജിച്ച വിളയാണ്. നല്ല അയവും വളക്കൂറുമുള്ള ഏതുതരം മണ്ണിലും കൃഷിചെയ്യാം, നീർവാർച്ച ഉറപ്പുവരുത്തണം. 

നടീൽകാലം ജൂലൈ മുതൽ ഒക്ടോബർ വരെ ആണെങ്കിലും ഈ മാസം നടുന്നതാണ് യോജ്യം.  ശ്രീധര, നിധി, സുഫല എന്നിവ ‌മുന്തിയ ഇനങ്ങൾ. ഇവയില്‍ ശ്രീധര, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയും പുറത്തിറക്കിയതാണ്. പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന ഗുണമേന്മയുള്ള നാടന്‍ ഇനങ്ങളും ഉണ്ട്. തലപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ആവശ്യത്തിനുള്ള തലപ്പുകൾ ലഭിക്കുന്നതിനായി വിത്തുകിഴങ്ങുകൾ തവാരണയിൽ ഒരു മാസം മുൻപ് പാകി വളർത്തണം. 2.5 ചതുരശ്ര മീറ്റര്‍ സ്ഥലത്തുനിന്ന് ഒരു സെന്‍റിലേക്ക് നടാനുള്ള തലപ്പുകള്‍ ലഭിക്കും. ഒരു സെന്റിലേക്ക് നടാനുള്ള നഴ്സറി തയാറാക്കാന്‍  0.5-1 കിലോ കിഴങ്ങുകള്‍ മതി. നടാൻ തിരഞ്ഞെടുക്കുന്ന വിത്തുകിഴങ്ങുകൾ ഗുണമേന്മയുള്ളതായിരുന്നാൽ പുഷ്ടിയുള്ളതും കീട, രോഗ പ്രതിരോധ ശേഷിയുള്ളതും ആരോഗ്യമുള്ളതുമായ തലപ്പുകൾ ലഭിക്കും. കിഴങ്ങുകള്‍ 20-30 സെ. മി. അകലത്തിലാണു നടേണ്ടത്. വള്ളിത്തലപ്പുകൾ നന്നായി വളർന്ന ശേഷം തവാരണയിൽനിന്ന് 10-15 സെ. മി. നീളത്തിലുള്ള ഇളം തലപ്പുകൾ നുള്ളിയെടുത്ത് നടാം. പുഷ്ടിയുള്ള തലപ്പുകള്‍ ലഭിക്കാനായി വിത്തുപാകുന്ന തവാരണയില്‍ ആവശ്യമായ അളവില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. 

പ്രധാന കൃഷിസ്ഥലത്ത് 90-120 സെ. മി. വീതിയും 20-25 സെൻറീമീറ്റർ ഉയരവുമുള്ള വാരങ്ങൾ ഉണ്ടാക്കി കാലിവളം അടിവളമായി ചേർത്തിളക്കി 25-30 സെ.മി. അകലത്തില്‍ തലപ്പുകൾ നടാം. വാരങ്ങള്‍ തമ്മില്‍ 45-60 സെ.മി. അകലം വേണം. അടിവളമായി സെന്റ് ഒന്നിന് 40 കിലോ കാലിവളമോ കമ്പോ സ്റ്റോ ചേർക്കാം. കൂടാതെ, 260 ഗ്രാം യൂറിയ, 1200 ഗ്രാം രാജ്ഫോസ്, 330 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. അടിവളത്തിനോടൊപ്പം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് കൂർക്കയുടെ പ്രധാന ശത്രുവായ നിമാവിരയെ തുരത്താന്‍ സഹായിക്കും. വിളവെടുപ്പിനുശേഷം ഉണങ്ങിയ വള്ളിപടര്‍പ്പുകളും മറ്റും കത്തിച്ചുകളയുന്നത് നിമാവിരബാധ കുറയ്ക്കും. നിമാവിരയുടെ സാന്നിധ്യമുള്ള കൃഷിസ്ഥലങ്ങളില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി.

തലപ്പുകൾ നട്ട് 45 ദിവസം കഴിയുമ്പോൾ കളകള്‍ പറിച്ചശേഷം മേൽവളമായി സെന്റ് ഒന്നിന് 260 ഗ്രാം യൂറിയ 330 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. കൂർക്കക്കൃഷിയിൽ കളയെടുക്കലും മണ്ണുകൂട്ടിക്കൊടുക്കലും വളരെ പ്രാധാന്യമർഹിക്കുന്നു. ഇവ യഥാസമയം ചെയ്തില്ലെങ്കിൽ വിളവു കുറയും.  മണ്ണിളക്കി കൂട്ടികൊടുക്കുന്നത് കിഴങ്ങുകൾ ധാരാളം ഉണ്ടാകാനും കിഴങ്ങുകള്‍ വലുപ്പം വയ്ക്കാനും സഹായിക്കും. മധ്യ മൂപ്പെത്തിയ കിഴങ്ങുകള്‍ക്ക് നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് കിഴങ്ങിന്റെ വളര്‍ച്ചയെയും ഗുണത്തെയും ബാധിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ മണ്ണു കൂട്ടിക്കൊടുക്കുക. കാര്യമായ രോഗ, കീടബാധയില്ല. 

നാല്–അഞ്ചു മാസത്തിനുശേഷം ഇലകൾ മഞ്ഞളിച്ച് തുടങ്ങുമ്പോൾ വിളവെടുക്കാം.  ഉണങ്ങിത്തുടങ്ങുന്ന വള്ളി  നീക്കം ചെയ്ത് വാരങ്ങൾ കിളച്ചിളക്കി കിഴങ്ങുകൾ മുറിവുകൾ ഉണ്ടാക്കാതെ വേർതിരിച്ചെടുക്കണം. ഒരു സെന്‍റിൽ 40-80 കിലോവരെ കിഴങ്ങുകൾ ലഭിക്കും.

വിലാസം: അസിസ്റ്റന്റ് പ്രഫസർ, ടെക്നിക്കല്‍ അസിസ്റ്റന്റ്, കാർഷിക ഗവേഷണകേന്ദ്രം, കല്ലുങ്കല്‍ പി. ഒ.,  തിരുവല്ല. വാട്സാപ്പ്: 8547106671

English summary: Chinese Potato Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT